അമ്പിളിമാമനെ തേടി യു.എ.ഇയുടെ റാഷിദ്; ചാന്ദ്രപര്യവേഷണ വാഹനം യാത്രയ്ക്ക് തയാറെടുക്കുന്നു
അഷറഫ് ചേരാപുരം
ദുബൈ: യു.എ.ഇയുടെ ആദ്യ ചാന്ദ്രപര്യവേഷണ വാഹനമായ റാഷിദ് ഈ വര്‍ഷം അവസാനം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇയുടെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന പദ്ധതിയുടെ ഒരുക്കങ്ങള്‍ പരിപൂര്‍ണതയിലെക്ക് എത്തിക്കൊണ്ടിരിക്കയാണ്. ഈ വരുന്ന സെപ്റ്റംബറില്‍ പര്യവേഷണ വാഹനം ഫ്‌ളോറിഡ ലോഞ്ച് സൈറ്റില്‍ എത്തിക്കും. കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് റോവര്‍ വിക്ഷേപിക്കുക. റാഷിദ് എന്ന് പേരിട്ട 10കിലോ തൂക്കമുള്ള പര്യവേക്ഷണ വാഹനമാണ് യു.എ.ഇ ചന്ദ്രനിലേക്ക് അയക്കുന്നത്. ജാപ്പനീസ് ലാന്‍ഡറിലാണ് ചന്ദ്രോപരിതലത്തില്‍ ഇതിനെ എത്തിക്കുക. ചന്ദ്രോപരിതലത്തില്‍ നിന്ന് ലഭ്യമാക്കുന്ന വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങളിലൂടെയാണ് യു.എ.ഇ എന്‍ജിനീയര്‍മാര്‍ റാഷിദ് റോവറുമായി ബന്ധപ്പെടുക. ഐസ്‌പേസ് എന്ന കമ്പനിയാണ് ലാന്‍ഡര്‍ നിര്‍മിക്കുന്നത്. ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ വികസിപ്പിക്കുന്ന റോവര്‍ അടുത്ത മാസങ്ങളില്‍ ഐ സ്‌പേസിലേക്ക് എത്തിക്കും. ചന്ദ്രന്റെ വടക്കുകിഴക്കന്‍ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവര്‍ ലക്ഷ്യമിടുന്നത്.
രണ്ട് ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍, ചെറിയ വിശദാംശങ്ങള്‍ പകര്‍ത്താന്‍ ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെര്‍മല്‍ ഇമേജിംഗ് ക്യാമറ എന്നിവ റാഷിദില്‍ സജ്ജീകരിക്കും. ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ച് പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു പേടകവും റോവര്‍ വഹിക്കും. ചന്ദ്രന്റെ പൊടി എന്തുകൊണ്ടാണ് ഇത്ര ഒട്ടിപ്പിടിക്കുന്നത് എന്ന് വിശദീകരിക്കാന്‍ ശ്രമിക്കും. ചന്ദ്രോപരിതലം, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്ത പ്രതലങ്ങള്‍ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ച് റോവര്‍ പഠിക്കും.റാഷിദിന്റെ പ്രവര്‍ത്തന ക്ഷമത നേരത്തെ യു.എ.ഇ മരുഭൂമിയില്‍ നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."