ആര്‍പ്പോ അര്‍ജന്റീന; മെസ്സിപ്പട ഇന്ന് ചിലിക്കെതിരേ
റിയോ ഡി ജനീറോ: കോപാ അമേരിക്കയില്‍ ജയത്തോടെ തുടങ്ങാന്‍ മെസ്സിയും സംഘവും ഇന്ന് ഇറങ്ങുന്നു. പുലര്‍ച്ചെ 2.30ന് ചിലിയെയാണ് അര്‍ജന്റീന നേരിടുന്നത്. ഏറെ നാളത്തെ കിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ലയണല്‍ സ്കലോണിയും സംഘവും ഇന്ന് റിയോ ഡി ജനീറോയിലെ ഒളിംപിക്സ് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. 2015ല്‍ ചിലിയിലും 2016ല്‍ അമേരിക്കയിലും നടന്ന കോപാ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ട അര്‍ജന്റീന കണക്കുതീര്‍ക്കാനായിരിക്കും ഇന്ന് ഇറങ്ങുക. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അവസാനമായി കളിച്ച രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല. ചിലിക്കെതിരേയുള്ള മത്സരത്തില്‍ 1 -1 ന്റെ സമനില വഴങ്ങിയപ്പോള്‍ കൊളംബിയക്കെതിരേ 2-2ന്റെ സമനിലയുമാണ് അര്‍ജന്റീന പിരിഞ്ഞത്. കൊളംബിയയോട് രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു സമനില വഴങ്ങിയത്.
രണ്ട് ഗോള്‍കീപ്പര്‍മാരുടെ കാര്യത്തിലാണ് ടീമിന് ആശങ്ക. പരുക്കേറ്റ എമിലിയാനോ മാര്‍ട്ടിനസിനും കൊവിഡ് ബാധിച്ച ഫ്രാങ്കോ അര്‍മാനിക്കും ടീമിലിടമുണ്ടാവില്ല. നാല് ഗോള്‍ കീപ്പര്‍മാരെയാണ് അര്‍ജന്റീന ടീമിലുള്‍പ്പെടുത്തിയത്. 4-3-3 ഫോര്‍മേഷനിലായിരിക്കും അര്‍ജന്റീന ഇറങ്ങുക. അതേസമയം ചിലി പ്രതിരോധത്തിന് ഊന്നല്‍ നല്കി 4-4-2 ഫോര്‍മേഷനിലും കളത്തിലിറങ്ങിയേക്കും.
മെസ്സിയെ ആശ്രയിച്ച് ഇറങ്ങുന്ന അര്‍ജന്റീനയെ തളയ്ക്കാന്‍ താരത്തെ തന്നെ കടിഞ്ഞാണിട്ട് പൂട്ടുക എന്ന തന്ത്രമായിരിക്കും ചിലി സ്വീകരിക്കുക. മുന്നേറ്റ നിരയില്‍ ഇന്റര്മിലാന് താരം മാര്‍ട്ടിനസ് ഉള്ളത് അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരും. അവസാന രണ്ട് മത്സരത്തില്‍ ചിലിയും ജയം അറിഞ്ഞിട്ടില്ല. ബൊളീവിയക്കെതിരേയുള്ള മത്സരത്തില്‍ 1-1 ന്റെ സമനിലയായിരുന്നു ചിലി വഴങ്ങിയത്.
പുലര്‍ച്ചെ 5.30ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വേ ബൊളീവിയയെ നേരിടും. ബി ഗ്രൂപ്പില്‍ നിന്ന് കരകയറണമെങ്കില്‍ ഇരുടീമുകള്‍ക്കും ശക്തമായ പോരാട്ടം പുറത്തെടുക്കേണ്ടിവരും. അര്‍ജന്റീന, ചിലി, ഉറുഗ്വേ തുടങ്ങിയവര്‍ക്കിടയില്‍ നിന്ന് രണ്ടാം റൗണ്ടിലെത്താന്‍ മികച്ച പ്രകടനം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ കഴിയാത്ത ടീമുകളാണ് പരാഗ്വേയും ബൊളീവിയയും.
അര്‍ജന്റീന സാധ്യത ഇലവന്: യുവാന്‍ ഫോയ്ത്, ക്രിസ്റ്റ്യന്‍ റൊമറേ, നിക്കോളാസ് ഓട്ടമെന്‍ഡി, മാര്‍ക്കസ് അകുന, ജിയോവാനി ലോ സെല്‍സോ, ലിയനാര്‍ഡോ പെരഡസ്, എയ്ഞ്ചല്‍ ഡി മരിയ, ലയണല്‍ മെസ്സി, ലൗട്ടാരോ മാര്‍ട്ടിനസ്, നിക്കോളാസ് ഗോണ്‍സാലസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."