പിഞ്ചുകുഞ്ഞിന് മാതാവിന്റെ കാമുകന്റെ ക്രൂരമര്‍ദനം, മാതാവും കാമുകനും അറസ്റ്റില്‍
കേളകം (കണ്ണൂര്‍): ഒരുവയസുള്ള പെണ്‍കുഞ്ഞിന് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനം. കൈകൊണ്ടും വടികൊണ്ടും അടിയേറ്റ കുഞ്ഞിന്റെ ഇടതു തോളെല്ലിനു ക്ഷതവും മുഖത്ത് വലതു ഭാഗത്ത് നീര്‍ക്കെട്ടും സംഭവിച്ചതിനെതുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിന്റെ കാമുകന് കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍പുരയ്ക്കല്‍ പി.എസ് രതീഷ് (38), കുഞ്ഞിന്റെ മാതാവ് ചെങ്ങോം വെട്ടത്ത് രമ്യ (23) എന്നിവരെ കേളകം പൊലിസ് അറസ്റ്റുചെയ്തു. കുഞ്ഞിനു സംരക്ഷണം നല്‍കാതിരുന്നതിനും മര്‍ദനം തടയാതിരുന്നതിനുമാണ് അമ്മയ്ക്കെതിരേ കേസ്. ശനിയാഴ്ച രാത്രി എട്ടോടെ കണിച്ചാര്‍ ചെങ്ങോത്താണ് സംഭവം. കുഞ്ഞിനെ രമ്യയുടെ അമ്മയാണു പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
പ്രാഥമിക പരിശോധനയില്‍ മര്‍ദനമേറ്റ പരുക്കുകളാണെന്നു മനസിലാക്കിയ അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചു. വിശദപരിശോധനയ്ക്കായി കുഞ്ഞിനെ മെഡിക്കല്‍കോളജിലേക്കു മാറ്റുകയായിരുന്നു. മൂന്നാഴ്ച മുന്‍പാണു രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. ഒരുമിച്ചുള്ള ജീവിതത്തിനു തടസമാകുന്നതിനാല്‍ കുഞ്ഞിനെ രതീഷ് മര്‍ദിക്കുകയായിരുന്നുവെന്നും മുന്‍പും ഇയാള്‍ കുഞ്ഞിനെ മര്‍ദിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. രമ്യ ഭര്‍ത്താവുമായി പിരിഞ്ഞ് മാറിത്താമസിക്കുകയായിരുന്നു. ഇന്നു ബാലാവകാശ കമ്മിഷന് കേസെടുക്കുമെന്ന് ചെയര്മാന് കെ.വി മനോജ് കുമാര്‍ സുപ്രഭാതത്തോടു പറഞ്ഞു. മര്‍ദനമേറ്റ കുഞ്ഞിനെ കൂടാതെ രണ്ടു കുട്ടികള്‍കൂടി രമ്യക്കുണ്ട്. ഇവര്‍ അച്ഛനൊപ്പമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."