യു.എ.ഇ-ഇസ്രായേല്‍ സമഗ്ര സാമ്പത്തിക കരാര്‍ ഒപ്പുവച്ചു
ദുബൈ: യു.എ.ഇ-ഇസ്രായേല്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ദുബൈയില്‍ ഒപ്പുവച്ചു. ഇസ്രായേല്‍ സാമ്പത്തിക വ്യവസായ മന്ത്രി മേജര്‍ ജനറല്‍ ഓര്‍ണ ബാബ്രിവെയും യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ താഊഖുമാണ് കരാര്‍ ഒപ്പുവെച്ചത്. ഇതോടെ 2020 സെപ്റ്റംബറില്‍ നയതന്ത്രബന്ധം സ്ഥാപിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചു.
5 വര്‍ഷത്തിനുള്ളില്‍ 10 ബില്യണിലധികം മൂല്യമുള്ള ഉഭയകക്ഷി വ്യാപാരം ലക്ഷ്യമാക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലാണ് യു.എ.ഇയും ഇസ്രായേലും ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം വലിയ തോതിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാവും. കയറ്റുമതിക്കാര്‍ക്ക് വിപണി വര്‍ധിപ്പിക്കാനും ഊര്‍ജം, പരിസ്ഥിതി, ഡിജിറ്റല്‍ വ്യാപാരം എന്നിവയുള്‍പ്പെടെ പ്രധാന വ്യവസായങ്ങളില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സാധ്യമാക്കും.
ഹോസ്പിറ്റാലിറ്റി, ഫൈനാന്‍ഷ്യല്‍ സര്‍വീസ്, ഡിസ്ട്രിബ്യൂഷന്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ സേവന മേഖലകളെയും ഈ കരാര്‍ പിന്തുണയ്ക്കുന്നുണ്ട.് ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ക്ക് തന്ത്രപരമായ പ്രാധാന്യം നല്‍കുന്നതാണ് കരാറെന്ന് ഓര്‍ണ ബാബ്രിവെ പറഞ്ഞു.അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെച്ചതിനുശേഷം യു.എ.ഇയും ഇസ്രായേലും തമ്മിലുണ്ടായ വ്യാപാര, നിക്ഷേപ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടായത്. 2020 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള എണ്ണ ഇതര വ്യാപാര മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 2.5 ബില്യണ്‍ യുഎസ് ഡോളറിലേറെയുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
നയതന്ത്രബന്ധം സ്ഥാപിക്കുന്നതിലൂടെ യു.എ.ഇയും ഇസ്രായേലും പ്രാദേശിക വ്യാപാരം, നിക്ഷേപം, വിനിമയം എന്നിവയുടെ പുതിയ യുഗത്തിന് തുടക്കമിട്ടതായി യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സെയൂദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."