വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളിൽ രണ്ട് പേരിൽ നോറോ വൈറസ്
തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എല്‍ എം എല്‍ പി സ്‌കൂളിലെ രണ്ട് കുട്ടികളില്‍ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് ഇത് വരിക. പകര്‍ച്ചാ ശേഷിയും കൂടുതലാണ്. അങ്ങനെയെങ്കില്‍ ഭക്ഷണമോ വെള്ളമോ വൃത്തിഹീനമായ പരിസരമോ ഏതാണ് ഉറവിടം എന്നത് കണ്ടെത്തല്‍ പ്രധാനമാണ്.
വിഴിഞ്ഞത്ത് ഇന്ന് 5 കുട്ടികള്‍ കൂടി അസ്വസ്ഥകതകളുമായി ചികിത്സ തേടി. കായംകുളത്തെയും കൊട്ടാരക്കരയിലെയും ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താന്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍. കൊട്ടാരക്കരയിലെ അംഗന്‍വാടിയില്‍ 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി കണ്ടെത്തിയിരുന്നു.
അതേസമയം, സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.
ഭക്ഷ്യ സിവില്‍ സപ്‌ളൈസ് മന്ത്രി ജി ആര്‍ അനില്‍, ഭക്ഷ്യസുരക്ഷാകമ്മിഷണര്‍ , പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കായംകുളത്തും തിരുവനന്തപുരം ഉച്ചക്കടയിലും സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ആരോഗ്യ– വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."