HOME
DETAILS
MAL
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 'ഹൈക്കോടതി വിധി ആശങ്കയുണ്ടാക്കുന്നത് '
backup
May 30 2021 | 04:05 AM
കോഴിക്കോട്: കേരളത്തിന്റെ സംസ്‌കാരത്തെയും മതസൗഹാര്‍ദത്തെയും തകര്‍ക്കരുതെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളില്‍ കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും സമസ്ത സംവരണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യഥാര്‍ഥ വസ്തുതകള്‍ വിശകലനം ചെയ്യാതെയാണ് ഹൈക്കോടതി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് 80:20 അനുപാതത്തിലാക്കിയത് റദ്ദ് ചെയ്തത്. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിക്കണമെന്ന പുതിയ ഉത്തരവ് എല്ലാ മേഖലകളിലും പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം ജനവിഭാഗത്തെ കൂടുതല്‍ പിന്നോക്കം തള്ളാനുള്ള സാഹചര്യത്തിലേക്കാണ് എത്തിക്കുക. ഈ വിഷയത്തെ നിയമപരമായി നേരിടുമെന്നും സമിതി നേതാക്കള്‍ പറഞ്ഞു.
പ്രബല ന്യൂനപക്ഷ പിന്നോക്ക വിഭാഗമായ മുസ്‌ലിംകളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൃത്യമായ സമയത്തും അളവിലും നല്‍കുന്നതില്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തിയിട്ടില്ല. സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി സമിതിയുടെയും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലും ജാഗ്രതക്കുറവുണ്ടായി. കോടതിവിധിയിലും ഇക്കാര്യം ബോധ്യപ്പെടുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ മേഖലയിലെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു വേണ്ടി നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശപ്രകാരം മുസ്‌ലിം സമുദായത്തിനു മാത്രമായി വിദ്യാഭ്യാസ മേഖലയില്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
പിന്നീട് ഈ ആനുകൂല്യങ്ങളില്‍ വെള്ളംചേര്‍ത്ത് 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നോക്കക്കാരായ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും ഹിന്ദു, മുസ്‌ലിം തുടങ്ങിയ മതങ്ങളില്‍നിന്ന് പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. മുസ്‌ലിം വിഭാഗത്തിനു പൂര്‍ണമായും അര്‍ഹതപ്പെട്ട അവകാശം അന്യായമായി കവര്‍ന്നെടുത്ത് നല്‍കുകയായിരുന്നു.
മുസ്‌ലിം സമുദായത്തിനു മാത്രമായി കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പില്‍ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്‌ലിംകള്‍ക്കു നല്‍കണം. 80:20 അനുപാതം റദ്ദ് ചെയ്ത കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും വേണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും മുസ്‌ലിം-ക്രിസ്ത്യന്‍ സൗഹാര്‍ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സമസ്ത സംവരണ സമിതി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത സംവരണ സമിതി കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടാത്തായി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."