റിട്ട. അധ്യാപികയുടെ കൊല: രണ്ട് പ്രതികള്‍ കുറ്റക്കാര്‍
ശിക്ഷ ഇന്ന് വിധിക്കും
കാസര്‍കോട് ; റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ ജാനകിയെ(65) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണ്‍കുമാര്‍(29), പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശി പുതിയവീട്ടില്‍ വിശാഖ് (32) എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസിലെ മറ്റൊരുപ്രതിയും ചെറുവാങ്ങോട്ട് സ്വദേശിയുമായ റിനീഷി(28)നെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ ഇയാളെ വെറുതെ വിട്ടു.
2017 ഡിസംബര്‍ 13 ന് രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയും 17 പവന് സ്വര്‍ണവും 92,000 രൂപയും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഞെട്ടിയുണര്‍ന്ന ഭര്‍ത്താവ് കെ കൃഷ്ണനെ സംഘം കുത്തിവീഴ്ത്തിയാണ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കൃഷ്ണന് നല്കിയ മൊഴിയില്‍നിന്ന് ലഭിച്ച സൂചനകള്‍ക്ക് പുറമെ നടത്തിയ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണം ഉരുക്കിയ നിലയില്‍ കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പൊലിസ് കണ്ടെടുത്തിരുന്നു. അന്നത്തെ നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2400 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."