യമനിലേക്ക് സമാധാനം വരുന്നു; ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഘട്ട പദ്ധതിയുമായി സഊദി അറേബ്യ
റിയാദ്: യെമനിൽ നിലനിൽക്കുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ശ്രമവുമായി സഊദി അറേബ്യ. ഇതുസംബന്ധിച്ച സമഗ്രമായ മൂന്ന് വർഷത്തെ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യെമൻ സർക്കാർ ഉദ്യോഗസ്ഥർ സഊദി അറേബ്യയിൽ ഒത്തുകൂടിയെന്ന് നയതന്ത്രജ്ഞ ഉദ്യോഗസ്ഥർ അറിയിച്ചു.
സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ വ്യാഴാഴ്ച യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ (പിഎൽസി) ചെയർമാനുമായ റഷാദ് അൽ-അലിമിയുമായും മറ്റ് ഉന്നത യമൻ സർക്കാർ ഉദ്യോഗസ്ഥരുമായും റിയാദിൽ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയത്ത് അദ്ദേഹം യെമനിലെ സമാധാനത്തിനുള്ള രാജ്യത്തിന്റെ പദ്ധതി അവതരിപ്പിച്ചു. പ്രസ്തുത പദ്ധതി പ്രകാരമാണ് ഇപ്പോൾ സമാധാന ശ്രമങ്ങൾ നടക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സഊദി അറേബ്യയും മസ്‌കറ്റിലെ ഹൂത്തി മിലിഷ്യയും തമ്മിലുള്ള ബാക്ക്-ചാനൽ ചർച്ചകളുടെ ഒരു പരമ്പരയെ അടിസ്ഥാനമാക്കിയാണ് സമാധാന പദ്ധതിക്ക് രൂപം നൽകിയത്. നിർദ്ദിഷ്ട പദ്ധതിക്ക് മൂന്ന് പ്രധാന ഘട്ടങ്ങളാണുള്ളത്. മൂന്ന് വർഷം കൊണ്ട് ഇത് നടപ്പിലാക്കാനാണ് തീരുമാനം. പദ്ധതിക്ക് യെമൻ അധികൃതർ തങ്ങളുടെ പ്രാരംഭ പിന്തുണ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആദ്യ ഘട്ടം, യെമനിൽ യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾ തമ്മിലുള്ള ആറ് മാസത്തെ ഉടമ്പടിയാണ്. ഈ സമയത്ത് ശത്രുത അവസാനിക്കുകയും വിശ്വാസം പുനർനിർമ്മിക്കാനും സമാധാനത്തിന് അടിത്തറയിടാനും ശ്രമിക്കും.
രണ്ടാം ഘട്ടത്തിൽ വിവിധ യെമൻ വിഭാഗങ്ങൾക്കിടയിലെ പ്രധാന പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിനും അടച്ചിട്ട റോഡുകൾ, വ്യോമമേഖല, തുറമുഖങ്ങൾ എന്നിവ വീണ്ടും തുറക്കുന്നതിനുമുള്ള സംഭാഷണം നടത്തും.
മൂന്നാമത്തെ ഘട്ടം, രണ്ട് വർഷത്തെ പരിവർത്തന കാലയളവായിരിക്കും. ഈ സമയത്ത് പുതിയതും എല്ലാവര്ക്കും ഉൾക്കൊള്ളുന്നതുമായ ഒരു സർക്കാർ സ്ഥാപിക്കപ്പെടും. ഇത് രാജ്യത്ത് ദീർഘകാല സ്ഥിരതയ്ക്കും സമാധാനത്തിനും വഴിയൊരുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
യെമൻ സർക്കാരും ഹൂതി വിമത ഗ്രൂപ്പും തമ്മിലുള്ള വെടിനിർത്തൽ കരാർ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."