രാഹുലാ, തനിച്ചോ നീ!
ഇന്ന് ജൂൺ 19. രാഹുൽ ഗാന്ധിക്ക് പിറന്നാൾ. ന്യൂഡൽഹിയിൽ ഇ.ഡിയുടെ വേഷമണിഞ്ഞ ഫാസിസ്റ്റ് ചോദ്യക്കുന്തമുനകൾക്കു മുമ്പിൽ മുപ്പത് മണിക്കൂർ പിന്നിട്ട് അക്ഷോഭ്യനായി നിൽക്കുകയാണ് ഇന്ദിരാഗാന്ധിയുടെ ഈ പേരക്കുട്ടി. യഥാർഥത്തിൽ രാഹുൽ ഏറ്റുവാങ്ങേണ്ട വിധി തന്നെയോ ഇത്. ഒരു കണക്കിന് അതെ. കാര്യം? അസഹിഷ്ണുക്കളായ ആർ.എസ്.എസിന്റെ കരാളക്കൈകളിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കലാണ് ജീവിത ദൗത്യമെന്ന് അദ്ദേഹം എന്തിനാണ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്?
3259 ദിവസം ബ്രിട്ടീഷ് ജയിലിൽ കഴിഞ്ഞ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മുഖപത്രമായ നാഷനൽ ഹെറാൾഡിന് കോൺഗ്രസ് പാർട്ടി വായ്പ നൽകിയ 90 കോടി രൂപ ഓഹരിയാക്കി മാറ്റി പാർട്ടിയുടെ തന്നെ യങ് ഇന്ത്യൻ ലിമിറ്റഡിന് നൽകിയതിനാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്തുവരുന്നത്. ഒന്ന് വ്യക്തം രാജ്യത്തെ വരിഞ്ഞുമുറുക്കുന്ന ഫാസിസം രാഹുലിനെ ഭയപ്പെടുന്നു.
രാജ്യത്തെ വിലക്ക് ചോദിച്ച മോത്തിലാൽ നെഹ്‌റുവിന്റെ നാലാമത്തെ തലമുറയിലെ രാഹുലിന് മുന്നിലുള്ളത് ജവഹർലാലോ ഇന്ദിരയോ രാജീവോ അഭിമുഖീകരിച്ച ശക്തികളല്ല. വെളുത്തതും കറുത്തതുമായ കോടികളുടെ സമ്പത്തും കുത്തക കമ്പനികളും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന അർധ സൈനിക സേനയും കൈമുതലായുള്ള ബി.ജെ.പിയാണ്. നേരും നെറിയും തരിമ്പെങ്കിലും വേണമെന്ന വാശിയില്ലാത്ത ദിനോസറുകൾ വാഴുന്ന കാടാണ്. അതിനിടയിൽ ഒരേയൊരിന്ത്യ എന്ന മുദ്രാവാക്യം മുഴക്കി കന്യാകുമാരിയിൽനിന്ന് കശ്മിരിലേക്ക് പദയാത്രക്കൊരുങ്ങുകയാണ് രാഹുൽ.
ബി.ജെ.പിയുടെ ഐ.ടി സെൽ ഏറ്റവും കൂടുതൽ വിയർപ്പൊഴുക്കിയത് രാഹുലിനെ അധിക്ഷേപിക്കാനാണ്. 2004ൽ രാഷ്ട്രീയഗോദയിലേക്ക് പ്രവേശിച്ചപ്പോൾ തുടങ്ങിയ പപ്പു മോൻ വിളി. തരംപോലെ വക്രീകരിച്ച സത്യവും അസത്യവും കൂട്ടിക്കുഴച്ച് വിളമ്പിയതിന്റെ ആഴവും പരപ്പും ഏതൊരാളെയും അസ്തപ്രജ്ഞനാക്കേണ്ടതാണ്. ഇന്ത്യയെന്നാൽ ഇന്ദിരയെന്ന് മുഴങ്ങിയ 1970ലാണ് രാജീവിന്റെ ഈ ആദ്യ പുത്രൻ പിറന്നത്. പതിനാലാമത്തെ വയസ്സിൽ മുത്തശ്ശിയുടെ രക്തസാക്ഷിത്വം. പിന്നാലെ പിതാവിന്റെ സ്ഥാനാരോഹണം. അധികാര നഷ്ടത്തിന്റെ നാളുകൾ. മനുഷ്യബോംബ് പൊട്ടിച്ചിതറിച്ച അച്ഛന്റെ ശരീരം പല ദിക്കിൽ നിന്നായി എടുത്തുവച്ച മകൻ. സുരക്ഷയുടെ പേരിൽ സ്‌കൂൾ ജീവിതംതന്നെ പോയി. ഹാർവാർഡിലെ പഠന കാലത്തും വന്നു സുരക്ഷാഭീഷണി. സാമ്പത്തിക ശാസ്ത്രത്തിൽ എം.ഫിൽ പൂർത്തിയാക്കി ലണ്ടനിൽ ഒരു സ്ഥാപനം നടത്തിനോക്കിയ ശേഷമാണ് നാട്ടിൽ തിരിച്ചെത്തി മുംബൈയിൽ ബിസിനസ് ആരംഭിച്ചത്.
രാഹുൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോൾ കോൺഗ്രസ് അധികാരത്തിന് പുറത്തായിരുന്നു. സോണിയ പ്രസിഡന്റായതിൽ നൊന്ത് ഹൈപവർ നേതാക്കൾ പുറത്തുപോയ ഉടനെയായിരുന്നു. നെഹ്‌റു കുടുംബത്തിൽനിന്ന് ഒരാളെങ്കിലും നേതൃപദവിയിലേക്ക് എന്ന് വന്നപ്പോൾ ഇന്ദിരാജിയോടടുത്ത വ്യക്തിപ്രഭാവം കാട്ടിയ പ്രിയങ്കയോടായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം. തൊട്ടടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽനിന്ന് രാഹുൽ ജയിക്കുകയും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലേറുകയും ചെയ്‌തെങ്കിലും ഡോ. മൻമോഹൻ സിങ്ങിനെയാണ് പ്രധാനമന്ത്രിയാക്കിയത്. 2009ൽ മൻമോഹൻ തുടർന്നു. കോൺഗ്രസ് ഗവൺമെന്റിന്റെ ചില തീരുമാനങ്ങളോട് എതിർപ്പ് പരസ്യമാക്കിയും തിരുത്തിയും രാഹുൽ ശക്തികാട്ടിയെങ്കിലും 2014 മോദി യുഗത്തിന്റെ പാലു കാച്ചലായിരുന്നു. 2014ൽ ഒരു ലക്ഷം വോട്ടിന് അമേത്തിയിൽ ജയിച്ച രാഹുൽ 2019ൽ അവിടെ തോറ്റു. പക്ഷേ കേരളത്തിലെ വയനാട്ടിൽനിന്ന് 4.32 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ലോക്‌സഭയിലെത്തി. അമേത്തിയിൽ ലഭിച്ച ഉയർന്ന വോട്ട് 4.64 ലക്ഷം ആയിരുന്നെങ്കിൽ വയനാട്ടുകാർ 7 ലക്ഷത്തിലേറെ വോട്ട് നൽകി.
2019ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷനിരയിലെ തലയെടുപ്പുള്ള നേതാവായി രാഹുൽ മാറിക്കഴിഞ്ഞിരുന്നു. പ്രതിപക്ഷ സംയുക്തത്തിൽ പ്രധാനമന്ത്രി വരുമെന്ന സൂചനയുണ്ടായിരുന്നതുകൊണ്ടുതന്നെ അമേത്തിയിൽ രാഹുലിനെ തോൽപിക്കാൻ കരുക്കൾ നീങ്ങി. പ്രത്യേകിച്ച് പ്രധാനമന്ത്രി പദ മോഹിയായ മായാവതിയുടെ കാർമികത്വത്തിൽ. രാഹുൽ കേരളത്തിൽ മത്സരിച്ചത് വലിയ അപരാധമായാണ് മ്മ് ണി ബല്യ മതേതരർ വിശേഷിപ്പിച്ചത്. കേരളമാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭൂമികയെങ്കിൽ അതിന്റെ വലിയ പോരാളി കേരളത്തെത്തന്നെയല്ലേ പ്രതിനിധാനം ചെയ്യേണ്ടത്.
ഡൽഹിയിലെത്തി രാഹുലിന് ചുറ്റും നിന്ന് ചാനൽ കാമറയിൽ മുഖം ഉറപ്പാക്കുന്ന ഇടതുനേതാക്കൾക്ക് കേരളത്തിലെത്തിയാൽ സംഘ്പരിവാറിന്റെ ഭാഷയാണ്. ഹിന്ദു മതത്തിന്റെ വിശാലതയെയും ഹിന്ദുത്വത്തിന്റെ അസഹിഷ്ണുതയെയും വേർതിരിച്ചു തുറന്നുകാട്ടിയ രാഹുലിന്റെ ഒരു പ്രസംഗത്തെ ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞുകളഞ്ഞുവെന്ന തരത്തിലായിരുന്നു കേരളത്തിൽ ഇടതുപക്ഷം പ്രചരിപ്പിച്ചത്. മാപ്പുപറയാൻ എന്റെ പേര് 'രാഹുൽ സവർക്കറല്ല' എന്ന് പ്രതികരിക്കുമ്പോൾ തമസ്‌കരിക്കുകയും ചെയ്യും. കോൺഗ്രസ് പ്രസിഡന്റുമാരിൽ രാഹുലാണ് ആശയ സമ്പന്നതയിലും വ്യക്തതയിലും ജവഹർലാലിന്റെ പിൻഗാമി. അതുകൊണ്ടുതന്നെയാണ് പ്രതികളുടെ മൊഴിപരമ്പരയുണ്ടായിട്ടും ചിലരെ ഒന്നു ചോദ്യം ചെയ്യാൻ പോലും ചങ്കിടിക്കുന്ന കേന്ദ്ര ഏജൻസികൾ രാഹുലിനെ മുപ്പതാം മണിക്കൂറിന് ശേഷവും കാത്തിരിക്കുന്നത്.
പനച്ചൂരാൻ: രാഹുലാ നീ തനിച്ചല്ല, നവയുഗഭാരതം നിന്നെ ക്ഷണിക്കുന്നു. ജനപഥങ്ങളോ നിന്നെ പ്രതീക്ഷിക്കുന്നു, നിന്റെ കാൽപെരുമാറ്റത്തിന്റെ ശബ്ദത്തിന് കാലം കാതോർക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."