മദ്റസാധ്യാപക ക്ഷേമനിധിയെ തകര്‍ക്കാന്‍ ഗൂഢശ്രമം
കോഴിക്കോട്: തൊഴിലാളി ക്ഷേമനിധി എന്ന നിലയിലുള്ള മദ്‌റസാധ്യാപക ക്ഷേമനിധിയെ മതത്തിന്റെ മാനത്തിലേക്ക് ചുരുക്കിക്കെട്ടി തകര്‍ക്കാന്‍ ശ്രമിക്കുന്നത് വസ്തുകള്‍ മനപ്പൂര്‍വം മറച്ചുവച്ച്.
തുച്ഛമായ വരുമാനത്തില്‍ ജോലിചെയ്യുന്ന മദ്‌റസാധ്യാപകരുടെ സമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ പരിഗണിച്ച് സച്ചാര്‍, പാലോളി കമ്മിറ്റികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2010ല്‍ വി.എസ് സര്‍ക്കാരിന്റെ അവസാന കാലത്ത് മദ്‌റസാധ്യാപക ക്ഷേമനിധി ആരംഭിച്ചത്.
കേരളത്തില്‍ ദേവസ്വം ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍ തുടങ്ങി എല്ലാ തൊഴില്‍മേഖലകളിലും നടപ്പാക്കിയ ക്ഷേമപദ്ധതി പോലെയാണ് മദ്‌റസാധ്യാപകര്‍ക്കായും സര്‍ക്കാര്‍ ക്ഷേമനിധി നടപ്പാക്കിയത്.
ക്ഷേമനിധി തീര്‍ത്തും പലിശരഹിതമാക്കി പദ്ധതി വിജയിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ നീക്കത്തെ തുടര്‍ന്നാണ് മദ്‌റസാധ്യാപകര്‍ പദ്ധതിയില്‍ അംഗങ്ങളായത്. പദ്ധതി പ്രീമിയത്തില്‍ 50 രൂപ അധ്യാപകരും 50 രൂപ മദ്‌റസാ മാനേജ്‌മെന്റും അടയ്ക്കണമെന്നാണു ചട്ടം.
സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം മദ്‌റസാധ്യാപകര്‍ ഇന്നും തുച്ഛമായ ശമ്പളം ലഭിക്കുന്ന തൊഴിലാളി വിഭാഗമാണ്. മഹല്ലുകളില്‍നിന്ന് ശേഖരിക്കുന്ന തുകയില്‍നിന്നാണ് മദ്‌റസാ മാനേജ്‌മെന്റ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്. മദ്‌റസാധ്യാപകരുടെ ശമ്പളയിനത്തില്‍ യാതൊരു ഫണ്ടും സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. ഇക്കാര്യം ബോധപൂര്‍വം വിസ്മരിച്ചാണ് മദ്‌റസാധ്യാപകര്‍ക്ക് തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയെ തല്‍പരകക്ഷികള്‍ എതിര്‍ക്കുന്നത്.
ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളമടക്കം സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്നിരിക്കെയാണ് ക്ഷേമനിധിയില്‍ വര്‍ഷങ്ങളോളം പ്രീമിയം അടച്ചതിനു ശേഷം മദ്‌റസാധ്യാപകര്‍ക്കു തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നത്.
മദ്‌റസകളില്‍ മതപഠനം മാത്രമാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. എന്നാല്‍, മതപരമായ പ്രവര്‍ത്തനം മാത്രം നടക്കുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ 90 ശതമാനത്തിലധികവും വഹിക്കുന്നത് ദേവസ്വം ബോര്‍ഡുകളാണ്. ഇത്തരത്തില്‍ ബോര്‍ഡുകള്‍ വഴി ശമ്പളവും ആനുകൂല്യവും നല്‍കിത്തുടങ്ങിയതോടെയാണ് മദ്‌റസാധ്യാപകരെപ്പോലെത്തന്നെ തുച്ഛമായ ശമ്പളത്തില്‍ തൊഴിലെടുത്തിരുന്ന ക്ഷേത്രം ജീവനക്കാരുടെ ജീവിതനിലവാരം അല്‍പമെങ്കിലും മെച്ചപ്പെട്ടത്.
സാധാരണ ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ 50 ശതമാനമാണ് ജീവനക്കാരുടെ ശമ്പളത്തിലേക്ക് മാറ്റിവയ്ക്കുന്നത്. എന്നാല്‍ മലബാറിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇതു വളരെ കറവായിരിക്കും. അതിനാല്‍ തന്നെ ജീവനക്കാരുടെ ശമ്പളത്തിന്റെ 95 ശതമാനത്തിലധികവും സര്‍ക്കാര്‍ഫണ്ടില്‍ നിന്നാണ് അനുവദിക്കുന്നത്.
75 രൂപ മുതല്‍ 300 രൂപ വരെയാണ് പെന്‍ഷന്‍ പദ്ധതിയിലേക്ക് ജീവനക്കാര്‍ പ്രീമിയം അടയ്ക്കുന്നത്. 2,500, 3,000 എന്നിങ്ങനെ പെന്‍ഷനും അനുവദിക്കും. മാത്രമല്ല, ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 5,000 രൂപ, അപകടം സംഭവിച്ചാല്‍ 10,000, ചികിത്സാ ധനസഹായമായി 25,000 രൂപയും അനുവദിക്കുന്നുണ്ട്.
സര്‍വിസ് കൂടുന്നതിന് അനുസരിച്ച് ഇവരുടെ ഗ്രേഡ് വര്‍ധിക്കുന്നുമുണ്ട്. ഇപ്പോള്‍ ക്ഷേത്രജീവനക്കാരുടെ ശമ്പളവര്‍ധനയും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകളിലും സ്ഥിതി വ്യത്യസ്തമല്ല.
ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളമടക്കം സര്‍ക്കാര്‍ ഫണ്ടില്‍നിന്നു ചെവവഴിച്ചിട്ടും അതിനെതിരേ ഒരു എതിര്‍ശബ്ദം പോലും ഇതരസമുദായങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടില്ലെന്നിരിക്കെ മദ്‌റസാധ്യാപകര്‍ക്കുള്ള തൊഴിലാളി ക്ഷേമനിധിയെ, മുസ്‌ലിംകള്‍ അനര്‍ഹമായി സര്‍ക്കാര്‍സഹായം പറ്റുന്നുവെന്ന രീതിയില്‍ ചിത്രീകരിച്ച് ഇല്ലാതാക്കന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഇന്ന് സമൂഹത്തിത്തില്‍ ഏറ്റവും താഴ്ന്ന വരുമാനമുള്ള മദ്‌റസാധ്യാപകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴില്‍ നടപ്പാക്കുന്നതു പോലുള്ള സഹായ പദ്ധതികളാണ് നടപ്പാക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."