HOME
DETAILS

മധ്യകാല ഇന്ത്യാ ചരിത്രപഠനവും സമകാലിക രാഷ്ട്രീയവും

  
backup
April 07 2023 | 20:04 PM

medieval-indian-history-and-contemporary-politics

സി.കെ അബ്ദുൽ അസീസ്

മനുഷ്യർ അവരുടെ പ്രവർത്തനങ്ങളിലും അനുഷ്ഠാനങ്ങളിലും അതുപോലെ സങ്കൽപങ്ങളിലും കഥകളുണ്ടാക്കുകയും പറയുകയും കഥകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ്. 'കഥ പറയുന്ന മൃഗം' എന്നാണ് വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ മാക് ഐന്റെർ (Alasdair macintyre: After virtue, 1981) മുനുഷ്യന്റെ ഈ മൗലിക സ്വഭാവത്തിനു നൽകുന്ന വിശേഷണം. ഈ കഥ പറച്ചിലിലൂടെയാണ് തന്നെക്കുറിച്ചുള്ള സത്യത്തെക്കുറിച്ചും ഈ കഥകളിൽ തന്റെ സ്ഥാനം എവിടെയാണെന്നതിനെക്കുറിച്ചും മനുഷ്യർ അന്വേഷിക്കാൻ തുടങ്ങുന്നത്. സമൂഹത്തിൽ പിറന്നുവീഴുന്ന ഓരോ കുട്ടിയും അച്ഛനമ്മമാരിൽ നിന്നും മൂത്തച്ഛൻ-മുത്തശ്ശിമാരിൽ നിന്നും ഇത്തരം കഥകൾ കേട്ടുകൊണ്ടാണ് വളർന്നു വലുതാവുന്നത്. കുട്ടികളെ ഭയപ്പെടുത്താനും സദ്ഗുണങ്ങൾ പകർന്നു നൽകാനും പര്യാപ്തമായ ഇത്തരം കഥകളിലൂടെയാണ് താൻ ജീവിക്കുന്ന സമൂഹത്തെ കുറിച്ചുള്ള പ്രാഥമിക ധാരണകൾ അവർ സ്വായത്തമാക്കുന്നത്.


മിത്തുകളോടുള്ള മനുഷ്യസമൂഹത്തിന്റെ രക്തബന്ധത്തെക്കുറിച്ചാണ് അലാസ് ഡയർ മാക് ഐന്റർ പറഞ്ഞുവരുന്നത്. ഇത്തരം കഥകളിൽ ചിലപ്പോൾ സത്യവും മിഥ്യയും കൂടിക്കലർന്നിട്ടുണ്ടാവും. അതിജീവനത്തിനു വേണ്ടിയുള്ള സമരങ്ങളിൽ ജനസമൂഹങ്ങൾക്ക് അനുഭവിക്കേണ്ടിവന്ന യാതനകളുടെയും ജയപരാജയങ്ങളുടെയും സാമൂഹ്യമായ ഓർമകളെ തലമുറകളിലേക്ക് പകർന്നു നൽകുന്ന ഒരു സാംസ്‌കാരിക പ്രവർത്തനവും അതിൽ ഉൾച്ചേർന്നിട്ടുണ്ടാവാം. കഥ പറയാനും കേൾക്കാനുമുള്ള മനുഷ്യരുടെ ഈ വാസന മൃഗങ്ങളിൽനിന്ന് മനുഷ്യരെ വ്യത്യസ്തരാക്കുന്ന ഒരു സാമൂഹ്യഗുണമാണ്. എന്നാൽ, ചരിത്രമെന്നു പറയുന്നത് ഈ സാമൂഹ്യഗുണത്തിന്റെ സ്വാഭാവികപരിണിതിയല്ല. മനുഷ്യന്റെ ബോധപൂർവവും സോദ്ദേശപരവുമായ ധൈഷണിക പ്രവർത്തനത്തിലൂടെയാണ് ചരിത്ര രചനയും പഠനവും ഇന്ന് കാണുന്ന രൂപത്തിൽ നിലവിൽ വന്നത്.


ആധുനിക ചരിത്രരചനയിൽ മൗലിക പ്രാധാന്യമർഹിക്കുന്ന ഘടകം വിശ്വസനീയമായ തെളിവുകളാണ്. മൺമറഞ്ഞുപോയ ജീവിതങ്ങളും സംഭവങ്ങളുമാണ് ചരിത്രകാരന്റെ വിഷയം എന്നതിനാൽ ചരിത്രവസ്തുതകളോട് സംവദിച്ചുകൊണ്ടും അവയെ വ്യാഖ്യാനിച്ചുകൊണ്ടും ആത്മനിഷ്ഠമായി രൂപീകരിക്കുന്ന നിഗമനങ്ങളാണ് ചരിത്രമായി രേഖപ്പെടുത്തുന്നത്. ലഭ്യമായ ഒരു ചരിത്രവസ്തുവിനെ, അത് നിലനിന്നിരുന്ന കാലഘട്ടത്തിന്റെ സമൂർത്ത സാഹചര്യങ്ങളുടെ പരിസരത്തിൽ വച്ച് വ്യാഖ്യാനിച്ചുകൊണ്ട് ചരിത്രകാരൻ നിർമിച്ചെടുക്കുന്നതാണ് ചരിത്രം. ഇപ്രകാരം നിർമിച്ചെടുക്കുന്ന ചരിത്രം യാഥാർഥ്യത്തോട് നീതി പുലർത്തുന്നതാവണമെങ്കിൽ ചരിത്രവസ്തുതകളെ നിഷ്പക്ഷമായും സത്യസന്ധമായും അപഗ്രഥിക്കേണ്ടതുണ്ട്. ആത്മനിഷ്ഠമായ സങ്കൽപ്പനങ്ങൾക്കും മുൻവിധികൾക്കും ചരിത്രകാരൻ ബോധപൂർവമായോ അബോധകരമായോ വഴിപ്പെടുന്ന സാഹചര്യത്തിൽ ചരിത്രം തന്നെ ഒരു കാൽപനിക വസ്തുവായി, കഥ പറച്ചിലിന്റെ തലത്തിലെത്തിച്ചേരും. അലാവുദ്ദീൻ ഖിൽജി ചിറ്റൂർ ആക്രമിച്ചു കീഴടക്കിയത് അതിസുന്ദരിയായ രാജകുമാരി പത്മാവതിയെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നുവെന്നും തുർക്കികളും പേർഷ്യക്കാരും പടയോട്ടം നടത്തിയത് ഇന്ത്യയെ ഇസ്‌ലാമികവത്കരിക്കാനും ആയിരുന്നുവെന്നുമുള്ള കഥപറച്ചിലുകാരുടെ വ്യാജനിർമിതികൾ ചരിത്രത്തിന്റെ സ്ഥാനം കൈയടക്കും.

മധ്യകാല ഇന്ത്യയുടെ ചരിത്രരചനകളിൽ കടന്നുകൂടിയ ഇത്തരത്തിലുള്ള കാൽപനികതയുടെയും മുൻവിധികളുടെയും മേൽനോട്ടത്തിലാണ് മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള ചരിത്രരചന പലപ്പോഴും നിർവഹിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ മധ്യകാല ഇന്ത്യയുടെ ചരിത്രപഠനം ചരിത്രരചനയെ പോലെ തന്നെ ശ്രമകരവും ഉത്തരവാദിത്തമേറിയതുമായ ഒരു സാമൂഹ്യപ്രവർത്തനമാണ്. ചരിത്രവസ്തുക്കളുടെ ഉപയോഗം, അതിന്റെ സ്രോതസ്സുകൾ, വ്യാഖ്യാനിച്ച വിധം, ചരിത്രകാരന്റെ ഉദ്ദേശശുദ്ധി എന്നിവയെല്ലാം പ്രശ്‌നവത്കരിച്ചുകൊണ്ടുള്ള ഒരു വിമർശനാത്മക പഠനത്തിലൂടെ മാത്രമേ മധ്യകാല ഇന്ത്യാചരിത്രത്തിൽനിന്ന് 'കല്ലും മുള്ളും' വേർതിരിച്ചെടുക്കാനാവുകയുള്ളൂ.

ബ്രിട്ടിഷ് കൊളോണിയലിസം ഇന്ത്യക്കാരെ മാനസികമായി കീഴ്‌പ്പെടുത്തുകയും ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തെ ശാശ്വതമായി നിലനിർത്തുകയും ചെയ്യാനുള്ള ഉദ്ദേശത്തോടെയാണ് മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള ചരിത്രപഠനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യക്കാരുടെ പാരമ്പര്യം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ചരിത്രപരമായ സ്വഭാവവിശേഷങ്ങൾ എന്നിവയെ അടുത്തറിയാനുള്ള വൈജ്ഞാനിക പദ്ധതിയായിരുന്നു ഈ ചരിത്രഗവേഷണം. അതേസമയം, ഈ ഗവേഷണങ്ങൾക്ക് മുന്നിട്ടിറങ്ങിയവരാരും ചരിത്രരചനയുടെ രീതിശാസ്ത്രത്തിന് അവലംബിക്കേണ്ട ആധുനിക സങ്കേതങ്ങളിലോ നിപുണരായിരുന്നില്ല. ബ്രിട്ടിഷ് നയതന്ത്രജ്ഞനായിരുന്ന ഹെൻട്രി എലിയട്ടും ജോൺസൺ ഡൗൺസണും (Henry Elliot, Johnson Downson) 1867-77 കാലഘട്ടത്തിൽ എട്ട് വോള്യങ്ങളായി പ്രസിദ്ധീകരിച്ച മുഹമ്മദൻ കാലഘട്ടത്തെക്കുറിച്ച് ഇന്ത്യയുടെ സ്വന്തം ചരിത്രകാരന്മാർ പറഞ്ഞ ഇന്ത്യാചരിത്രം (Indian History as told by its own Historians The mohamadan period) എന്ന ചരിത്ര പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഏറെ സവിശേഷവും സ്വയം പ്രകാശിപ്പിക്കുന്നതുമായിരുന്നു. ദേശീയ ചരിത്രകാരന്മാരുടെ ആദ്യ തലമുറകളിൽപ്പെട്ടവരും സമകാലികരും മുസ്‌ലിം ഭരണകാലത്തെ ക്രൂരകൃത്യങ്ങൾ പ്രതിപാദിക്കാൻ നിർലോഭം ആശ്രയിച്ചുപോരുന്നത് ഈ കൊളോണിയൽ ചരിത്രനിർമിതിയെയാണ്.

1807ൽ മൈസൂർ, മലബാർ ചരിത്രഗവേഷണത്തിന് അന്നത്തെ ബംഗാൾ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു നിയോഗിച്ച ബുക്കാനൻ ഹാമിൽട്ടൺ പ്രൊഫഷനൽ ചരിത്രകാരനായിരുന്നില്ല. വെല്ലസ്ലി പ്രഭുവിന്റെ സ്വകാര്യ ഡോക്ടറായിരുന്നു ബുക്കാനൻ. മധ്യകാല ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച് ഈ ബ്രിട്ടിഷ് ചരിത്രഗവേഷണങ്ങളിലൂടെ നിരവധി ചരിത്രവസ്തുക്കൾ അനാവൃതമായിട്ടുണ്ട് എന്നതു യാഥാർഥ്യമാണ്.


എന്നാൽ, അവയുടെ ആഖ്യാനവും വ്യാഖ്യാനവുമെല്ലാം സാമ്രാജ്യത്വ താൽപര്യങ്ങളുടെ മേൽനോട്ടത്തിലാണ് നടന്നത്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ചരിത്രപരമായി തന്നെ നിതാന്ത ശത്രുതയിൽ കഴിയുന്ന വിഭാഗങ്ങളായി പരിവർത്തിപ്പിക്കുകയെന്നതായിരുന്നു ഈ സാമ്രാജ്യത്വ ചരിത്രാന്വേഷണങ്ങളുടെ ഗൂഢലക്ഷ്യം.


ഇന്ത്യയിലെ മുഹമ്മദൻ കാലഘട്ടത്തെ ഉപയോഗിച്ചുകൊണ്ട് ഈ ഗൂഢലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഒരു ചരിത്രദൃഷ്ടാന്തം റൊമിലാഥാപ്പർ ഉദാഹരിക്കുന്നുണ്ട്. 1843ൽ ബ്രിട്ടിഷ് പാർലമെന്റിലെ ജനസഭയിൽ നടന്ന ഒരു തർക്കമാണ് വിഷയം. മഹ്മൂദ് ഗസ്‌നി സോമനാഥക്ഷേത്രം ആക്രമിച്ചഘട്ടത്തിൽ (1026-27) കടത്തിക്കൊണ്ടുപോയി എന്നു പറയപ്പെടുന്ന ക്ഷേത്രകവാടം ബ്രിട്ടിഷ് സൈനികരെ ഉപയോഗച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഗസ്‌നി വഴി ഇന്ത്യയിലെത്തിക്കാൻ എലൻബറോ പ്രഭു (Ellenborough) നടത്തിയ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു തർക്ക വിഷയം. ഇന്ത്യയിൽനിന്ന് മഹ്മൂദ് ഗസ്‌നി കൊള്ളയടിച്ചതെല്ലാം ഇന്ത്യക്കാർക്ക് വീണ്ടെടുത്തു കൊടുക്കുക എന്നതായിരന്നു പ്രഖ്യാപനത്തിന്റെ ലക്ഷ്യം.

എലൻബറോ പ്രഭു ഹിന്ദുക്കളെ സംപ്രീതരാക്കുക വഴി മതപരമായ പക്ഷപാതിത്വം കാണിക്കുകയാണോ അതോ ദേശീയമായ പിന്തുണ നേടാൻ ശ്രമിക്കുകയാണോ എന്നായിരുന്നു പ്രതിപക്ഷമുന്നയിച്ച ചോദ്യം. ഈ വിമർശനത്തിന് എലൻബറോവിനെ പിന്തുണക്കുന്നവർ നൽകിയ മറുപടി ചരിത്രപ്രസിദ്ധമാണ്. 'മൊഹമ്മദൻ അധിനിവേശകൻ ജനങ്ങൾക്കിടയിൽ ഏൽപ്പിച്ച ആഘാതങ്ങളുടെ ആയിരം കൊല്ലം പഴക്കമുള്ള ഓർമകളിൽനിന്ന് ആ രാജ്യത്തെ മുക്തമാക്കുവാനും ഹിന്ദുക്കളുടെ മനസിൽ പതിഞ്ഞ അപമാനം തുടച്ചുനീക്കാനും ഹിന്ദുക്കൾ വേദനിക്കുന്ന ഒരു സ്മരണയായി അവരുടെ മനസിൽ സൂക്ഷിച്ചുവച്ചിട്ടുള്ള ആ കവാടം അവർക്കു വീണ്ടെടുത്തു കൊടുക്കേണ്ടതുണ്ട്' എന്നായിരുന്നു ആ മറുപടി. അങ്ങനെ, ബ്രിട്ടിഷ് പട്ടാളം മുഹമ്മദ് ഗസ്‌നിയുടെ സ്മൃതികുടീരത്തിൽനിന്ന് ആ ചരിത്രപ്രസിദ്ധമായ ഗേറ്റ് ഇന്ത്യയിലെത്തിച്ചു. എന്നാൽ, ആ ഗേറ്റ് നിർമിച്ചത് ഈജിപ്തുകാരായ കൈവേലക്കാരാണെന്ന് സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് മനസിലാവുന്നത്. അതോടെ ആഗ്ര കോട്ടയിലെ സ്റ്റോർറൂമിൽ ചിതൽപുഴുക്കൾക്കുള്ള സമ്മാനമായി അത് അടച്ചിടപ്പെടുകയാണുണ്ടായത്.അർധസത്യങ്ങളും അസത്യങ്ങളും ഭക്ഷിച്ചു ജീവിക്കുന്ന 'ചിതൽ പുഴുക്കളി'ൽനിന്ന് മധ്യകാല ഇന്ത്യാ ചരിത്രത്തിന്റെ കഥകൾ കേട്ടവരാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ, മധ്യകാല മുസ്‌ലിം ഭരണചരിത്രത്തിൽനിന്നും അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് അനുഗുണമായ രാഷ്ട്രീയം കടഞ്ഞെടുക്കാൻ നോക്കുന്നത്.


ബ്രിട്ടിഷുകാർ കണ്ടെടുത്ത 'സാങ്കൽപിക ഗേറ്റ്' ഒരു നുണക്കഥയാണെന്ന് തെളിഞ്ഞിട്ടും മഹ്മൂദ് ഗസ്‌നിയുടെ സോമനാഥക്ഷേത്രവും ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്ത് ഹിന്ദു ദേശീയവാദികളായ ചരിത്രകാരന്മാരുടെ കേന്ദ്ര പ്രമേയങ്ങളിലൊന്നായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സർക്കാരാണ് സോമനാഥക്ഷേത്രത്തിന്റെ പുനർനിർമാണം നടത്തിയത്. സർക്കാരല്ല, ഏതെങ്കിലും സ്വതന്ത്ര ഏജൻസിയെ കൊണ്ടാണ് പുനർനിർമാണം നടത്തേണ്ടത് എനിലപാടാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്ന് സ്വീകരിച്ചത്. പക്ഷേ, കേന്ദ്രസർക്കാർ പുനർനിർമിച്ച സോമനാഥക്ഷേത്രം അന്നത്തെ രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദാണ് ഉദ്ഘാടനം ചെയ്ത് രാജ്യത്തെ ഹിന്ദുക്കൾക്ക് സമർപ്പിച്ചത്.


അന്ന് കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം മുൻഷിയുടെ രചനകളിലും എലൻബറോവിന്റെയും ബ്രിട്ടിഷ് പാർലമെന്റിന്റെ ജനസഭയുടെയും ചരിത്രപ്രസിദ്ധമായ പ്രസ്താവനയുടെ ആവർത്തനങ്ങൾ കാണാവുന്നതാണ്. മുസ്‌ലിം പൂർവഘട്ടത്തിലെ ഹിന്ദു-ആര്യൻ മഹത്വത്തെ ആദർശവത്കരിക്കുന്ന ചരിത്രവീക്ഷണങ്ങളെ സ്വതന്ത്ര ഇന്ത്യയുടെ മതേതര-ജനാധിപത്യ രാഷ്ട്രീയ വിഭാവനകൾക്ക് പകരംവയ്ക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു അത്. അതിന്റെ പൂർത്തീകരണമാണ് വർത്തമാനകാല രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago