HOME
DETAILS
MAL
പറഞ്ഞതില്‍ അധികവും പഴയത്; പലതും മറച്ചുവച്ചു
backup
May 29 2021 | 04:05 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പലതും മറച്ചുവച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കഴിഞ്ഞ ജനുവരി എട്ടിന് നിയമസഭയില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന പ്രഖ്യാപനത്തില്‍ പറഞ്ഞ പദ്ധതികളാണ് കൂടുതലും ഇന്നലത്തെ നയപ്രഖ്യാപനത്തിലും ഇടംപിടിച്ചത്.ഭക്ഷ്യ കിറ്റ് നല്‍കിയതും സാമൂഹ്യ പെന്‍ഷന്‍ നല്‍കിയതും സ്ത്രീസമത്വവുമെല്ലാം വാരിക്കോരി നിരത്തിയപ്പോള്‍ കൊവിഡ് ലോക്ക്ഡൗണില്‍ പട്ടിണിയിലായ പാവങ്ങള്‍ക്കായി യാതൊന്നുമില്ല. സംസ്ഥാനത്തിനുതകുന്ന സാമ്പത്തിക നയങ്ങളോ പുതിയ ആരോഗ്യ നയമോ ബദല്‍ വിദ്യാഭ്യാസ നയമോ പ്രഖ്യാപിച്ചതുമില്ല.
വ്യാഴാഴ്ച വരെയുള്ള ആകെ കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുപ്രകാരം 8,064 ആണെന്നത് മറച്ചുവച്ചാണ് നയപ്രഖ്യാപനത്തില്‍ മരണനിരക്ക് രേഖപ്പെടുത്തിയത്. കേരളത്തിലാകെ 6,612 പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞെന്നുമാണ് അവകാശവാദം.
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വരുമാനത്തിലും കുറവുണ്ടാക്കിയെന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് സര്‍ക്കാര്‍ മുഖം രക്ഷിച്ചു. കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ നയമായി പ്രഖ്യാപിച്ചിട്ടില്ല. ഐ.ടി, വ്യവസായ, കാര്‍ഷിക മേഖലകളുടെ പ്രതിസന്ധി, കൊവിഡിനു ശേഷം മടങ്ങിയെത്തിയ പ്രവാസികളുടെ തുടര്‍ജീവിതം, പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴില്‍ പരിശീലനം എന്നിവയിലൊന്നും ശ്രദ്ധയൂന്നിയില്ല.
കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിന്റെ സര്‍വമേഖലയും സ്തംഭനത്തിലായിരിക്കെ പുതിയ നയങ്ങളിലൂടെ ജനജീവിതം കെട്ടിപ്പെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍ അതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനവുമുണ്ടായില്ല.
വന്‍ പലിശനിരക്കില്‍ വിദേശ ബാങ്കുകളില്‍നിന്ന് വാങ്ങിയ കിഫ്ബി വായ്പകള്‍ ഉള്‍പ്പെടെയുള്ളവയുടെ തിരിച്ചടവിനെക്കുറിച്ചും അവ കേരളത്തിനു വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഒരക്ഷരം പോലും പറയാതെയാണ് നയപ്രഖ്യാപനം അവസാനിച്ചതെന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."