കെജ്‌രിവാളിനെ ലക്ഷ്യംവച്ച് ബി.ജെ.പി
ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിച്ചെന്ന ഇ.ഡിയുടെ കേസിൽ ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായതിനു പിന്നാലെ മുഖ്യമന്ത്രി കെജ്‌രിവാളിന് നേരെയും ബി.ജെ.പി. കള്ളപ്പണം വെളുപ്പിച്ചത് കെജ്‌രിവാളിന്റെ അറിവോടെയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.
കെജ് രിവാൾ മന്ത്രി സത്യേന്ദർ ജയിനിനെ പരിചയായി ഉപയോഗിക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്മൃതി ഇറാനി കെജ് രിവാളിനെതിരേ ആരോപണവുമായി രംഗത്തുവന്നത്. സത്യേന്ദർ ജെയിൻ 16.39 കോടിയുടെ കള്ളപ്പണം കൈവശംവച്ചുവെന്ന് വരുമാന നികുതി പ്രിൻസിപ്പൽ കമ്മിഷണർ പറയുന്നത് കളവാണോയെന്ന് അവർ ചോദിച്ചു.
2019 ൽ സത്യേന്ദറിനെതിരേ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതും ബി.ജെ.പി ഉയർത്തുന്നുണ്ട്.
2010 നും 2016 നും ഇടയിൽ ഹവാല ഇടപാടിലൂടെയാണ് ഇത്രയും പണം ഉണ്ടാക്കിയതെന്നും സ്മൃതി ആരോപിച്ചു.ഡൽഹിയിലെ അനധികൃത ഒഴിപ്പിക്കലിനെതിരേ എ.എ.പി, ബി.ജെ.പിയുമായി ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പിയും എ.എ.പിയും തുറന്ന പോരിന് ഇറങ്ങിയതോടെയാണ് എ.എ.പി നേതാക്കളെ ഇ.ഡി ലക്ഷ്യംവച്ചത്.
ഹരിയാനയിലും ഗുജറാത്തിലും ബി.ജെ.പിക്കെതിരേ എ.എ.പി തെരഞ്ഞെടുപ്പ് പ്രചാരണവും കുറിച്ചു. ഇതിൽ പങ്കെടുത്ത കെജ്‌രിവാൾ കഴിഞ്ഞ ദിവസം ബി.ജെ.പിക്കെതിരേ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഇതും ബി.ജെ.പിയെ ചൊടിപ്പിക്കുന്നുണ്ട്. എ.എ.പി നേതാവ് കെജ്‌രിവാളിനെതിരേ ബി.ജെ.പി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തുന്നതും ആദ്യമാണ്.
അതിനിടെ, ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിനെ സി.ബി.ഐ കോടതി ജൂൺ 9 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. 2017 ലാണ് ജയിനെതിരേ സി.ബി.ഐ കേസെടുത്തിരുന്നത്. അഴിമതി വിരുദ്ധ നിയമപ്രകാരമായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."