ശസ്ത്രക്രിയ വൈകി രോഗിയുടെ മരണം; രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍; സമഗ്ര അന്വേഷണമെന്ന് മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ന്യൂറോളജി, നെഫ്രോളജി വകുപ്പുകളുടെ മേധാവിമാരെയാണ് അന്വേഷണ വധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. നേരത്തെ സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
കാരക്കോണം സ്വദേശി സുരേഷ് കുമാര്‍ (62)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണം. നാല് മണിക്കൂറോളം വൈകി ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ഇന്നലെ വൈകിട്ടാണ് കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചത്. യാത്ര വൈകിയിട്ടില്ലെന്നും ആംബുലന്‍സ് 5.30 ഓടെ ആശുപത്രിയിലെത്തിയെന്നും ആംബുലന്‍സ് ഡ്രൈവര്‍ പ്രതികരിച്ചിരുന്നു.
അതേ സമയം സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇത്തരത്തില്‍ വീഴ്ചയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ അവയവമാറ്റത്തിനു വലിയ സാമ്പത്തികബാധ്യതയാണ് വരുന്നത്. അവര്‍ക്ക് സഹായകമാകാനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം സംവിധാനം ഒരുക്കുന്നത്. അതിനിടെ ഇത്തരത്തിലുള്ള വീഴ്ച സംഭവിച്ചതെന്തുകൊണ്ടാണ്. ഏകോപനത്തില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കും. അയയവമടങ്ങിയ പെട്ടി പുറത്തുനിന്നുള്ളവരാണ് കൈകാര്യം ചെയ്തത്. ഇവര്‍ ഡോക്ടര്‍മാരായിരുന്നില്ല. ഇവര്‍ പെട്ടിയെടുത്തുകൊണ്ട് ഓടിയതും ആശങ്കയുണ്ടാക്കി. മന്ത്രി പറഞ്ഞു. ഓപറേഷന്‍ തിയേറ്റര്‍ എവിടെയാണെന്നറിയാത്തതും പ്രശ്‌നമായി. മരണകാരണമറിയാന്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളജ് അധികൃതരെ നേരത്തെ മന്ത്രി ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു.
വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. രോഗിയുടെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വീട്ടില്‍ നിന്നാണ് രോഗി വന്നത്. ഇതിലാണ് കാലതാമസം വന്നത്. എട്ടുമണിയോടെ ശസ്ത്രക്രിയ തുടങ്ങിയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ തള്ളുന്നതാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."