തൊഴിലിടങ്ങൾ നിർമിതബുദ്ധി കൈയടക്കുമോ?
വി.പി.പി ഹാഫിസ് മുഹമ്മദ് ആരിഫ്
എ.ഐ(ആട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സ്വാധീനംകൊണ്ട് മുപ്പതു കോടി തൊഴിലവസരങ്ങൾ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്ന ഗോൾഡ്മാൻ സാച്‌സിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ തൊഴിൽമേഖല നിർമിതബുദ്ധി കൈയടക്കുമോ എന്ന ചർച്ചകൾ സജീവമാണ്. സംരംഭകർ തങ്ങളുടെ ജോലികൾ ചെയ്യാൻ നിർമിതബുദ്ധിയെ ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു. യു.എസിൽ മൂന്നിൽ രണ്ട് ഭാഗം ജോലികൾ ഒരുപരിധിവരെ എ.ഐ ഓട്ടോമേഷന് വിധേയമായിട്ടുണ്ട്. ജനറേറ്റീവ് എ.ഐ വാഗ്ദാനം ചെയ്യുന്ന കഴിവുകൾ നിറവേറ്റുകയാണെങ്കിൽ നിലവിലുള്ള ജോലികളുടെ നാലിലൊന്ന് വരെ മാറ്റിസ്ഥാപിക്കും. എ.ഐ മനുഷ്യ നിർമിത ഉൽപ്പന്നങ്ങൾക്ക്/സേവനങ്ങൾക്ക് സമാന ഫലം നൽകുമെന്നും അതുവഴി ഉൽപാദനക്ഷമത കുതിച്ചുയരുമെന്നും ഗോൾഡ്മാൻ സാച്‌സിന്റെ റിപ്പോർട്ടിൽ വിലയിരുത്തുന്നുണ്ട്.
വൈറ്റ്‌കോളർ ജോലികളിൽ ആധിപത്യം
ശാരീരിക അധ്വാനം കൂടിയ ജോലികളേക്കാൾ വൈറ്റ്‌കോളർ ജോലികളിൽ ഭാഗികമായി എ.ഐ സ്വാധീനം ചെലുത്തുമെന്ന അഭിപ്രായം ശക്തമാണ്. അഡ്മിനിസ്‌ട്രേറ്റീവ്, ട്രാൻസിലേഷൻ, അഭിഭാഷക ജോലികളിലായിരിക്കും എ.ഐ കൂടുതൽ സ്വാധീനം ചെലുത്തുക. നിലവിൽ ഉള്ളടക്ക രചനകൾ, പബ്ലിഷിങ്, പരസ്യ മേഖലകൾ എന്നിവിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുസരിച്ചുള്ള ആപ്ലിക്കേഷനുകൾ സജീവമായി ഉപയോഗിക്കുന്നുണ്ട്. ഒരു വിഷയത്തിൽ വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങൾ നിമിഷങ്ങൾക്കുള്ളിൽ എഴുതിയെടുക്കാനാകും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രത്യേകത.
കോഡിങ് എളുപ്പത്തിലാക്കാനും ലളിത ഡിസൈനിലുള്ള വെബ്‌സൈറ്റുകൾ തയാറാക്കാനും സാധിക്കുന്നുണ്ട്. ഇത് തൊഴിലാളികൾക്ക് ജോലികൾ എളുപ്പമാക്കാനും വേഗത്തിലാക്കാനും ഉപകരിക്കുന്നുണ്ട്. ഈ മേഖലകളിൽ എ.ഐ കൂടുതൽ വികസിച്ച് തൊഴിൽ സമയവും തൊഴിലാളികളുടെ എണ്ണവും കുറയാൻ കാരണമാകും.അതേസമയം, ക്ലീനിങ്, റിപ്പയർ, മെയിന്റനൻസ്, നിർമാണ പ്രവൃത്തികൾ പോലുള്ള ശാരീരിക അധ്വാനം കൂടിയ ജോലികളിൽ എ.ഐയുടെ സ്വാധീനം ആറു ശതമാനവും അതിൽ താഴെയുമായിരിക്കും എന്നാണ് ഗോൾഡ്മാൻ സാച്‌സിന്റെ റിപ്പോർട്ടിൽനിന്ന് മനസിലാകുന്നത്. മനുഷ്യാധ്വാനം പ്രായോഗികമല്ലാത്ത അവസരങ്ങളിലും സുരക്ഷാ പ്രശ്‌നങ്ങളുള്ളിടത്തും എ.ഐ മെഷീനുകൾ ഉണ്ടാവുന്നത് ഗുണകരമായിരിക്കും.
സമയലാഭം
തൊഴിൽമേഖലയിൽ എ.ഐ നൽകിയ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് സമയ ലാഭമാണ്. ഉള്ളടക്ക രചനകൾ, പരിഭാഷ തുടങ്ങിയ പല ജോലികൾക്കും കൂടുതൽ സമയങ്ങൾ ആവശ്യമാണ്. അതുപോലെ, പോസ്റ്റർ ഡിസൈനിങ്, വെബ് ഡിസൈനിങ്, വിഡിയോ എഡിറ്റിങ് തുടങ്ങിയ ജോലികളും സമയനഷ്ടങ്ങൾ വരുത്തുന്നതാണ്. മനുഷ്യന്റെ തനതായ സർഗശേഷി ആവശ്യമില്ലാത്ത അവസരങ്ങളിൽ ഈ ജോലികളെല്ലാം എ.ഐ ചെറിയ സമയങ്ങൾക്കുള്ളിൽ ചെയ്തുതീർക്കുന്നത് സഹായകരമാണ്. എന്നാൽ ആനുകാലിക വിഷയത്തിൽ പ്രസിദ്ധീകരണാവശ്യത്തിന് ലേഖനം എഴുതാൻ മനുഷ്യന്റെ സർഗശേഷിതന്നെ ഉപയോഗിക്കണം. ഇവിടെ എ.ഐ അഭികാമ്യമല്ല.
കോടിക്കണക്കിന് വരുന്ന കംപ്യൂട്ടർ ഡാറ്റകളെ വിശകലനം ചെയ്യാൻ എ.ഐ തന്നെ വേണം. ഒരു കേസ് ഫയലോ അല്ലെങ്കിൽ യൂസർ മാനുവലോ എ.ഐ ഉപയോഗിച്ച് പരിഭാഷപ്പെടുത്താം. എന്നാൽ സാഹിത്യകൃതി പരിഭാഷപ്പെടുത്തുന്ന അനുയോജ്യമല്ല.
ജോലി കളയുമോ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
കംപ്യൂട്ടറിന്റെ വ്യാപനംമൂലം ചില തൊഴിലുകൾ ഇല്ലാതായി. എന്നാൽ പുതിയ ജോലികൾ ഉടലെടുക്കുകയും ചെയ്തു. അതുപോലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസും നിലവിലുള്ള ചില ജോലികൾ ഇല്ലാതാക്കുമെങ്കിലും പുതിയ തൊഴിലുകൾ കൊണ്ടുവരാൻ കാരണമാകും. എ.ഐ മെഷീനുകൾക്ക് നിർദേശങ്ങൾ പരിശീലിപ്പിക്കുന്ന പ്രോംപ്റ്റ് എൻജിനീയറിങ് പോലെ നിരവധി അവസരങ്ങൾ തുറക്കപ്പെടും. ഇതുവഴി മികച്ച വരുമാനങ്ങളും നേടാം.
ഏതു ടെക്‌നോളജിക്കും പരിപാലന ജോലികൾ ആവശ്യമാണ്. ഇവിടെയും എ.ഐ മെഷീനുകൾ/ആപ്ലിക്കേഷനുകൾ പരിപാലനം ചെയ്യുന്ന ജോലികൾ ഉടലെടുക്കും. എ.ഐ സാങ്കേതികവിദ്യയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ പരിഗണിക്കുകയും അവ ലഘൂകരിക്കാനുള്ള വഴികൾ കണ്ടെത്തുകയുമാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."