പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല
ന്യൂഡല്‍ഹി: എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സംരക്ഷണമുണ്ടെന്നും പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും സുപ്രിംകോടതി.
കടുത്ത വാക്കുകളുപയോഗിച്ച് ഭരണകൂടത്തോടുള്ള വിയോജിപ്പുകള്‍ അറിയിക്കുന്നത് നടപടികള്‍ മെച്ചപ്പെടുത്തണമെന്നോ നിയമപരമായ മാറ്റംവരുത്തുകയോ വേണമെന്ന ഉദ്ദേശ്യത്തോടെയാണെന്നും അതുരാജ്യദ്രോഹമല്ലെന്നുമുള്ള 1962ലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം.
1962ലെ വിധിപ്രകാരമുള്ള സംരക്ഷണം മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിക്കുമെന്നും ജഡ്ജിമാരായ യു.യു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയാണ് സുപ്രിംകോടതി നടപടി. ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭകരെ ലക്ഷ്യംവച്ച് സംഘ്പരിവാര്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വിനോദ് ദുവയുടെ വിമര്‍ശനങ്ങള്‍ക്കെതിരേ ബി.ജെ.പി നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരേ വിവിധ കേസുകളുണ്ട്.
മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും പ്രധാനമന്ത്രി തെരഞ്ഞെടുപ്പു നേട്ടത്തിന് ഉപയോഗിക്കുന്നു എന്ന യുട്യൂബ് വിഡിയോയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഹിമാചല്‍പ്രദേശിലെ ബി.ജെ.പി നേതാവിന്റെ പരാതിയിലാണ് വിനോദിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിനോദ് നല്‍കിയ ഹരജിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ വാദം പൂര്‍ത്തിയായി വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
1962ലെ വിധിയില്‍ ക്രമസമാധാനം ഇല്ലാതാക്കുന്നതോ അക്രമത്തിന് ആഹ്വാനം നല്‍കുന്നതോ ആയ നീക്കങ്ങള്‍ മാത്രമാണ് രാജ്യദ്രോഹം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിയുടെ സംരക്ഷണം എല്ലാവര്‍ക്കും നല്‍കണം.
സര്‍ക്കാരിനെയും ഭരിക്കുന്നവരെയും വിമര്‍ശിക്കുന്നതുമാത്രം രാജ്യദ്രോഹമല്ലെന്ന് വിധിയിലുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.
പത്തുവര്‍ഷമെങ്കിലും പ്രവര്‍ത്തനപരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടെ അനുമതിവേണമെന്ന വിനോദിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."