പൊലിസിനെ വിളിച്ച് രണ്ടാം ക്ലാസുകാരൻ
എൻ.സി ഷെരീഫ്
മഞ്ചേരി
സൈക്കിളെടുത്ത് പുറത്തിറങ്ങാൻ രക്ഷിതാക്കൾ സമ്മതിക്കാതിരുന്നതോടെ പൊലിസിനെ വിളിച്ച് പരാതി പറഞ്ഞ് രണ്ടാം ക്ലാസുകാരൻ. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് ഏഴുവയസുകാരൻ പൊലിസിനെ സമീപിച്ച് സൈക്കിൾ ഓടിക്കാൻ അനുമതി ആവശ്യപ്പെട്ടത്. ആറാം തരത്തിൽ പഠിക്കുന്ന സഹോദരൻ സൈക്കിൾ എടുത്ത് സ്കൂളിൽ പോകുന്നുണ്ടെങ്കിലും തനിക്ക് മാതാപിതാക്കൾ സമ്മതം നൽകുന്നില്ലെന്നായിരുന്നു കുട്ടിയുടെ പരാതി. കുട്ടികളിലെ മാനസിക സമ്മർദം ലഘൂകരിക്കാനായി പൊലിസ് ആരംഭിച്ച ചിരി പ്രോഗ്രാമിലേക്കാണ് കുട്ടികൾ വിളിച്ച് പരാതി പറയുന്നത്. പൊലിസിൻ്റെ സാരോപദേശവും വിദഗ്ധരുടെ കൗൺസിലിങും കൂടിയായതോടെ കുട്ടിക്ക് കാര്യം മനസിലായി.
സംസ്ഥാനത്ത് ഇതുവരെ 29000ത്തിലധികം പേരാണ് പദ്ധതിയിലേക്ക് വിളിച്ചത്. കൊവിഡിനെ തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടക്കത്തിൽ വിളിക്കുന്നവരിൽ ഏറെയും വിദ്യാർഥികളായിരുന്നെങ്കിൽ ഇപ്പോൾ പരാതിക്കാരിൽ രക്ഷിതാക്കളുമുണ്ട്. ഊണും ഉറക്കവും കുളിയും ഇല്ലാതെ ഫോണിൽ ഗെയിം കളിച്ചിരിക്കുന്നതാണ് പ്രധാന പരാതി. പകൽ സമയത്ത് തുടങ്ങുന്ന ഗെയിം പുലർച്ചെ മൂന്ന് വരെ നീളും. പിന്നീട് ഉച്ചക്ക് 12വരെ ഉറങ്ങുന്നു എന്നാണ് ചില രക്ഷിതാക്കളുടെ പരാതി. സമൂഹ മാധ്യമങ്ങളിലൂടെ ചങ്ങാത്തം കൂടിയവരുമായി രാത്രി വൈകിയും ചാറ്റ് ചെയ്യുന്ന പെൺകുട്ടികളും രക്ഷിതാക്കളുടെ ഉറക്കംകെടുത്തിയതോടെ പരിഹാരം തേടി വിളിക്കുന്നത് പദ്ധതിയിലേക്കാണ്. തിരുവനന്തപുരം 2669, മലപ്പുറം 2649, തൃശൂർ 2379, കോഴിക്കോട് 2348, കൊല്ലം 2446, എറണാകുളം 2197, കോട്ടയം 2048, വയനാട് 1749, പത്തനംതിട്ട 1575, കാസർക്കോട് 1405, ആലപ്പുഴ 1770, പാലക്കാട് 1500, ഇടുക്കി 1188, കണ്ണൂർ 2682 എന്നിങ്ങനെയാണ് ഓരോ ജില്ലയിൽ നിന്നും ചിരി പദ്ധതിയിലേക്ക് എത്തിയ ഫോൺ വിളികളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."