HOME
DETAILS
MAL
സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി; കോശി കമ്മിഷന്റെ സാധുതയും തുലാസില്‍
backup
May 30 2021 | 04:05 AM
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കോശി കമ്മിഷന്റെ സാധുത ചോദ്യംചെയ്യുന്നു. ന്യൂനപക്ഷത്തിനു സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ന്യൂനപക്ഷമായി പരിഗണിച്ച എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നാണ് കേരള ഹൈക്കോടതി കഴിഞ്ഞദിവസത്തെ ഉത്തരവില്‍ നിര്‍ദേശിച്ചത്. എല്ലാ ന്യൂനപക്ഷ വിഭാഗത്തിന്റെയും വികസനം സാധ്യമാകണമെന്നും ഏതെങ്കിലുമൊന്നിനെ വേര്‍തിരിച്ച് അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കോശി കമ്മിഷന്റെ നിയമനംതന്നെ അസാധുവാകും എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി നിയോഗിച്ച സച്ചാര്‍, പാലോളി കമ്മിറ്റികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ക്ക് മറ്റു സമുദായങ്ങളെ ജനസംഖ്യാനുപാതികമായി പരിഗണിക്കണമെങ്കില്‍, ഈ നിബന്ധന കോശി കമ്മിറ്റിക്കും ബാധകമായിരിക്കണം. കമ്മിഷന്‍ പ്രവര്‍ത്തനത്തെ ന്യൂനപക്ഷം എന്നതില്‍നിന്ന് മാറ്റി പിന്നോക്ക സമുദായം എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാലും ആ വിഭാഗത്തിലെയും എല്ലാ സമുദായങ്ങളെയും ജനസംഖ്യാനുപാതികമായി പരിഗണിക്കണം. ഇത്തരം സാഹചര്യം തടയാന്‍ സര്‍ക്കാര്‍ പ്രത്യേക ഓഡറുകള്‍ തന്നെ ഇറക്കേണ്ടിവരും.
നിലവില്‍ കേരളത്തില്‍ അനുവദിക്കപ്പെട്ട എയ്ഡഡ് കോളജുകളില്‍ പകുതിയിലധികവും ക്രിസ്ത്യന്‍ സമുദായത്തിന്റെ കൈവശമാണ്. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 18.38 ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്ക് 78 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ അനുവദിക്കപ്പെട്ടപ്പോള്‍ 26.56 ശതമാനം വരുന്ന മുസ്‌ലിം സമുദാത്തിനു 35 കോളജുകളാണ് അനുവദിച്ചത്. ട്രെയിനിങ് കോളജുകള്‍ ക്രിസ്ത്യന്‍ സമദായത്തിനു 10ഉം മുസ്‌ലിംകള്‍ക്ക് രണ്ടുമാണ്.
സംസ്ഥാനത്ത് 16 വര്‍ഷത്തിനിടെ 12 ചീഫ് സെക്രട്ടറിമാരാണ് ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഉണ്ടായത്. സാമ്പത്തിക സംവരണം കൂടി നടപ്പാക്കിയതോടെ കേരളത്തില്‍ മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന് ഏഴു ശതമാനവും മുസ്‌ലിം സമുദായത്തിന് രണ്ടു ശതമാനവുമാണ് തത്വത്തില്‍ സംവരണ ആനുകൂല്യം ലഭിക്കുക. ഇങ്ങനെയുള്ള സാമൂഹിക പാശ്ചാത്തലം നിലനില്‍ക്കേയാണ്, സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ വരുന്ന ഗുണഭോക്തൃ അനുപാതത്തില്‍ അസന്തുലിതാവസ്ഥയുണ്ടെന്ന് ക്രൈസ്തവ സംഘടനകള്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ കഴിഞ്ഞ ജനുവരിയില്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ചത്.
വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നീ മൂന്ന് മേഖലകളാക്കി തിരിച്ച് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റുമാണ് കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."