പ്രയാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
കൊല്ലം
അരനൂറ്റാണ്ടിലേറെ കാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം രാവിലെ പത്തോടെ കൊല്ലം ഡി.സി.സി ഓഫിസിലെത്തിച്ച് പൊതുദർശനത്തിനുവച്ചു. മന്ത്രിമാർ, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകരും നേതാക്കളും പാർട്ടിപ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. പൊതുദർശനത്തിനുശേഷം പ്രയാറിന്റെ മൃതദേഹം പതിനൊന്നോടെ വിലാപയാത്രയായി ചിതറയിലെ വീട്ടിലേക്ക് കൊണ്ടുപോയി.മുഖ്യമന്ത്രിക്കുവേണ്ടി റവന്യൂ മന്ത്രിയും കെ.പി.സി.സിക്കുവേണ്ടി പ്രതാപചന്ദ്രൻ നായരും പ്രയാറിന്റെ വീട്ടിലെത്തി മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ചിതറയിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഭൗതികശരീരം സംസ്‌കരിച്ചു. മകൻ ഡോ. വിഷ്ണുവാണ് ചിതക്ക് തീ കൊളുത്തിയത്. മന്ത്രി കെ.എൻ ബാലഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എം ഹസൻ, കെ.സി ജോസഫ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."