ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ബയോമെട്രിക് സംവിധാനമൊരുങ്ങുന്നു
തിരുവനന്തപുരം;
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബയോമെട്രിക് സംവിധാനം വരുന്നു. സഹകരണ സംഘം ജീവനക്കാര്‍ വീട്ടിലെത്തി ക്ഷേമപെന്‍ഷന്‍ കൈമാറുന്നവര്‍ക്കാണ് ബയോമെട്രിക് ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത്. ആദ്യം ഘട്ടം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാന വ്യാപകമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും മറ്റ് സഹകരണ സംഘങ്ങളും മുഖേനയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നത്. ആകെയുള്ള 52 ലക്ഷം ഗുണഭോക്താക്കളില്‍ 25 ലക്ഷം പേര്‍ക്കും അവരുടെ വീടുകളിലാണ് പെന്‍ഷന്‍ നല്‍കുന്നത്. വിവിധ ജില്ലകളില്‍ കലക്ഷന്‍ ഏജന്റുമാര്‍ പണം തട്ടിയതായി നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. കൂടാതെ മരിച്ചവരുള്‍പ്പെടെ ഗുണഭോക്താക്കളുടെ വ്യാജ ഒപ്പിട്ട് കലക്ഷന്‍ ഏജന്റുമാര്‍ പണം തട്ടുന്നതായും കണ്ടെത്തിയിരുന്നു. മാത്രമല്ല ധന വകുപ്പ് അനുവദിക്കുന്ന പണം പല സംഘങ്ങളും ഗുണഭോക്താവിന് നല്‍കാതെ സൊസൈറ്റികളില്‍ തന്നെ സൂക്ഷിക്കുന്നതായും കണ്ടെത്തി. ചിലവഴിക്കാത്ത പണം പത്തു ദിവസത്തിനകം തിരിച്ചടക്കണമെന്ന് ധന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടും പല സൊസൈറ്റികളും മാസങ്ങള്‍ തന്നെ പണം സൂക്ഷിക്കുന്നു. ഇതിനെ തുടര്‍ന്നാണ് ബയോമെട്രിക് സംവിധാനത്തിലേക്ക് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലയിലെ നരുവാമൂട്, നെടുമങ്ങാട്, വര്‍ക്കല എന്നീ സര്‍വിസ് സഹകരണ ബാങ്കുകള്‍ കൊല്ലം ജില്ലയിലെ പുനലൂര്‍, കരുനാഗപ്പള്ളി സര്‍വിസ് സഹകരണ ബാങ്ക്, കൊല്ലത്തെ പരവൂര്‍ റീജിയണല്‍ ബാങ്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 3,000 പേര്‍ക്ക് ഈ സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ബയോമെട്രിക് ഉപകരണങ്ങള്‍ വാങ്ങാന്‍ ഈ സഹകരണ സ്ഥാപനങ്ങളോട് ധന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്റ്റ്‌വെയര്‍ പിന്തുണ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."