പ്രതീക്ഷയോടെ പുതു അധ്യയനവര്‍ഷത്തിലേക്ക്
മാനവരാശിയെ കടുത്ത പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരിയെ ശാസ്ത്രത്തിന്റെ സഹായത്തോടെ മറികടക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ഇക്കൊല്ലം അധ്യയനവര്‍ഷം ആരംഭിക്കുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന എല്ലാ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. രണ്ടു വര്‍ഷത്തിനുശേഷമാണ് ജൂണ്‍ മാസത്തില്‍ തന്നെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നത്. കുട്ടികളുടെ സുരക്ഷിത വിദ്യാഭ്യാസജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി. ശൗചാലയങ്ങള്‍ വൃത്തിയാക്കി. പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിച്ചു. പൊതുജന സഹകരണത്തോടെ സ്‌കൂളും പരിസരവും ശുചിയാക്കി. കുഞ്ഞുങ്ങളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി കൊണ്ട് വര്‍ണ ശബളമായ അലങ്കാരങ്ങളും സജ്ജീകരിക്കുന്നുണ്ട്. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഉത്സവച്ഛായയോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. വലിയ ആവേശത്തോടെയും സന്തോഷത്തോടെയും വരുന്ന കുട്ടികള്‍ നിരാശരാവില്ലെന്ന് ഉറപ്പിക്കാം.
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. വിദ്യാഭ്യാസ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന ആഗോളവത്കരണ ശക്തികളുടെ നിലപാടിന് അനുഗുണമായ നയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കേരള സര്‍ക്കാര്‍ ബദല്‍ വിദ്യഭ്യാസ നയ സമീപനം മുന്നോട്ടുവയ്ക്കുന്നു. അതിനായി സര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മക നടപടികള്‍ അഭൂതപൂര്‍വ മാറ്റത്തിനാണ് വഴി തുറന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ഒഴുകിയെത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പത്തര ലക്ഷം കുട്ടികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം തേടി. ഇക്കൊല്ലവും ഈ സ്ഥിതി തുടരുമെന്ന് തന്നെയാണ് സൂചനകള്‍.
പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടര്‍ച്ചയായ വിദ്യാകിരണം മിഷനും സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റി. ഭൗതിക സാഹചര്യങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്താന്‍ പല സ്‌കൂളുകള്‍ക്കും കഴിഞ്ഞു. എന്നാല്‍ ഇതുകൊണ്ട് മാത്രമായില്ല. അക്കാദമിക മികവിലും നാം പിന്തള്ളപ്പെടരുത്. നവോത്ഥാന കേരളം ഇന്ന് വിജ്ഞാനസമൂഹമായി കുതിക്കാനുള്ള തയാറെടുപ്പിലാണ്. അതിനുള്ള അടിത്തറ ഒരുക്കേണ്ടത് സ്‌കൂളുകളാണെന്ന് മറന്നുകൂടാ. അന്താരാഷ്ട്രതലത്തിലുള്ള മത്സര പരീക്ഷകളില്‍ കേരളത്തിലെ കുട്ടികള്‍ മുന്നില്‍ എത്തണം. അതിനാവശ്യമായ വിദഗ്ധ പരിശീലനം പള്ളിക്കൂടങ്ങളില്‍നിന്ന് ലഭിക്കണം. അവര്‍ക്ക് ആത്മവിശ്വാസവും പോസിറ്റിവായ മത്സരബുദ്ധിയുമുണ്ടാകണം.
പഠനം കേവലം പരീക്ഷാവിജയം മാത്രമല്ല. കുട്ടികള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദം നല്‍കിക്കൊണ്ട് പരീക്ഷകളില്‍ ഒന്നാമതാക്കുക എന്നതല്ല പൊതുവിദ്യാഭ്യാസ നയം. അതി സങ്കീര്‍ണവും പ്രശ്‌നാധിഷ്ഠിതവുമായ ഭാവിസമൂഹത്തില്‍ അതിജീവിക്കുവാന്‍ പ്രാപ്തി നേടുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. പരിസ്ഥിതി ബോധം, ലിംഗാവബോധം, ശുചിത്വബോധം തുടങ്ങിയവ കുട്ടികള്‍ക്ക് ഉണ്ടാകുന്നതിനും വിദ്യാഭ്യാസത്തിലൂടെ കഴിയണം. ആനന്ദകരമായ വിദ്യാലയന്തരീക്ഷം കുട്ടികളുടെ വ്യക്തിത്വവികസനത്തിന് ആവശ്യമാണെന്നാണ് ഫിന്‍ലാന്‍ഡ് പോലെയുള്ള രാജ്യങ്ങളിലെ വിദഗ്ധര്‍ പഠനങ്ങള്‍ക്ക് ശേഷം ഉറപ്പിച്ചുപറയുന്നത്.
നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ജനാധിപത്യപരമായ വിദ്യാഭ്യാസ രീതിയിലൂടെ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. അത്തരത്തില്‍ ഉയര്‍ന്നതലത്തിലേക്ക് വളരാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം വിലയിരുത്താന്‍ അധ്യാപകരെ പരിശീലിപ്പിക്കാന്‍ ഇക്കൊല്ലം ശ്രമിക്കുന്നുണ്ട്.
ഇത്തവണ അധ്യാപകര്‍ക്ക് ഉത്തരവാദിത്വം കൂടുതലായിരിക്കും. കാരണം രണ്ടുവര്‍ഷം വീടുകളില്‍ മാത്രം കഴിഞ്ഞ കുട്ടികള്‍ക്ക് പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പ്രൈമറി ക്ലാസില്‍ ആദ്യമായി സ്‌കൂളില്‍ വരുന്ന കുട്ടികളാണെന്ന് ഓര്‍ക്കുക. ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ച കുട്ടികള്‍ക്ക് കൂട്ടം കൂടാനോ കൂട്ടത്തില്‍ ജീവിക്കുവാനോ ഉള്ള അറിവുണ്ടാവില്ല. സ്‌ക്രീന്‍ അഡിക്ഷന് പല കുട്ടികള്‍ക്കും ചികിത്സ ആവശ്യമായി പോലും വന്നിരുന്നു. സന്തോഷകരമല്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വൈകാരികമായി ഏറെ ദൗര്‍ബല്യം അനുഭവിച്ചേക്കും. ഇക്കാരണങ്ങളാല്‍ സാധാരണ പഠന വിടവ് മാത്രം പരിഗണിക്കുന്ന സ്ഥാനത്ത് വൈകാരിക, സാമൂഹ്യ, മാനസിക പ്രശ്‌നങ്ങള്‍ കൂടി അധ്യാപകര്‍ അനുതാപത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ അധ്യാപകര്‍ക്ക് ഇക്കൊല്ലം പരിശീലനം നല്‍കിയത്. കുട്ടിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയാല്‍ മാത്രമേ പഠന നിലവാരവും മെച്ചപ്പെടൂ.
അധ്യാപകരുടെ പ്രഫഷണലിസം വികസിപ്പിക്കുക എന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനു അനിവാര്യമാണ്. അധ്യാപക പരിശീലനം റെസിഡന്‍ഷ്യല്‍ മാതൃകയിലാക്കുന്നതിനു പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കൊല്ലം ശ്രമം തുടങ്ങിവച്ചിട്ടുണ്ട്. സമ്പൂര്‍ണ സാക്ഷരമാണ് കേരളമെങ്കിലും ഇനിയും ഏറെ ദൂരം മുന്നോട്ടുപോയാല്‍ മാത്രമേ നമുക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വാധിഷ്ഠിത സമൂഹത്തിലേക്ക് എത്താന്‍ കഴിയൂ. ലിംഗ, ജാതി, മത, ഭൂമിശാസ്ത്രപരമായ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന് ബോധപൂര്‍വമായ ശ്രമം വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നതിന് ക്രിയാത്മക പദ്ധതികള്‍ പരിഗണനയിലാണ്. വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. കടലോര, ആദിവാസി മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.
201819 അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നുണ്ട്. സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള അടിസ്ഥാന രേഖയാണിത്. ഇക്കൊല്ലം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഘട്ടം രണ്ടാണ് തയാറാക്കുന്നത്. അധ്യാപകരെയും രക്ഷിതാക്കളെയും സജ്ജരാക്കാനുള്ള ഒരു പരിവര്‍ത്തന പദ്ധതിയാണിത്. സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയും അത് പ്രവര്‍ത്തന പാതയില്‍ എത്തിക്കുകയും വേണം.
അടുത്തകാലത്തു ഡിജിറ്റല്‍ സൗകര്യങ്ങളിലുണ്ടായ വലിയ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ ചലനങ്ങള്‍ക്ക് സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരള സൃഷ്ടിക്ക് ഉതകുന്ന ഒരു കരുത്തുറ്റ തലമുറയെ വാര്‍ത്തെടുക്കുവാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയും എന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. ജനാധിപത്യ കാഴ്ചപ്പാടും പൗരബോധവുമുള്ള തലമുറയെ സൃഷ്ടിക്കുവാന്‍ സഹായിക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് രക്ഷകര്‍ത്താക്കളും അധ്യാപകരും പൊതുസമൂഹവും സര്‍ക്കാരിനൊപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
(പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ്
മന്ത്രിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."