ദ്വീപുകാര്‍ എങ്ങനെ പട്ടികവര്‍ഗക്കാരായി?
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നയസമീപനങ്ങള്‍ ദേശീയ, അന്തര്‍ദേശീയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമ്പോഴും നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ ശ്രമിക്കുന്നത്. ജനവിരുദ്ധ നയങ്ങള്‍ ന്യായീകരിക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ തുടരുകയാണ്. ദ്വീപുനിവാസികള്‍ മയക്കുമരുന്നിന്റെയും ആയുധക്കടത്തിന്റെയും ഇടയാളുകളാണെന്നാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നതിനെ സാധൂകരിക്കുന്നതിനായി ഇവര്‍ പ്രചരിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ദ്വീപിന്റെ സമുദ്രപരധിയ്ക്കകത്തുവച്ച് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നവരെ പിടിച്ചു എന്നതാണ് ഈ പ്രചാരണാധാരം. ഇറാനില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോകുന്ന ബോട്ടില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്താല്‍ ദ്വീപ് നിവാസികള്‍ തീവ്രവാദികളാകുന്ന തത്വശാസ്ത്രം കാവി വൈറസിന്റ കാഴ്ചപ്പാടാണ്. ഇത്തരം പ്രവര്‍ത്തനം തടയാനും പിടികൂടി ശിക്ഷിക്കാനും ഇന്ത്യക്ക് കോസ്റ്റ് ഗാര്‍ഡ് സംവിധാനവും നിയമങ്ങളുമുണ്ട്. ദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരാന്‍ ആവശ്യമായ യാതൊരു സാഹചര്യവും നിലവിലില്ല.
നിയമത്തിന്റെ ഡ്രാഫ്റ്റ് മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്, നിയമമാക്കിയിട്ടില്ല എന്ന വാദം അപ്രസക്തമാക്കുന്ന രീതിയിലാണ് പട്ടേലിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍. രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ കവരത്തി മെഡിക്കല്‍ സൂപ്രണ്ടുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുമായിരുന്ന എയര്‍ ആംബുലന്‍സ് ഇനി മുതല്‍ അത്ര പെട്ടെന്ന് ലഭിക്കില്ല. ഇതിനായി 4 അംഗ സമിതി രൂപീകരിച്ച് തലവനായി ഡോക്ടറല്ലാത്ത മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് അഡൈ്വസറെ നിയമിച്ച് എയര്‍ ആംബുലന്‍സ് ലഭ്യത സങ്കീര്‍ണമാക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശാനുസൃതം തന്നെ രൂപീകരിച്ച മറൈന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ പിരിച്ചുവിട്ടു. ഇതു വഴി 400 ലധികം ദ്വീപു നിവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി. 7 യാത്രാ കപ്പലുകളും 8 കാര്‍ഗോ വെസ്സലുകളും സ്പീഡ് വെസലുകളും സര്‍വിസ് നടത്തുന്ന ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷനെ നോക്കുകുത്തിയാക്കി ഇവയുടെ ചുമതല ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് കൈമാറാന്‍ നീക്കമാരംഭിച്ചു. ഇതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ദ്വീപുനിവാസികള്‍ തൊഴില്‍ രഹിതരാകും. ഇതിനെക്കുറിച്ചെല്ലാം വിമര്‍ശനമുയരുമ്പോള്‍ മറുപടി ഒന്നു മാത്രം.'ദ്വീപിന്റെ സര്‍വതോന്‍മുഖമായ വികസനമാണ് ലക്ഷ്യം'. അതോടൊപ്പം നിരന്തര കുപ്രചാരണങ്ങളും.
ദ്വീപുനിവാസികളെ അറക്കല്‍ ഭരണകാലത്തും പിന്നീട് ടിപ്പുവും നിര്‍ബന്ധമതപരിവര്‍ത്തനം നടത്തിയതിനാലാണ് അവിടം മുസ്‌ലിം പ്രദേശമായത്. അതിന്റെ തെളിവാണ് അവര്‍ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടത് എന്നാണ് ചിലരുടെ വാദം. എന്താണ് പട്ടികജാതി, ആരാണ് പട്ടിക വര്‍ഗമെന്ന് വ്യക്തമായി മനസിലാക്കാത്തവര്‍ മുസ്‌ലിംകള്‍ എങ്ങനെ പട്ടികവര്‍ഗമാകും എന്ന ചോദ്യത്തിനു മുമ്പില്‍ പകച്ചുപോകുന്നു. എസ്.ടി എന്നാല്‍ ഹിന്ദുമത വിഭാഗത്തിന്റെ ഭാഗമാണെന്നാണ് ചിലരുടെ ധാരണ. ഇന്ത്യയില്‍ 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടിഷ് ഭരണകാലത്തു തന്നെ (1850) ഡി പ്രസ്സ്ഡ് ക്ലാസസ് (Depressed classes ) എന്ന പേരില്‍ ഒരു പട്ടിക തയാറാക്കിയിരുന്നു. പല കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായിരുന്നു ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. പ്രൊവിന്‍ഷ്യല്‍, സെന്‍ട്രല്‍ നിയമനിര്‍മാണസഭകളില്‍ ഇവര്‍ക്ക് സീറ്റ് സംവരണം വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. 1935ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ആക്ടില്‍ ഈ പട്ടിക അംഗീകരിക്കുകയും 1937ല്‍ ഇത് സംബന്ധമായ ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരികയും ചെയതു.
സ്വാതന്ത്ര്യാനന്തരം ഭരണഘടനാ അസംബ്ലി 341,342 ആര്‍ട്ടിക്കിള്‍ വഴി പ്രസിഡന്റിനും ഗവര്‍ണര്‍മാര്‍ക്കും ജാതി, ഗോത്ര ലിസ്റ്റ് സമാഹരിക്കാന്‍ അധികാരം നല്‍കി. 1950 ല്‍ ഇത് സംബന്ധമായ ലിസ്റ്റ് പുറപ്പെടുവിച്ച് ഉത്തരവാകുകയും ചെയ്തു. പട്ടികജാതി (Scheduled Caste) പട്ടികവര്‍ഗം (Scheduled Tribe ) എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവ രണ്ടിന്റെയും നിര്‍വചനം കൃത്യവും വ്യക്തവുമായി നമ്മുടെ ഭരണഘടനാ വിചക്ഷണന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.സിയുടെ നിര്‍വചനം ഇപ്രകാരമാണ്. Sub communities within the framework of the Hindu Caste system who have historically faced deprivation, oppression and etxreme social isolation in India on account of their perceived low status. ഹിന്ദു സമുദായത്തിലെ ഒരു വിഭാഗമായ, ചരിത്രപരമായി അധഃസ്ഥിതരും അടിച്ചമര്‍ത്തപ്പെട്ടവരും താഴ്ന്ന പദവിയുടെ കാഴ്ചപ്പാടില്‍ സാമൂഹ്യമായി അകറ്റപ്പെട്ടവരുമായ ജാതിക്കാരാണ് പട്ടികജാതിയില്‍ പെടുന്നത്.
എന്നാല്‍, പട്ടികവര്‍ഗം ഇതില്‍നിന്നു വ്യത്യസ്തമാണ്. പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്.
1.Primitive traits
2.Geographical isolation
3.Distinct culture
4.Shy of contact with communtiy at large
5.Economical background
പ്രാചീന ആചാരം പുലര്‍ത്തുന്നവര്‍, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടവര്‍, വ്യതിരിക്ത സംസ്‌കാരമുള്ളവര്‍, ജനങ്ങളുമായി ഇഴുകിച്ചേരാന്‍ മുന്നോട്ടുവരാത്തവര്‍, സാമ്പത്തിക കാരണങ്ങളുള്ളവര്‍ മുതലായവരാണ് പട്ടികവര്‍ഗത്തില്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ പട്ടികവര്‍ഗം ഒരു മതത്തില്‍ പരിമിതമല്ല. Such tribes or tribal communities or parts of or groups within such tribes or tribal communities as are deemed under article 342 to be scheduled tribes for the purpose of this constitution എന്നാണ് എസ്.ടി വിഭാഗത്തെ വിലയിരുത്തിയിട്ടുള്ളത്. അതേസമയം, പട്ടികജാതിയെക്കുറിച്ച് വ്യക്തമാക്കുന്നു; Only marginalised Hindu communities can be deemed scheduled Castes in India according to the constitution order 1950. 1935 ലെ ഇന്ത്യ ഗവണ്‍മെന്റ് ആക്ട് അംഗീകരിച്ച ഈ നിര്‍വചനം സ്വാതന്ത്ര്യാനന്തരവും സ്വീകരിക്കപ്പെട്ടുവെന്നാണ് ഭരണഘടനാ ചരിത്രം വ്യക്തമാക്കുന്നത്.
ഇന്ന് പട്ടികജാതിക്കാര്‍ ദലിതുകള്‍ എന്നറിയപ്പെടുന്നു. പട്ടികജാതിയും വര്‍ഗവും തമ്മിലുള്ള അന്തരം വ്യക്തമാക്കിക്കൊണ്ട് ഭരണഘടനാ വിവരണത്തില്‍ കാണുന്നു The members of scheduled castes face oppression and otsracism as result of Hindu caste system. The marginalisation of ST is not a result of Hindu Caste system. മുസ്‌ലിം സമുദായം എങ്ങനെ പട്ടികവര്‍ഗത്തില്‍പ്പെടും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതില്‍നിന്നു മനസിലാക്കാവുന്നതേയുള്ളൂ.
ലക്ഷദ്വീപിലെ പട്ടികജാതിക്കാരായ ഹൈന്ദവരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാണ് മുസ്‌ലിം പ്രദേശമാക്കിയതെന്ന വാദം ചരിത്രവും വസ്തുതകളും വക്രീകരിക്കുന്നതിന്റെ പുതിയ ഉദാഹരണമാണ്. ഹിന്ദു സമുദായത്തിലെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ് പട്ടികജാതി. ജാതീയതയല്ലാത്ത അടിസ്ഥാനപരമായ ചില വസ്തുതകള്‍ പരിഗണിച്ച് തെരഞ്ഞെടുത്ത വിഭാഗമാണ് പട്ടികവര്‍ഗം. ഒറ്റപ്പെട്ട പ്രദേശത്തുകാര്‍ എന്ന കാരണത്താലാണ് ലക്ഷദ്വീപിലെ ജനതയെ പട്ടികവര്‍ഗത്തില്‍ പെടുത്തിയത്. അന്യന്റെ അവകാശം തട്ടിയെടുത്തതല്ല. ഇന്ത്യാവിഭജന സമയത്തു പോലും പാകിസ്താനിലേക്ക് പലരും പോയപ്പോള്‍ ഇന്ത്യയോടൊപ്പം ഉറച്ചുനിന്ന രാജ്യസ്‌നേഹികളുടെ നാടാണ് ലക്ഷദ്വീപ്. പിന്നോക്കപ്പട്ടിക വഴി അവര്‍ക്ക് ലഭിച്ച കേന്ദ്ര സര്‍വിസിലെ ജോലികള്‍ നഷ്ടപ്പെടുത്തുന്ന തിരക്കിലാണ് അഡ്മിനിസ്‌ട്രേറ്റര്‍. അവരെങ്ങനെ പട്ടികവര്‍ഗമായി എന്ന് സംശയിക്കന്ന മുസ്‌ലിം സമുദായാംഗങ്ങള്‍ പോലും നമുക്കിടയിലുണ്ട്.
ദ്വീപില്‍ കോണ്‍ഗ്രസ് എം.പിയെ തോല്‍പ്പിച്ച് മറ്റൊരാളെ സമുദായത്തില്‍ നിന്ന് തെരഞ്ഞെടുത്തതും മറ്റാരുമല്ല. പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങളെ ന്യായീകരിക്കാന്‍ അസ്‌കര്‍ അലിയെ പോലുള്ള കലക്ടറെ സംഭാവന ചെയ്തതും ഈ സമുദായം തന്നെ. ലക്ഷദ്വീപ് പ്രശ്‌നം സാമുദായികമല്ല. അവരും ഇന്ത്യന്‍ പൗരന്മാരാണ്. ഈ വിഷയം ഗൗരവത്തിലെടുത്ത് കേരളത്തിലെ എം.പിമാരുടെ സംഘം അവിടം സന്ദര്‍ശിച്ച് വസ്തുത നേരില്‍ പഠിച്ച് രാഷ്ട്രപതിയെക്കണ്ട് ഈ ക്രൂരത അവസാനിപ്പിക്കാന്‍ വേണ്ടതു ചെയ്യേണ്ട സമയം അതിക്രമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."