നെതന്യാഹു യുഗത്തിന് അന്ത്യം ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായി ബെന്നറ്റ് വിശ്വാസം നേടി
ആക്രമിച്ചാല്‍ ഹമാസിനെ തകര്‍ക്കും
ജറൂസലേം: 12 വര്‍ഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യംകുറിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നെഫ്താലി ബെന്നറ്റ് വിശ്വാസവോട്ട് നേടി. പ്രാദേശിക സമയം വൈകിട്ട് നാലിനാണ് വിശ്വാസവോട്ടെടുപ്പിനായി പാര്‍ലമെന്റ് ചേര്‍ന്നത്. പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ പട്ടിക പ്രസിഡന്റിന് നല്‍കിയിരുന്നു.
സഭയില്‍ വിശ്വാസവോട്ട് തേടിയ ശേഷമാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുക. എട്ടു പാര്‍ട്ടികളുടെ സഖ്യമാണ് ഇസ്‌റാഈലില്‍ പുതിയ സര്‍ക്കാരിനെ നയിക്കുക. പ്രധാനമന്ത്രിപദം യാമിന പാര്‍ട്ടിയുടെ നെഫ്താലി ബെന്നറ്റും മുന്‍ പ്രതിപക്ഷ നേതാവ് യേഷ് അതിദ് പാര്‍ട്ടിയുടെ യായിര്‍ ലാപിഡും പങ്കിടും.
ഇവര്‍ക്കൊപ്പം ന്യൂഹോപ്, ലേബര്‍, മെറെറ്റ്‌സ്, യുനൈറ്റഡ് അറബ് ലിസ്റ്റ്, ഖോല്‍ ലവന്‍, യിസ്‌റായേല്‍ ബേയ്‌തെയ്‌നു എന്നീ പാര്‍ട്ടികളാണ് സഖ്യസര്‍ക്കാരിലുള്ളത്. ആദ്യം ബെന്നറ്റ് സഭയെ അഭിസംബോധന ചെയ്തു. ഫലസ്തീനു നേരെ വെടിവയ്പ് തുടരുമെന്നും ഹമാസ് ഇസ്‌റാഈലിനെ ആക്രമിച്ചാല്‍ അവരെ തകര്‍ക്കുമെന്നും തീവ്രവലതുപക്ഷവാദി കൂടിയായ നിയുക്ത പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് പറഞ്ഞു.
അറബ് പൗരന്മാരുമായി പുതിയ സൗഹൃദത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി തന്റെ സര്‍ക്കാരിലെ യുനൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് മന്‍സൂര്‍ അബ്ബാസ് ഒപ്പമുണ്ടെന്നും ബെന്നറ്റ് പറഞ്ഞു.
അതിനു വഴിതെളിയിച്ചുതന്ന പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച നെതന്യാഹു ഫലസ്തീന്‍ രാഷ്ട്രം നിര്‍മിക്കുന്നതിനെ എതിര്‍ത്തു. ബെന്നറ്റിന്റെ ഇറാന്‍ ഉള്‍പ്പെടെയുള്ള നയങ്ങളെയും വിമര്‍ശിച്ചു സംസാരിച്ചു. തുടര്‍ന്ന് ലാപിഡും സഭയെ അഭിസംബോധന ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."