വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി മെസഞ്ചറില്‍ ചാറ്റ് ചെയ്ത് പണം തട്ടിപ്പ് വ്യാപകം
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി വ്യാപകമായി പണം തട്ടുന്നു. അടുത്ത സൗഹൃദബന്ധത്തിലുള്ളവരുടെയോ പരിചയക്കാരുടെയോ വ്യാജ അക്കൗണ്ടുകളുണ്ടാക്കി മെസഞ്ചറില്‍ ചാറ്റ് ചെയ്താണ് പണം തട്ടുന്നത്. ഈയിടെയായി കാസര്‍കോട് ജില്ലയിലെ നിരവധി പേര്‍ക്ക് ഇതേ രീതിയിലുള്ള അനുഭവമുണ്ടായി. അത്യാവശ്യമാണെന്നും പിന്നീട് തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്.
ഏറെ പരിചയമുള്ളവര്‍, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ ഉന്നതര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പേരുകളിലാണ് വ്യാപകമായി വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം തട്ടുന്നത്. മെസഞ്ചറുകളില്‍ വന്ന് പരിചയമുള്ളവരെപ്പോലെ ചാറ്റ് ചെയ്ത് അടുത്ത ആരെങ്കിലും ആശുപത്രിയിലുണ്ടെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് രീതി.
നേരിട്ട് പരിചയമുള്ളവരോ സമൂഹത്തിന്റെ ഉന്നതസ്ഥാനത്തുള്ളവരോ ചോദിക്കുമ്പോള്‍ മറുത്തൊന്നും ആലോചിക്കാതെ പലരും പണം നല്‍കുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ വഴിയാണ് പണം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്നത്. ഇതിനകം പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീടാണ് പലര്‍ക്കും അബദ്ധം മനസിലാവുന്നത്.
ഇങ്ങനെ 4000 രൂപ നഷ്ടപ്പെട്ട കാസര്‍കോട് സ്വദേശി ഇജാസ് ഇബ്‌റാഹിം കാര്യം വിശദീകരിക്കുന്നതിങ്ങനെ:
പ്രിയരേ ശ്രദ്ദിക്കുക..
ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം ആണ് ഇവിടെ പങ്കുവെക്കാന്‍ പോവുന്നത്.. രാവിലെ എണീച് ഫോണ്‍ നോക്കിയപ്പോള്‍ ഫേസ്ബുക് മെസ്സഞ്ചറില്‍ എന്റെ നാട്ടിലെ സൂഹൃത്തും ജോലിയില്‍ അധ്യാപകനുമായ ഒരു മാഷിന്റെ മെസ്സേജ്.. ഇജാസേ അത്യാവശ്യമായി എനിക്ക് 8000 രൂപ വേണം എമര്‍ജന്‍സി കേസ് ആണെന്ന് പറഞ്.. ഞാന്‍ കയ്യില്‍ ഉണ്ടായിരുന്ന കുറച്ച് തുകയും സൂഹൃത്തിന്റെ കയ്യില്‍നിന്നും കുറച്ച് പണം വാങ്ങി അയച്ചു കൊടുത്തു കാരണം ആദ്യമായി സഹായം ചോദിച്ച, പിന്നെ നല്ലൊരു സൂഹൃത്തും ഗുരുതുല്യമായി കാണുന്ന മാഷും ചോദിച്ചപ്പോള്‍ ഇല്ലാ എന്ന് പറയാന്‍ എന്തോ ആയി. മാഷിന്റെ പ്രൊഫൈല്‍ പിക്ചറും ബയോ വും കണ്ടപ്പോള്‍ ജനുവിന്‍ അക്കൗണ്ട് എന്ന് തോന്നി. പിന്നീട് 4000 അയച്ചു കൊടുത്തിട്ടും വീണ്ടും വീണ്ടും കേട്ടു കൊണ്ടേ ഇരിക്കുമ്പോളാണ് ഞാന്‍ മാഷിനെ വിളിച് കുറച്ച് കൈഞ്ഞിട്ട് അയക്കാം എന്ന് കരുതി വിളിച്ചപ്പോളാണ് മനസ്സിലായത്.. എനിക്കോ എന്തിനാടാ. നീ അയച്ചോ. അത് ഫേക്ക് ആണ് അതിലേക്ക് നീ എന്തിനാ ഇല്ലാത്ത കാശ് അയച്ചു കൊടുത്തത് എന്നൊരു ചോദ്യവും.അങ്ങനെ മാഷിനെ നിയമ നടപടിക്ക് വേണ്ടി കേസ് കൊടുക്കാം എന്ന് കരുതി വീണ്ടും വിളിച്ചപ്പോളാണ് മാഷിന്റെ മറ്റൊരു സൂഹൃത് 11000 അയച്ച് പറ്റിക്ക പെട്ടകഥ മാഷ് പങ്കുവെച്ചത്..എന്തായാലും എന്റെ ക്യാഷ് നഷ്ടപ്പെട്ടു.. ഇത് പോലുള്ള തട്ടിപ്പിന് ആരും ഇരയാവരുത്.. സഹായിക്കാന്‍ ആണെങ്കിലും ജനുവിന്‍ ആണോ എന്ന് ഉറപ്പ് വരുത്തി മാത്രമേ ചെയ്യാവു..ഇതുവരെ ഒരു സൈബര്‍ തട്ടിപ്പിനും ഇരയാവാത്ത ഞാന്‍ ഇന്ന് ഈ പെട്ടുപോയി.. സെയിം അക്കൗണ്ട്.. സെയിം പ്രൊഫൈല്‍ പിക്ചര്‍ സെയിം ബയോ കണ്ടിട്ട് പെട്ടുപോയേതാണ്. അങ്ങനെ ഞാനും മാഷും ചേര്‍ന്ന് ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിട്ടുണ്ട്.
തങ്ങളുടെ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് ഫെയ്‌സ്ബുക്കില്‍ പണം തട്ടുന്നതായി പലരും മുന്നറിയിപ്പുമായി രംഗത്തെത്തി. കാസര്‍കോട് ഗവ. കോളജ് മുന്‍ അധ്യാപകനായ ശ്രീനാഥ കാസര്‍കോടിന്റെ പേരിലും തട്ടിപ്പ് നടത്താന്‍ ശ്രമമുണ്ടായി. തന്റെ പേരില്‍ സുഹൃത്തിനയച്ച മെസേജുകള്‍ ശ്രീനാഥ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും വ്യാജ അക്കൗണ്ടിന്റെ ലിങ്ക് ഷെയര്‍ ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ശ്രദ്ധിക്കുക!
- ചെറിയൊരു അശ്രദ്ധ കാരണം വലിയ നഷ്ടമാണ് നിങ്ങള്‍ക്കുണ്ടാവുക. പരിചയക്കാരാണെങ്കിലും ഫെയ്‌സ്ബുക്കിലോ മറ്റു സോഷ്യല്‍ മീഡിയകളിലോ സഹായമോ പണമോ ചോദിക്കുകയാണെങ്കില്‍ മറ്റു രീതികളിലൂടെ ഉറപ്പുവരുത്തി മാത്രം നല്‍കുക.
- വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയാണ് ചാറ്റ് ചെയ്യുന്നത്. തിരിച്ച് മലയാളത്തില്‍ ചാറ്റ് ചെയ്താല്‍ ഹിന്ദിയില്‍ തന്നെ സംസാരിക്കണമെന്ന വാശിപിടിക്കുന്നതും കാണാം.
- സീരിയസ് ആണെന്ന് കാണിക്കാന്‍ ആരോ ഐ.സി.യുവില്‍ കിടക്കുന്ന ഫോട്ടോയും അയച്ചുകൊടുക്കുന്നുണ്ട്.
- ആദ്യം വലിയ തുക ചോദിച്ച്, അത്രയും കിട്ടില്ലെന്നായാല്‍ ചെറിയ തുകയിലേക്ക് ചുരുക്കുന്നു.
- നിരവധി പേര്‍ പറ്റിക്കപ്പെടുന്നുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പുറത്തുപറയുന്നില്ല. പലര്‍ക്കും നഷ്ടപ്പെടുന്നത് ചെറിയ തുകയായതിനാല്‍ പോട്ടേയെന്ന് വയ്ക്കുന്നതും തട്ടിപ്പിന്റെ വ്യാപനം കൂടുന്നു.
- തിരിച്ച് വീഡിയോ കോള്‍ ചെയ്യുകയോ വോയിസ് കോള്‍ അയക്കുകയോ ചെയ്തവര്‍ക്ക് മറുപടി നല്‍കുന്നില്ല. സംശയം തോന്നിയവരെ പെട്ടെന്ന് ബ്ലോക്കാക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."