പരിവര്‍ത്തിത ക്രൈസ്തവര്‍ക്കായി പദ്ധതികള്‍ ഏറെയുണ്ട്; കോടികളുടെ ഫണ്ടും
കൊച്ചി: ന്യൂനപക്ഷ മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിവാദത്തിനിടെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിനു മാത്രമായി സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികളും ചര്‍ച്ചയാകുന്നു. ദലിത് വിഭാഗങ്ങള്‍, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറിയവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഔദ്യോഗിക തലത്തില്‍ നടക്കുന്നത്. ഇതിനിടെയാണ്, മുസ്‌ലിം
പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലും 20 ശതമാനം പരിവര്‍ത്തിത ക്രൈസ്തവര്‍ അടക്കമുള്ളവര്‍ക്ക് മാറ്റിവച്ചത്.
പരിവര്‍ത്തിത ക്രൈസ്തവരെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സാമ്പത്തികപരമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായാണ് 1980ല്‍ സംസ്ഥാന സര്‍ക്കാര്‍ പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷനു രൂപംനല്‍കിയത്. കോട്ടയം ആസ്ഥാനമായുള്ള പ്രസ്തുത കോര്‍പറേഷനു തിരുവനന്തപുരത്തും കോഴിക്കോടും റീജ്യനല്‍ ഓഫിസുകളുമുണ്ട്. കൃഷിഭൂമി വാങ്ങല്‍, വിദേശ ജോലിക്ക് സഹായം നല്‍കല്‍, വീട് നിര്‍മാണം, വീട് പുനരുദ്ധാരണം, വിവാഹ വായ്പ, തൊഴില്‍ പദ്ധതികള്‍, വിദ്യാഭ്യാസ വായ്പ, ഭവനരഹിതര്‍ക്കുള്ള പ്രത്യേക വായ്പ, മറ്റു വ്യക്തിഗത വായ്പകള്‍, തൊഴില്‍ പരിശീലനം തുടങ്ങിയവ കോര്‍പറേഷന്റെ ക്ഷേമപദ്ധതികളില്‍പെടുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ രണ്ടു വര്‍ഷത്തിനകംതന്നെ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കിയ കാര്യം അന്നത്തെ വകുപ്പുമന്ത്രി എ.കെ ബാലന്‍ 2018 മാര്‍ച്ചില്‍ നിയമസഭയില്‍ വിശദീകരിച്ചിരുന്നു. 3,691 വിദ്യാര്‍ഥികള്‍ക്കായി 15.83 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ, 2,729 പേര്‍ക്ക് 49.88 ലക്ഷം രൂപയുടെ വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന പദ്ധതികള്‍, 10 പേര്‍ക്ക് സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനം തുടങ്ങിയവയെല്ലാം അന്നു മന്ത്രി നിയമസഭയില്‍ വിശദീകരിച്ച പദ്ധതികളാണ്. ഇതിനു പുറമെ, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികളിലേക്ക് രണ്ട് ശതമാനവും മറ്റു തസ്തികകളില്‍ ഒരു ശതമാനവും തൊഴില്‍ സംവരണവുമുണ്ട്. മറ്റു പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങളില്‍പെടുത്തി പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിലും സംവരണമുണ്ട്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 98 ഭവനവായ്പകള്‍, 62 വിവാഹ വായ്പകള്‍, 16 ഭവന പുനരുദ്ധാരണ വായ്പകള്‍, 29 മെഡിക്കല്‍- എന്‍ജിനീയറിങ് പ്രവേശന പരിശീലന പദ്ധതികള്‍, 1,130 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന പദ്ധതി, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയ്ക്കായി സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ പ്രത്യേക ഭരണാനുമതി നല്‍കിയിരുന്നു.
ദലിത് ക്രൈസ്തവര്‍ക്ക് പി.എസ്.സി സംവരണമേര്‍പ്പെടുത്തുന്നത് മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ആരോപിച്ച് വിവിധ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നേരത്തെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."