HOME
DETAILS

യാസീൻ മാലിക്: ശിക്ഷയും കുറ്റസമ്മതവും

  
backup
May 27 2022 | 20:05 PM

846532-4563-2022

ഡൽഹി നോട്സ്
കെ.എ സലിം

യാസീൻ മാലിക്കിനെ ആദ്യമായി കാണുന്നത് 2005ൽ മൈസൂമയിലെ ജെ.കെ.എൽ.എഫ് ഓഫിസിൽവച്ച് ഒരു സംഘം വിദേശ മാധ്യമപ്രവർത്തകരുടെ സംഘത്തിനൊപ്പമാണ്. 1980കളുടെ അവസാനത്തിൽ കശ്മിരിനെ വിറപ്പിച്ച ഗറില്ലാ പോരാട്ടത്തിന് നേതൃത്വം നൽകിയ ജെ.കെ.എൽ.എഫ് നേതാവ്. അക്കാലത്തെ വാർത്തകളിൽ എന്നുമുണ്ടായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാസീനെ കാണാൻ പോകുന്നുവെന്ന അതിയായ ആവേശത്തിലായിരുന്നു ഓരോരുത്തരും. മൈസൂമയിലെ ഇടുങ്ങിയ തെരുവുകളിലൊന്നിൽ പഴയൊരു കെട്ടിടത്തിലാണ് ജെ.കെ.എൽ.എഫിന്റെ ഓഫിസ്. മൈസൂമ ഇടുങ്ങിയ തെരുവുകളുള്ള പുരാതന വാണിജ്യകേന്ദ്രമാണ്. ശ്രീനഗറിന്റെ ഹൃദയഭാഗമായ ലാൽചൗക്കിന്റെ ഹൃദയമാണ് മൈസൂമ. 1988ലെ കശ്മിർ സായുധ സമരത്തിന്റെ പ്രഭവകേന്ദ്രമാണ് ഈ തെരുവ്. ഓരോ സംഘർഷ കാലത്തും മൈസൂമയിലേക്ക് പോകരുതെന്ന് കശ്മിരി സുഹൃത്തുക്കളുടെ ഉപദേശം കിട്ടും. അവിടെ എപ്പോഴാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതെന്ന് പറയാനാവില്ല.


ലാൽചൗക്ക് ചത്വരത്തിൽനിന്ന് ഒരു വശത്തേക്ക് തിരിഞ്ഞാൽ ഗാവാകദൽ പാലം കാണാം. 1990 ജനുവരി 21ന് സമാധാനപരമായി നടന്നുവരുന്ന സമരക്കാർക്ക് നേരെ സി.ആർ.പി.എഫ് ഒരു വശത്ത് ഈ പാലം അടച്ചു നിറയൊഴിച്ചതാണ് കശ്മിരിലെ പ്രശസ്തമായ ഗാവാകദൽ കൂട്ടക്കുരുതി. 50ലധികം പേർ കൊല്ലപ്പെട്ട ആ സംഭവമാണ് ഇവിടെ സായുധസമരം ശക്തമാകാൻ കാരണമായത്. പാലത്തിനപ്പുറത്ത് അന്ന് കൊല്ലപ്പെട്ടവർക്കായി സ്മാരകമുണ്ട്. അതും മൈസൂമയിൽത്തന്നെയാണുള്ളത്. അന്നത്തെ കൂട്ടക്കൊലയെ അതിജീവിച്ചവർ ഇപ്പോഴും താഴ്‌വരയിൽ ജീവിച്ചിരിപ്പുണ്ട്. ജെ.കെ.എൽ.എഫിന്റെ ഓഫിസിൽ പരമ്പരാഗത കശ്മിരി പരവതാനി വിരിച്ചൊരു മുറിയിൽ പത്താനി സ്യൂട്ട് ധരിച്ച് തളർന്ന കണ്ണുകളുള്ള മെലിഞ്ഞ മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു. അതായിരുന്നു യാസീൻ മാലിക്. തെരുവിൽ ഒറ്റയ്ക്ക് കണ്ടുമുട്ടിയാൽ അയാളെ തിരിച്ചറിയാൻ പോലുമാകില്ല.


മാധ്യമപ്രവർത്തകരെ പരിചയപ്പെട്ട യാസീൻ കൂടുതലൊന്നും സംസാരിച്ചില്ല. ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിൽ മാത്രം മറുപടി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഡൽഹിയിലെ ജന്തർ മന്ദറിൽ ആരാലും തിരിച്ചറിയാതെ കറുത്ത പത്താൻ സ്യൂട്ടും ധരിച്ചു പുകവലിച്ചു തനിയെ നിൽക്കുന്ന യാസീനെ കണ്ടു. അന്ന് അവിടെ നടക്കുന്ന കശ്മിരുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ആരും തിരിച്ചറിയുന്നില്ലെന്ന ഉറപ്പിലായിരുന്നു അദ്ദേഹം. പരിപാടിയുടെ സംഘാടകർപോലും എത്തിയിരുന്നില്ല. യാസീനാണെന്ന് ഉറപ്പിക്കാൻ ഒന്നുകൂടി നോക്കിയപ്പോൾ തല താഴ്ത്തി. പതിയെ അവിടെ നിന്ന് നടന്നുനീങ്ങി. അപ്പോഴേക്കും ഏതാനും മാധ്യമപ്രവർത്തകർ കൂടിയെത്തുകയും വളയുകയും ചെയ്തു. രണ്ടു വാക്കു മാത്രം അവരോട് സംസാരിച്ച് പെട്ടെന്ന് ഒരു ഓട്ടോയിൽക്കയറി അദ്ദേഹം അപ്രത്യക്ഷനായി.


യാസീൻ പിന്നീട് പലപ്പോഴായി ഡൽഹിയിൽ വന്നിരിക്കണം. ഒരിക്കൽക്കൂടി അയാൾ ഡൽഹിയിൽ വാർത്തകളിൽ നിറയുന്നത് 2016-17ലെ കശ്മിർ ഭീകരവാദ ഫണ്ടിങ് കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോഴാണ്. 121ാം വകുപ്പ് (ഇന്ത്യ സർക്കാരിനെതിരേ യുദ്ധം ചെയ്യുക) പ്രകാരം ജീവപര്യന്തം തടവും 10,000 പിഴയും, തീവ്രവാദ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിച്ചതിന് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും, ക്രിമിനൽ ഗൂഢാലോചനയിൽ 10 വർഷം തടവും 10,000 പിഴയും, 121എ പ്രകാരം ചെയ്ത കുറ്റത്തിന് 10 വർഷം തടവും 10,000 പിഴയും, യു.എ.പി.എ 15ാം വകുപ്പ് പ്രകാരം 10 വർഷം തടവ്, ഭീകരസംഘത്തിൽ അംഗമായതിന് 10 വർഷം തടവും 10,000 പിഴയും, ഗൂഢാലോചനയ്ക്ക് 10 വർഷം തടവും 10,000 പിഴയും, യു.എ.പി.എ 13ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് 5 വർഷം തടവ്, തീവ്രവാദ സംഘടനയ്ക്ക് നൽകിയ പിന്തുണയുമായി ബന്ധപ്പെട്ട കുറ്റത്തിന് 5 വർഷം തടവും 5,000 പിഴയും എന്നിങ്ങനെയാണ് ശിക്ഷ.


1996ൽ മൈസൂമയിലായിരുന്നു യാസീന്റെ ജനനം. യുവാവായപ്പോൾ കശ്മിരിലെ പ്രതിഷേധ പരിപാടികളിൽ സജീവമായിരുന്നു അദ്ദേഹം. 1984ൽ ജെ.കെ.എൽ.എഫ് സ്ഥാപകൻ മഖ്ബൂൽ ഭട്ടിനെ തൂക്കിക്കൊന്നതിനെതിരേ നടത്തിയ പ്രതിഷേധത്തോടെയാണ് കശ്മിരിൽ അറിയപ്പെടുന്ന നേതാവാകുന്നത്. 1987ലെ തെരഞ്ഞെടുപ്പിൽ ആമിറാ കദലിൽ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ടിന് വേണ്ടി മത്സരിച്ച മുഹമ്മദ് യൂസുഫ് ഷായ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി 75 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു അത്. വോട്ടെണ്ണിയപ്പോൾ മുഹമ്മദ് യൂസുഫ് ഷാ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ നാഷണൽ കോൺഫറൻസിന്റെ ഗുലാം മുഹിയിദ്ദീൻ ഷായെ വിജയിയായി പ്രഖ്യാപിച്ചു. ആമിറാ കദലിൽ മാത്രമല്ല കശ്മിരിലെങ്ങും വിജയിച്ച മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ സ്ഥാനാർഥികളെ തോറ്റതായി പ്രഖ്യാപിച്ചു. പ്രതിഷേധിച്ചപ്പോൾ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അതിലൊരാളായിരുന്നു യാസീൻ മാലിക്. ജയിലിൽ നിന്നിറങ്ങിയ മുഹമ്മദ് യൂസുഫ് ഷാ സയ്യിദ് സലാഹുദ്ദീൻ എന്ന പേര് സ്വീകരിച്ച് ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ രൂപീകരിച്ചു.


യാസീൻ മാലിക്കാകട്ടെ ജെ.കെ.എൽ.എഫിൽ ചേർന്ന് സായുധ സമരം പ്രഖ്യാപിച്ചു. ഇതോടെയാണ് അദ്ദേഹം കശ്മിരിൽ അറിയപ്പെടുന്നത്. 1989ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകൾ റുബയ്യ മുഫ്തിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള നിരവധി സംഭവങ്ങളിൽ ആരോപണ വിധേയനായിരുന്നു. 1990 ഒാഗസ്റ്റിൽ അറസ്റ്റിലായ അദ്ദേഹം ജയിലിൽവച്ച് ഗാന്ധിയൻ സമര രീതിയിൽ ആകൃഷ്ടനാകുകയും 1994ൽ സായുധസമരം ഉപേക്ഷിക്കുകയും ചെയ്തു. വൈകാതെ ജയിൽ മോചിതനായി. തുടർന്ന് ഹുരിയത്ത് കോൺഫറൻസിന്റെ ഭാഗമായി. ഹുരിയത്ത് പിളർന്നപ്പോൾ നിഷ്പക്ഷനായി നിന്നു.
കശ്മിരിൽ 2017ൽ നടന്ന അക്രമ സംഭവങ്ങളിലാണ് അവസാനമായി യാസീൻ പ്രതിയായത്. 2016 ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ നാലു മാസം തുടർന്ന പ്രക്ഷോഭത്തിൽ കശ്മിരിൽ 85 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ അദ്ദേഹത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചുവെങ്കിലും പിന്നീട് വിട്ടയച്ചു.


2016ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എൻ.ഐ.എ ആരോപിച്ചത്. 2019ലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിൽ ഈ കേസിൽ മറ്റു ചില കശ്മിരി നേതാക്കളെയും കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ലഷ്‌കറെ ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും ഇതേ കേസിലുൾപ്പെട്ടിട്ടുണ്ട്. ശിഷ്ടകാലം ജയിലിലാകുമെന്നുറപ്പുണ്ടായിട്ടും എന്തുകൊണ്ടായിരിക്കും 56കാരനായ അദ്ദേഹം കുറ്റസമ്മതം നടത്തിയത്. യാസീന്റെ ജീവിതത്തിലെ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ പോലെ ഈ ചോദ്യവും ബാക്കിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago