ഈ ഇരുട്ടിനപ്പുറം
pk parakkadavu's weekend column 05/07
പി.കെ പാറക്കടവ്
കൊലയാളിയുടെ വാളാൽ
മുറിവേൽപ്പിക്കപ്പെട്ട
ഈ വിറയ്ക്കുന്ന, നെടുവീർപ്പിടുന്ന
വാക്കുകൾ
ശബ്ദമില്ലാതെ സ്പന്ദിച്ചുകൊണ്ടിരിക്കുന്നു.
ഈ വാക്കുകളുടെ ചോര
തുള്ളിത്തുള്ളികളായി ഇറ്റിവീണു
തിളങ്ങുന്ന വരികളാകുമെന്ന്
ആർക്കാണറിയാൻ കഴിയുക?
ഇപ്പോൾ ഈ ചോരയുടെ വരികൾ
ഒരു കഥയും ഐതിഹ്യവുമായി
മാറിയിട്ടുണ്ട്
(അഹമദ് ഫറാസിന്റെ ഒരു ഉറുദു കവിതയിൽ നിന്ന്)
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് അഭിമാനിക്കുന്നവരാണ് നമ്മൾ. പാരീസ് ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഇക്കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ട് വായിച്ചാൽ ജനാധിപത്യബോധമുള്ള ഏതു ഇന്ത്യക്കാരനും തല താഴ്‌ത്തേണ്ടിവരും. നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യൻ മാധ്യമങ്ങളുടെ ദുരവസ്ഥയോർത്ത് നാം ലജ്ജിക്കേണ്ടിയിരിക്കുന്നു. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയനുസരിച്ച് 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 161-ാം സ്ഥാനത്താണ്. ഭീകരസംഘടനയായ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ പോലും മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ്.
നിയമപരവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഇടപെടലുകളില്ലാതെയും ഭീഷണികൾ നേരിടാതെയും വാർത്തകൾ തെരഞ്ഞെടുക്കാനും അത് അറിയിക്കാനും സാധിക്കുന്നതിനെയാണ് പത്രസ്വാതന്ത്ര്യമായി ആർ.എസ്.എഫ്(റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്-റിപ്പോർട്ടേഴ്‌സ് സാൻഡ്ഫ്രണ്ടിയേഴ്‌സ്) കണക്കാക്കുന്നത്. മാധ്യമപ്രവർത്തകർക്കെതിരായ അക്രമവും രാഷ്ട്രീയപക്ഷപാതമുള്ള മാധ്യമങ്ങളും മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണവുമാണ് ഇന്ത്യയെ ഈ തരത്തിൽ എത്തിച്ചതെന്നും 2014 മുതൽ തീവ്രവലതുപക്ഷ നിലപാടുകളുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഭരിക്കുന്നതെന്നും ആർ.എസ്.എഫ് മാധ്യമ സൂചികയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നു.
മനുഷ്യാവകാശ പ്രവർത്തകർക്ക് ഏറ്റവും ഭീഷണി നേരിടുന്ന രാജ്യമായാണ് ഇന്ത്യ കണക്കാക്കപ്പെടുന്നതിന്ന്. രാജ്യദ്രോഹക്കുറ്റവും ക്രിമിനൽ മാനനഷ്ടക്കേസുകളും ഉപയോഗിച്ച് നിയമപരമായും മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വർഷത്തിൽ മൂന്നോ നാലോ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന അവസ്ഥയാണിവിടെ. ചോദ്യം ചോദിക്കുന്നത് പോലും കുറ്റകരമാകുന്ന ഒരു സാഹചര്യം. റിപ്പോർട്ട് ചെയ്യാൻ പോയ ഒരു പത്രപ്രവർത്തകനെ ഭീകരനാക്കി കൽത്തുറങ്കിലടച്ച കാര്യം നമുക്കറിയാം.
ഒരിക്കൽപോലും ഒരു പത്രസമ്മേളനം നടത്തുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യാത്ത ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴുമ്പോഴും സ്വന്തം സുരക്ഷിതസ്ഥാനത്തിരുന്ന് അതിനെതിരേ ചെറുവിരൽ പോലും അനക്കാൻ ധൈര്യം കാണിക്കാത്ത ഒരു വലിയ വിഭാഗം പത്രപ്രവർത്തകരും നമുക്കുണ്ട്.
ഏറ്റവും വേദനിപ്പിക്കുന്ന ഒന്ന് എന്ത് മനുഷ്യാവകാശ ധ്വംസനം ഭരണകൂടം നടത്തിയാലും ഭരണകൂടത്തിന് കുഴലൂത്ത് നടത്തുന്ന പത്രങ്ങളും ചാനലുകളും ഇന്ത്യയിലുണ്ട് എന്നുള്ളതാണ്. ജനാധിപത്യവും മതേതരത്വവും അപകടത്തിലാകുന്നത് അവർക്ക് പ്രശ്‌നമേയല്ല. വ്യാജ രാജ്യസ്‌നേഹവും വ്യാജ ദേശീയതയും പറഞ്ഞ് ഒരു വിഭാഗത്തെ മാറ്റിനിർത്തി ദ്രോഹിക്കാൻ പലപ്പോഴും ഈ വാർത്താമാധ്യമങ്ങളും കൂട്ടുനിൽക്കുന്നുണ്ട്. നിവർന്നുനിന്ന് നേരുപറയുന്ന പത്രങ്ങളും ചാനലുകളും നിശ്ശേഷമായി ഇല്ലാതായിട്ടില്ല എന്നുള്ളതാണ് ആശ്വാസം.
കേരളം ഇസ്‌ലാമിക തീവ്രവാദികളുടെ കേന്ദ്രമാണെന്ന് സ്ഥാപിക്കാൻ സിനിമ എന്ന പേരിൽ 'ദി കേരള സ്റ്റോറി'യുമായി വരുന്ന കാലത്ത് ചുരുക്കം ചില മാധ്യമങ്ങളെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ആ കള്ളക്കഥകളെ പൊളിച്ചടുക്കുന്നതിന് മുന്നോട്ട് വരാൻ വിമുഖത കാണിക്കുന്നതായും നമുക്കറിയാം.
ഒരു പ്രത്യേക മതത്തെയോ സമുദായത്തെയോ പ്രതിക്കൂട്ടിൽ നിർത്താൻ മാത്രം താൽപര്യം കാണിക്കുന്ന മാധ്യമങ്ങളുമുണ്ട്.
ആൾട്ട്‌ന്യൂസിന്റെ സഹസ്ഥാപകനും പ്രമുഖ പത്രപ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെതിരേ നടക്കുന്ന ആൾക്കൂട്ട ആക്രമണംപോലും വേണ്ടവിധം നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. ബാംഗ്ലൂരിൽ അദ്ദേഹത്തിനെതിരേ ഹിന്ദുത്വ ഗ്രൂപ്പുകൾ രംഗത്തുവന്നത് ഈയിടെയാണ്. നേരു പറയുന്ന ധീരരായ പത്രപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്തും നിശബ്ദരാക്കാനുള്ള ശ്രമം തുടരുകയാണിവിടെ. നേര് പറയുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും പൗരാവകാശ സംരക്ഷണത്തിന് രംഗത്തുവരികയും ചെയ്യുമ്പോൾ 'ഇന്ത്യയുടെ പ്രതിച്ഛായ' തകർക്കാനുള്ള ശ്രമമായി ഭരണകൂടം അതിനെ കാണുന്നു.
ഭരണഘടന അനുവദിച്ച അഭിപ്രായ പ്രകടനം പോലും ഇന്ന് വലിയ കുറ്റമായി കാണുകയാണ് നമ്മുടെ രാജ്യത്ത്. ധീരമായി സത്യങ്ങൾ വിളിച്ചുപറഞ്ഞതിനാണ് രാഹുൽ ഗാന്ധി വേട്ടയാടപ്പെട്ടത്. അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ ജോൺ ബ്രിട്ടാസിനെതിരേ രാജ്യസഭാ അധ്യക്ഷൻ നോട്ടിസയച്ചതും ഈയിടെയാണ്.
പതുക്കെ നമ്മുടെ നാട്ടിൽ ഇരുട്ട് പരക്കുകയാണ്. കണ്ണുകളുണ്ടായിട്ടും പലരും പലതും കണ്ടില്ലെന്ന് നടിക്കുന്നു. പലരും കണ്ണടക്കുന്നു.
'രാവാം കരിങ്കാളിപ്പെണ്ണിൻ വയറ്റിൽ വിഭാതം പിറക്കുന്നു' എന്ന് പണ്ട് ടി. ഉബൈദ് പാടിയതുപോലെ ഈ കൂരിരിട്ടിനപ്പുറം ഒരു പ്രഭാതം പിറക്കുകതന്നെ ചെയ്യും. നമുക്ക് പ്രതീക്ഷ കൈവിടാതിരിക്കുക.
കഥയും കാര്യവും
കാണുവാൻ സദസില്ലെങ്കിൽ
ദീപജ്വാല വേണോ?
നാവനക്കിയാൽ കലഹ-
മെങ്കിൽ മൗനം കാമ്യം.
(അല്ലാമാ ഇഖ്ബാൽ- മൊഴിമാറ്റം: പി.ടി അബ്ദുറഹിമാൻ- ബാങ്കെ ദറാ)
pk parakkadavu's weekend column 05/07
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."