ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന് തിരിച്ചടി
പാരിസ്: രണ്ടാമതും ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന് രണ്ടാംഘട്ട പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി. 577 അംഗങ്ങളുള്ള അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകള്‍ വേണം.
എന്നാല്‍ 245 സീറ്റുകള്‍ മാത്രമാണ് മാക്രോണിന്റെ സെന്‍ട്രിസ്റ്റ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് ലഭിച്ചത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായതോടെ ദേശീയ അസംബ്ലിയുടെ നിയന്ത്രണം മാക്രോണിന് നഷ്ടമായി. ഴാങ് ലക് മെലന്‍കോണിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ മിന്നുംപ്രകടനമാണ് മാക്രോണിന് തിരിച്ചടിയായത്.
ഫ്രാന്‍സിലെ ഇടതുചേരിയായ ന്യൂ ഇക്കോളജിക്കല്‍ ആന്‍ഡ് സോഷ്യല്‍ പീപ്പിള്‍ യൂനിയന്‍ (എന്‍.യു.പി.ഇ.എസ്) 131 സീറ്റുകളുമായി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി. ഇതോടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷിയാവാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. അധികാരം നിലനിര്‍ത്താന്‍ പുതിയ കക്ഷികളുമായി സഖ്യമുണ്ടാക്കേണ്ട സ്ഥിതിയാണ് മാക്രോണിന്. ഏപ്രിലിലാണ് രണ്ടാംവട്ടവും മാക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
89 സീറ്റുകള്‍ ലഭിച്ച തീവ്രവലതുപക്ഷ നേതാവ് മരിന് ലെ പെന്നിന്റെ നാഷനല്‍ റാലി പാര്‍ട്ടിയാണ് മൂന്നാമത്തെ വലിയ കക്ഷി. കടുത്ത മുസ് ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുള്ള ലെ പെന്‍ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ മുഖ്യ എതിരാളി ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."