നൊമ്പരമായി താനൂർ; മരണസംഖ്യ 21 ആയി ഉയർന്നു, തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം
മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. മരണം സ്ഥിരീകരിച്ചവര്‍
ഷംന(പരപ്പനങ്ങാടി), സഫ്‌ല ഷെറിന്‍(പരപ്പനങ്ങാടി), ഹാദി (മുണ്ടുപറമ്പ്), അയിഷാബി (ചെട്ടിപ്പടി), നെയ്‌റ (ഒട്ടുമ്മല്‍), സഹ്‌റ (ഒട്ടുമ്മല്‍), റുഷ്ദ(ഒട്ടുമ്മല്‍), ആദില ഷെറിന്‍(ചെട്ടിപ്പടി), ജല്‍സിയ (40), സഫ്‌ല (7), ഹസ്‌ന(18), റസീന, അഫ്‌ലഹ്( 7) പരപ്പനങ്ങാടി, അന്‍ഷിദ്, സബറുദ്ദീന്‍ (പൊലീസ് ഉദ്യോഗസ്ഥന്‍), സിദ്ദീഖ് ഓലപ്പീടിക, ഫാത്തിമ മിന്‍ഹ
39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനു പുറമെ കുട്ടികളും ബോട്ടിൽ ഉണ്ടായിരുന്നു. ഇതുവരെ പത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പലരുടെയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയാണ് അധികൃതർ പങ്കുവെക്കുന്നത്.
മരിച്ചവരിൽ പൊലിസുകാരനും ഉണ്ടെന്നാണ് റിപ്പോർട്ട്. പൊലിസ് ഉദ്യോഗസ്ഥനായ സബറുദീനാണ് മരിച്ചത്. പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒരു മാസം മുൻപാണ് ഇവിടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് തുടങ്ങിയത്.
അതേസമയം, താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം ആയിരിക്കും. സംസ്ഥാനത്ത് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ തിങ്കളാഴ്ച താനൂരിലെത്തും. ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."