''ഞങ്ങള്‍ ഇനി എങ്ങനെ പഠിക്കും?'' ദ്വീപില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍
കവരത്തി: 'ഞങ്ങള്‍ ഇനി എങ്ങനെ പഠിക്കും' സ്‌കൂള്‍ പ്രവേശനോല്‍സവത്തിലേക്ക് കടക്കുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്‌കാരത്തില്‍ ഉലയുന്ന ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ ചോദ്യമാണിത്. രാജ്യത്ത് സ്‌കൂളുകള്‍ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ പൂട്ടിയപ്പോള്‍ പോലും സുഖമമായി വിദ്യാഭ്യാസം തുടര്‍ന്ന ലക്ഷദ്വീപില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വിദ്യാഭാസ മേഖലയേയും സാരമായി ബാധിച്ചു.
ദ്വീപില്‍ ലോക്ക് ഡൗണ്‍ കൂടി വന്നതോടെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കൊവിഡ് പ്രതിരോധം പാളി ദ്വീപില്‍ രോഗം എത്തിയതോടെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ ഫെബ്രുവരിയില്‍ പൂര്‍ണമായി അടച്ചു. ഇതിനിടയില്‍ പട്ടേലിന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവുകളും ഇറങ്ങി. രാജ്യത്തെ വിദ്യാഭ്യാസ രീതി ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും ഇന്റര്‍നെറ്റ് ലഭ്യതക്കുറവ് കാരണം ദ്വീപിലെ വിദ്യാഭ്യാസം ഓണ്‍ലൈനില്‍ ആക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തലസ്ഥാനമായ കവരത്തിയില്‍ മാത്രമാണ് പേരിന് ഫോര്‍ജിയുള്ളത്. അതും എപ്പോഴും ലഭിക്കുകയില്ല. മറ്റു ദ്വീപുകളില്‍ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് പോലും ലഭിക്കാറില്ല.
നെറ്റ് കണക്ഷന്‍ ത്രീജിയും ടു ജിയുമാണ് ചെറിയ ദ്വീപുകളില്‍. പട്ടേലിനെതിരേ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ ഇന്റര്‍നെറ്റ് സ്പീഡ് ഉണ്ടായിരുന്നത് കൂടി ഇല്ലാതായിരിക്കുകയാണ്. വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ കൂടി നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ദ്വീപിലെ ആറ് സ്‌കൂളുകള്‍ ഇല്ലാതാക്കിയ പട്ടേല്‍ കല്‍പേനി ഒഴികെ എല്ലാ ദ്വീപിലെയും നഴ്‌സറി സ്‌കൂളുകളുടേയും എണ്ണം കുറച്ചു. 107 അങ്കണവാടികളില്‍ 36 എണ്ണവും നിര്‍ത്തലാക്കി. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ അഡ്മിനിസേ്ട്രറ്റര്‍ തിരിച്ചെടുത്താണ് പരിഷ്‌കാരങ്ങള്‍ നടത്തിയത്. നൂറുകണക്കിന് കരാര്‍ അധ്യാപകരെ പിരിച്ചുവിട്ടുകൊണ്ട് വിദ്യാര്‍ഥി - അധ്യാപക അനുപാദം 30: 1 ല്‍ നിന്ന് 45 : 1 ആക്കി മാറ്റുവാനാണ് നീക്കം നടത്തിയത്. അമിനിയില്‍ രണ്ടും കില്‍ത്താന്‍, അഗത്തി , മിനിക്കോയ്, കടമത്ത് എന്നിവിടങ്ങളില്‍ ഓരോ ജൂനിയര്‍ ബേസിക് സ്‌കൂളുകളാണ് അടച്ചു പൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."