ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നഷ്ടമായത് സര്‍ക്കാരുകള്‍ പ്രതിക്കൂട്ടില്‍, 80:20 അനുപാതം നടപ്പാക്കിയത് ഇടതുപക്ഷം
കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ പലതും നഷ്ടപ്പെട്ടതിനു പിന്നില്‍ ഇരു സര്‍ക്കാരുകളും പ്രതിക്കൂട്ടിലെന്നു വിലയിരുത്തല്‍. മുസ്‌ലിംകള്‍ക്കു മാത്രം അവകാശപ്പെട്ട പദ്ധതികളില്‍ 80:20 അനുപാതം നടപ്പാക്കിയതും ഇതുമായി ബന്ധപ്പെട്ട രണ്ടു ഉത്തരവുകള്‍ പുറത്തിറക്കിയതും വി.എസ് സര്‍ക്കാരാണ്. പദ്ധതികളിലൊന്നിലും മാറ്റംവരുത്താതെ 80:20 അനുപാതം തുടരുകയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരും.
മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പഠിച്ച് പരിഹാരം നിര്‍ദേശിച്ച സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കുന്നത്. എന്നാല്‍ ഈ പദ്ധതിയുടെ ഉദ്ദേശശുദ്ധി പരിഗണിക്കാതെ വി.എസ് സര്‍ക്കാര്‍ തന്നെ 2011ല്‍ ഇറക്കിയ ഉത്തരവുപ്രകാരമാണ് പദ്ധതികളില്‍ ലാറ്റിന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. മുസ്‌ലിംകള്‍ക്കു മാത്രമുള്ള പദ്ധതിവിഹിതത്തിന്റെ 20 ശതമാനം അവര്‍ക്കുകൂടി നല്‍കുകയായിരുന്നു.
100 ശതമാനം മുസ്‌ലിംകള്‍ക്കു മാത്രമായി ലഭിക്കേണ്ട പദ്ധതിയില്‍ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തിയതോടെ മുസ്‌ലിം ജനവിഭാഗത്തിന്റെ വിഹിതം 80 ശതമാനമായി ചുരുങ്ങുകയും ചെയ്തു. പരിവര്‍ത്തിത ക്രിസ്ത്യന്‍ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി കെ.എസ്.ഡി.സി എന്ന ഏജന്‍സി ഉണ്ടായിരിക്കെ തന്നെയാണ് അവര്‍ക്ക് ഇതിലും വിഹിതം നല്‍കിയത്.
എന്നാല്‍ തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതില്‍ പുനര്‍വിചിന്തനം നടത്താതെ ഈ നിര്‍ദേശങ്ങളും 80:20 അനുപാതവും പൂര്‍ണമായും പിന്തുടരുകയാണ് ചെയ്തത്. 2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.എ, കമ്പനി സെക്രട്ടറി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഒരു സ്‌കോളര്‍ഷിപ്പ് കൊണ്ടുവന്നിരുന്നു. ഇതില്‍ മുന്‍ ഉത്തരവ് പ്രകാരം 80:20 അനുപാതം തന്നെയാണ് നടപ്പാക്കിയത്.
സര്‍ക്കാര്‍ സര്‍വിസുകളില്‍ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള നടപടിയുടെ ഭാഗമായി ആരംഭിച്ച കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്ന സ്ഥാപനത്തിന്റെ പേര് 2016ലെ പിണറായി സര്‍ക്കാര്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നാക്കി മാറ്റിയതോടെ ഇത് എല്ലാവര്‍ക്കുമുള്ള സ്ഥാപനമാണ് എന്ന പ്രചാരണം ബലപ്പെട്ടു.
കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട പല കേസുകള്‍ വന്നപ്പോഴും പദ്ധതികള്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി മുന്‍പാകെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തുകയും ചെയ്തു.
തീവ്ര ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് പല തെറ്റിധാരണകളും വ്യാജപ്രചാരണങ്ങളും ഉയര്‍ന്നപ്പോള്‍ വസ്തുതകള്‍ വ്യക്തമാക്കേണ്ട കഴിഞ്ഞ ഇടതുസര്‍ക്കാരും മുഖ്യമന്ത്രിയും ഈ തെറ്റിധാരണകള്‍ നീക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല. പകരം ഇതിന്റെ ആനുകൂല്യം രാഷ്ടീയമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്.
മദ്‌റസയിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന പ്രചാരണം വരെ വന്നപ്പോഴും കൃത്യമായ വിവരങ്ങളും വിശദീകരണങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ വിഷയം പരിഹരിക്കാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."