പാടിയും പറഞ്ഞും മലയാളികള്‍ കൂട്ടത്തോടെ ക്ലബ്ബ് ഹൗസില്‍
സോഷ്യല്‍ മീഡിയ രംഗത്ത് പുത്തന്‍ ഒരു ആപ്പ് കൂടി മലയാളികളെ കീഴടക്കിയിരിക്കുകയാണ്. ക്ലബ്ബ് ഹൗസ്. എത്തുന്നവരെല്ലാം ചര്‍ച്ചയ്ക്കാരാവുകയോ കേള്‍വിക്കാരാവുകയോ ചെയ്യുന്ന ആപ്പില്‍ ആകെയുള്ള ശബ്ദം മാത്രം. യഥാര്‍ഥ ശബ്ദം തത്സമയം. അതാണ് ആപ്പിന്റെ വലിയ പ്രത്യേകത. ചിത്രങ്ങളുടെ ആധിക്യമോ വീഡിയോകളോ ഇല്ലാത്ത ഈ ആപ്പിലേക്ക് മലയാളികള്‍ എത്തിയത് ഈ ലോക്ക്ഡൗണ്‍ കാലത്താണ്. 2020 മാര്‍ച്ചിലാണ് പോള്‍ ഡേവിഡ്‌സണും രോഹന്‍ സേതും ചേര്‍ന്ന് ആപ്പ് നിര്‍മിച്ചത്.
ആപ്പില്‍ ഇതിനകം തന്നെ ഒരുപാട് മലയാളി കൂട്ടായ്മകള്‍ രൂപപ്പെട്ടുകഴിഞ്ഞു. നിരവധി ചര്‍ച്ചകള്‍, പാട്ടുകൂട്ടങ്ങള്‍, കഥപറച്ചിലുകള്‍, തമാശക്കൂട്ടായ്മകള്‍, സര്‍ക്കാസങ്ങള്‍, രാഷ്ട്രീയ ഒത്തുകൂടലുകള്‍ ഇതിനകം ക്ലബ്ബ് ഹൗസില്‍ വ്യാപകമായി കഴിഞ്ഞു. വലിയ സെലിബ്രിറ്റികളും സാധാരണക്കാരും ഒരുമിച്ചൊരു പ്ലാറ്റ്‌ഫോമിലെത്തി തുല്യതയോടെ സംസാരിക്കുന്നുവെന്നതാണ് ക്ലബ്ബ് ഹൗസിന്റെ മറ്റൊരു പ്രത്യേകത. കടത്തിണ്ണകളിലും കലുങ്കിലും ഇരുന്നുള്ള നാടന്‍ സംസാരത്തിന്റെ ഗൃഹാതുരത്വം ലഭിക്കുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, ചൂടുള്ള ചര്‍ച്ചകളുടെ വേദിയാക്കി മാറ്റിയിരിക്കുകയാണ് മറ്റു ചിലര്‍.
ഇതുവരെ ഉപയോഗിക്കാത്തവരുണ്ടെങ്കില്‍ അവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ വ്യക്തമാക്കാം:
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് സ്റ്റോറുകളില്‍ ക്ലബ്ബ് ഹൗസ് ആപ്പ് ലഭ്യമാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് നമ്പര്‍ നല്‍കി ഒ.ടി.പി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാം. തുടര്‍ന്ന് പേരും വിവരങ്ങളും പ്രൊഫൈല്‍ ഫോട്ടോയും ചേര്‍ത്ത് കാത്തിരിക്കുക.
മറ്റാരുടെയെങ്കിലും ക്ഷണം ലഭിച്ചാല്‍ മാത്രമാണ് നിങ്ങള്‍ക്ക് ആപ്പില്‍ ജോയിന്‍ ചെയ്യാനാവുക. നിങ്ങളുടെ കോണ്‍ടാക്ടിലുള്ള ആരെങ്കിലുമൊക്കെ ഇതിനകം ക്ലബ്ബ് ഹൗസിലുണ്ടാവുമെന്നതിനാല്‍, വൈകാതെ അവരില്‍ നിന്ന് നിങ്ങള്‍ക്ക് ക്ഷണമെത്തും. ഇതോടെ നിങ്ങള്‍ക്ക് റൂമുകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും വേണമെങ്കില്‍ സംസാരിക്കാനും സാധിക്കും. സ്വന്തം റൂം ഉണ്ടാക്കി ആളുകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയുമാവാം. നിങ്ങള്‍ക്കിഷ്ടമുള്ളവരെ ഫോട്ടോ ചെയ്യാനും നിങ്ങളെ ഫോളോ ചെയ്യാനും ഒപ്ഷനുണ്ട്.
എങ്ങനെ റൂം തുടങ്ങാം?
സ്വന്തം റൂം തുടങ്ങി ആളുകളെ ആകര്‍ഷിച്ച് ചര്‍ച്ച ചെയ്യാനാവും. ഇതിന് നാല് ഒപ്ഷനുകളുണ്ട്. ഓപ്പണ്‍, സോഷ്യല്‍, ക്ലോസ്ഡ് എന്നിങ്ങനെ സാധാരണ മൂന്ന് ഓപ്ഷനുകളും ഏതെങ്കിലും ക്ലബ്ബുകളില്‍ അംഗമായിട്ടുണ്ടെങ്കില്‍ അതിലൂടെയും റൂം തുടങ്ങാം. സമയം വച്ച് ഷെഡ്യൂള്‍ ചെയ്യുകയുമാവാം.
ഓപ്പണ്‍ എന്ന ഒപ്ഷനിലാണ് റൂം തുടങ്ങുന്നതെങ്കില്‍ ആര്‍ക്കും വന്ന് കേള്‍ക്കാനും നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ സംസാരിക്കാനും സാധിക്കും. സോഷ്യല്‍ ആണെങ്കില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്നവരെ മാത്രമേ റൂം ലഭ്യമാവുകയുള്ളൂ. തെരഞ്ഞെടുക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്താനാവുന്നതാണ് ക്ലോസ്ഡ് റൂം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."