ഡല്‍ഹിയിലെ റോഹിംഗ്യന്‍ ടെന്റുകള്‍ അഗ്നിക്കിരയായി
ന്യൂഡല്‍ഹി: മ്യാന്മറിലെ ബുദ്ധിസ്റ്റ് വംശീയവാദികളുടെ വംശഹത്യയില്‍ നിന്ന് രക്ഷതേടി ഇന്ത്യയില്‍ അഭയം പ്രാപിച്ച റോഹിംഗ്യന്‍ വംശജര്‍ കഴിയുന്ന ക്യാംപ് അഗ്നിക്കിരയായി.
ഡല്‍ഹിയിലെ കാളിന്ദ് കുഞ്ചിലുള്ള 58 ടെന്റുകളാണ് ശനിയാഴ്ച അര്‍ധരാത്രി അഗ്നിക്കിരയായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നുമണിക്കൂറോളം നേരം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണവിധേയമായി. അഗ്നിക്കിരയായ ടെന്റുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആള്‍താമസം അസാധ്യമായ രീതിയില്‍ എല്ലാം കത്തിച്ചാമ്പലായിട്ടുണ്ട്. നൂറിലേറെ കുടുംബങ്ങളാണ് നിലവില്‍ ഈ ക്യാംപില്‍ കഴിയുന്നത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും മരത്തടി കൊണ്ടും നിര്‍മിച്ച ഇടുങ്ങിയ ടെന്റുകളിലെ ദയനീയാവസ്ഥയെക്കുറിച്ച് നേരത്തെ 'സുപ്രഭാതം' റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ഇതാദ്യമായല്ല ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളെ അഗ്നിവിഴുങ്ങുന്നത്. അടുത്തിടെ ജമ്മുവിലെ ക്യാംപും 2018ല്‍ കാളിന്ദ്കുഞ്ചിലെ ക്യാംപും അഗ്നിക്കിരയാക്കിയിരുന്നു. 2018ലെ സംഭവത്തിന് പിന്നില്‍ പ്രദേശത്തെ ഹിന്ദുത്വ സംഘടനകളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."