ന്യൂനപക്ഷ ക്ഷേമ വകുപ്പ് ; ബജറ്റില്‍ 125 കോടിയിലധികം പാഴാക്കി സര്‍ക്കാര്‍
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കിവയ്ക്കുന്ന ബജറ്റ് തുക പാഴാക്കി സര്‍ക്കാര്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 125 കോടിയിലധികം രൂപയാണ് ചെലവഴിക്കാതെ പോയത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ബജറ്റില്‍ ആകെ 432.6 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 307.18 കോടി രൂപ മാത്രമാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിച്ചത്.
സംസ്ഥാനത്തെ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലുള്ളവര്‍ക്കാണ് വിവിധ പദ്ധതികള്‍ക്കായി ഈ തുക വിനിയോഗിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍, ഭവന നിര്‍മാണം, കുടിവെള്ള പദ്ധതികള്‍, വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയ്ക്കാണ് തുക ചെലവഴിക്കേണ്ടത്. എന്നാല്‍ ഇതില്‍ സ്‌കോളര്‍ഷിപ്പടക്കമുള്ള പല പദ്ധതികള്‍ക്കും അനുവദിച്ച തുക പോലും മുഴുവനായും വിനിയോഗിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വകുപ്പിന് കീഴില്‍ ആരംഭിക്കാനിരുന്ന മൈനോരിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി അനുവദിച്ചിരുന്ന രണ്ടു കോടിയും പാഴാക്കിയ തുകയില്‍ ഉള്‍പ്പെടും.
2016 ല്‍ 107.33 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും 2020 ആകുമ്പോഴേക്ക് ന്യൂനപക്ഷ വകുപ്പിനുള്ള ബജറ്റ് വിഹിതം നേര്‍ പകുതിയായി കുറഞ്ഞുവെന്നും കണക്കുകള്‍ പറയുന്നു.
2016 - 17 കാലയളവില്‍ 107.33 കോടി രൂപ അനുവദിച്ചു. ഇതില്‍ ആകെ ചെലവഴിച്ചത് 94.59 കോടി രൂപയാണ്. ബാക്കി 12.74 കോടി രൂപ പാഴാക്കി. 2017- 18 ല്‍ 99 കോടി രൂപയാണ് വകയിരുത്തിയത്. 82.36 കോടി ചെലവഴിച്ചു. 16.64 കോടി പാഴാക്കി. 2018-19 കാലയളവില്‍ 110.11 കോടി രൂപയാണ് വകയിരുത്തിയതെങ്കിലും ഇതില്‍ 36.66 കോടി രൂപ പാഴാക്കി.
ആകെ ചെലവഴിച്ചത് 73.45 കോടി രൂപ മാത്രം. 2019- 20 കാലയളവില്‍ 63.75 കോടി രൂപ അനുവദിച്ചതില്‍ 24.74 കോടി ചെലവാക്കിയെങ്കിലും 39 കോടി രൂപ പാഴാക്കി.
2020-21 ല്‍ 52.41 കോടി രൂപയില്‍ 20.37 കോടി രൂപയാണ് പാഴാക്കിയത്. ചെലവാക്കിയത് 32.03 കോടി മാത്രം. അതേസമയം ഒരോ വിഭാഗത്തിനും എത്ര തുക ചിലവഴിച്ചുവെന്നതിന്റെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്നും ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുക വകയിരുത്തിയ കാര്യങ്ങള്‍ ശേഖരിച്ചു വരികയാണെന്നുമാണ് വകുപ്പിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."