ഫാസിസത്തേയും വർഗീയതയേയും നേരിടുന്നതിൽ മുഖ്യമന്ത്രിക്ക് ഇരട്ടമുഖമെന്ന് ജിഗ്‌നേഷ് മേവാനി
കൊച്ചി
ഫാസിസത്തേയും വർഗീയതയേയും നേരിടുന്നതിൽ കേരള മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല ഇരട്ട മുഖമാണുള്ളതെന്ന് ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനി. തൃക്കാക്കരയിലെ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്‌പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് മോഡൽ വികസനം പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയന്റെ നീക്കം അപകടകരവും ആശങ്കയുണ്ടാക്കുന്നതുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ഉടമ്പടിയുണ്ട്. ഈ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ അവിടെപ്പോയത്.
കേരള മോഡൽ ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴാണ് ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള സർക്കാർ ചീഫ് സെക്രട്ടറിയെ അങ്ങോട്ടേയ്ക്കയച്ചത്. ഇത്തരമൊരു നടപടി സ്വീകരിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ ഉൾപ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്ഥാനത്തിലാണ്.
ഗുജറാത്തിൽ ജനിച്ചു വളർന്ന ഒരു വ്യക്തി എന്ന നിലയിൽ ഗുജറാത്ത് മോഡൽ വികസനം പൊള്ളയായ ഒന്നാണെന്ന് തനിക്കറിയാം. ഗുജറാത്തിലെ ജനങ്ങൾ സർക്കാർ സ്‌പോൺസേഡ് ഫാസിസത്തിന്റെ ഇരകളാണ്. കേരളത്തിൽ ദലിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും മേവാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."