അറബി ഭാഷാവിരുദ്ധമാകുന്ന ദേശീയ വിദ്യാഭ്യാസ നയം
ഡോ. കെ.എം അലാവുദ്ദീന്‍ പുത്തനഴി
ഡിസംബര്‍ 18 ലോക അറബി ഭാഷാ ദിനമായി ആചരിക്കുകയാണ്. അറബി ഭാഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഈ ദിനം സാക്ഷിയാകുന്നു. മനുഷ്യ സംസ്‌കാരത്തിന് അറബി ഭാഷയുടെ സംഭാവന എന്നതാണ് യുനസ്‌കോ ഈവർഷത്തെ ലോക അറബി ഭാഷാദിനത്തിന്റെ സന്ദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ സര്‍വ ഭാഷകളും മാനവ സംസ്‌കൃതിയുടെ അടയാളമാണെന്നും ഏതെങ്കിലും പ്രദേശത്തിന്റെയോ ജനവിഭാഗത്തിന്റെയോ കുത്തകയല്ലെന്നും പ്രസ്തുത സന്ദേശം വിളംബരം ചെയ്യുന്നു.
അറബി ഭാഷയുടെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളത്തില്‍ വരെ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോകം അറബി ഭാഷയുമായി ബന്ധപ്പെട്ട ദിനം ആചരിക്കുന്നത്. 2022ലെ ദേശീയ വിദ്യാഭ്യാസ നയവും അതിനു ചുവടുപിടിച്ച് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുമാണ് ഈ ആശങ്കയ്ക്ക് വഴിമരുന്നിടുന്നത്.
പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗം വരെയുള്ള വിദ്യാഭ്യാസ ക്രമത്തെക്കുറിച്ച് പറയുന്നിടങ്ങളിൽ അറബിക് എന്ന വാക്ക് ഒരുസ്ഥലത്തു പോലും പരാമർശിക്കുന്നില്ല. ഇന്ത്യയുമായി സാംസ്‌കാരികമായും വാണിജ്യപരമായും അത്രമേല്‍ ബന്ധപ്പെട്ടു കിടക്കുന്ന അറബി ഭാഷയെ മാനവ വിഭവശേഷി വികസനം ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസ നയരേഖയ്ക്ക് എങ്ങനെ അവഗണിക്കാനാവും. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച അന്താരാഷ്ട്ര ഭാഷകളില്‍ ഒന്നായ അറബി ഭാഷ സര്‍വ മേഖലകളിലും അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
ആഗോള വല്‍ക്കരണത്തിന്റെ ഭാഗമായി ലോകം അത്രമേല്‍ ചുരുങ്ങിയ കാലത്ത് സാംസ്‌കാരിക വിനിമയത്തിനും വാണിജ്യ തൊഴില്‍ മേഖലയിലെ പുരോഗതിക്കും ഏറെ സംഭാവന നല്‍കാന്‍ അറബി ഭാഷാ പഠനത്തിലൂടെ സാധിക്കും. ഇന്ത്യയിലെ അക്കാദമിക് രംഗത്തെ അറബി ഭാഷയുടെ വളര്‍ച്ചയും പുരോഗതിയും കസ്തൂരി രംഗന്‍ സമിതി കാണാതെ പോയിരിക്കുന്നു എന്നുവേണം കരുതാൻ. ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ മതപരമായ മതില്‍ക്കെട്ടുകളില്ലാതെ പ്രൈമറി തലം മുതല്‍ യൂനിവേഴ്‌സിറ്റികളില്‍ വരെ അറബി ഭാഷ പഠിക്കാന്‍ നിരവധി പേര്‍ കടന്നുവരുന്നു.
യുവജനോത്സവങ്ങളിലടക്കം അറബി ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ മുസ്ലിമേതര വിദ്യാര്‍ഥികള്‍ വരെ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കാലമാണിത്. അറബ് രാഷ്ട്രങ്ങളിലെ വൈജ്ഞാനിക സ്ഥാപനങ്ങള്‍, ട്രാവലിങ്, ടൂറിസം, ആതുരാലയ മേഖലകള്‍, വിദേശ എംബസികള്‍, ജേണലിസം, വാണിജ്യ വ്യവസായ ധനകാര്യ മേഖലകള്‍, ബാങ്കിങ് പരിഭാഷ, കണ്‍സല്‍ട്ടന്‍സി ഇന്റലിജന്‍സ് തുടങ്ങിയ നിരവധി മേഖലകളില്‍ അറബി ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ തുറന്നു കിടക്കുകയാണ്.
വ്യവസായ വാണിജ്യ തൊഴില്‍ മേഖലകളില്‍ മാത്രമല്ല, സാഹിത്യ സാംസ്‌കാരിക മേഖലകളിലും വിലയ സാധ്യതകളാണ് അറബി ഭാഷ തുറന്നിടുന്നത്. അറബി-മലയാള ഭാഷകളിലേക്ക് കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ നിരവധി വിവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. നിരവധി മലയാളം ക്ലാസിക്കുകള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും പൗരസ്ത്യ ലോകത്ത് അത്തരം പരീക്ഷണങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നുണ്ട്.
മലയാളത്തിലേയും അറബിയിലേയും ഉത്തരാധുനികരായ മിക്ക എഴുത്തുകാരുടെയും സാഹിത്യ രചനകള്‍ ഇരു ഭാഷകളിലുമായി മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക വിനിമയത്തിന് വലിയ സംഭാവനകളാണ് ഇത്തരം വിവര്‍ത്തന സാഹിത്യങ്ങള്‍ നല്‍കുന്നത്. അറബി ഭാഷയെ കേവലം മതപരമായ ഭാഷ എന്നതിനപ്പുറം നമ്മുടെ സാംസ്കാരിക സഹവർത്തിത്വത്തിൻ്റേയും കൈമാറ്റത്തിൻ്റേയും ഏകകം എന്ന രീതിയിൽ കാണേണ്ടിയിരിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം ഏതുരീതിയിലാണ് അറബി ഭാഷാ പഠനത്തെ നോക്കിക്കാണുന്നതെന്ന് പരിശോധിക്കാം. ആഗോള വല്‍ക്കരണത്തിന്റെ സമകാലിക സാഹചര്യത്തില്‍ ലോക ഭാഷകള്‍ പഠിക്കാനുള്ള അവസരം മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ഭാഗം ദേശീയ വിദ്യാഭ്യാസ നയത്തില്‍ കാണാം. പ്രസ്തുത നിര്‍ദേശം ഇപ്രകാരമാണ് സെക്കൻഡറി തലത്തില്‍ (ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ) കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകള്‍ പഠിക്കാന്‍ അവസരമുണ്ടാക്കണം. മറ്റു സംസ്‌കാരങ്ങളെ അടുത്തറിയാനും തൊഴിലിനും പുതിയ കാലത്തെ തുറന്ന ഇടപഴകലിനും ഇത്തരം ഭാഷാ പഠനം സഹായിക്കുമെന്നാണ് നയരേഖ പറയുന്നത്. ഇന്ത്യയുമായി വാണിജ്യ വ്യവസായ സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ ബന്ധമില്ലാത്ത രാഷ്ട്രങ്ങളിലെ ഭാഷകള്‍ പറയുമ്പോഴും യു.എന്‍ അംഗീകാരമുള്ളതും ലോകത്തെ 101 രാജ്യങ്ങളിലെ വിനിമയ ഭാഷയുമായ അറബി പരാമര്‍ശിക്കപ്പെടാതിരിക്കാനുള്ള ചേതോവികാരം തീര്‍ച്ചയായും അന്വേഷിക്കപ്പെടേണ്ടതുണ്ട്.ഇന്ത്യയുടെ പ്രാചീന സംസ്‌കാരം വീണ്ടെടുത്ത് വിശ്വഗുരു എന്ന സ്ഥാനത്തേക്ക് ഭാരതത്തെ ഉയര്‍ത്തുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയരേഖയുടെ പ്രധാന കാതല്‍. അതിനായി ഇതിന്റെ പിന്നണിയാളുകള്‍ മുന്നോട്ടുവയ്ക്കുന്ന ഒറ്റമൂലിയാണ് സംസ്‌കൃത വല്‍ക്കരണം.
'ഏക്ഭാരത് ശ്രേഷ്ഠ് ഭാരത്' എന്ന അടിസ്ഥാനത്തില്‍ നിന്നുകൊണ്ടായിരിക്കണം ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെന്നാണ് നയരേഖാ സമിതിയുടെ നിര്‍ദേശം. വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ മേഖലകളിലും ഭാരതീയമായ ജ്ഞാന മണ്ഡലങ്ങള്‍ സവിശേഷമായ പ്രാധാന്യം നല്‍കുമ്പോള്‍ ന്യൂനപക്ഷങ്ങളേയും അവരുടെ ഭാഷകളേയും പൂര്‍ണമായും അവമതിക്കാനും തള്ളിക്കളയാനുമുള്ള ശ്രമങ്ങളാണ് നയരേഖ മുന്നോട്ടുവയ്ക്കുന്നത്. നീതിയുക്തവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം വിദ്യാഭ്യാസം. ഈ ലക്ഷ്യപ്രാപ്തിക്ക് വേണ്ടത് എല്ലാ സാമൂഹിക വിഭാഗങ്ങളുടേയും സാംസ്‌കാരിക സവിശേഷതകളെ പരിഗണിക്കുന്ന വിദ്യാഭ്യാസ നയമാണ്.
വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളടക്കം സര്‍വ രംഗത്തും തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളും നിഗൂഢ അജണ്ടകളും നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം തലതിരിഞ്ഞ വിദ്യാഭ്യാസ നയമെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസിലാകും.ഈയൊരു സാഹചര്യത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. പൂര്‍ണമായി കേന്ദ്ര വിദ്യാഭ്യാസ നയരേഖയെ അതേപടി പകര്‍ത്തുന്ന നയസമീപനമായിരിക്കരുത് കേരളം സ്വീകരിക്കേണ്ടത്. തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള ഇച്ഛാശക്തി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കാണിക്കണം.
ആര്‍ഷഭാരത സംസ്‌കാരത്തിന്റെയും സംസ്‌കൃത വല്‍ക്കരണത്തിന്റേയും പേരില്‍ അറബി ഭാഷാ പഠനത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മുടെ സാംസ്‌കാരിക തൊഴില്‍ രംഗങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഉത്തമ ബോധ്യം സര്‍ക്കാറിനുണ്ടാകേണ്ടതുണ്ട്. സ്വന്തമായി വിദ്യാഭ്യാസ നയം രൂപീകരിച്ച തമിഴ്‌നാട് മോഡല്‍ ഈ രംഗത്തെ മികച്ച മാതൃകയാണ്.
( ചേന്ദമംഗല്ലൂർ എസ്.എ കോളജ് അറബിക് വിഭാഗം ലക്ചററാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."