മുട്ടില്‍ മരംകൊള്ള പ്രതികള്‍ ഭീഷണിപ്പെടുത്തി താലൂക്ക് ഓഫിസില്‍ നിന്ന് രേഖകള്‍ തിരികെവാങ്ങി
ഷഫീഖ് മുണ്ടക്കൈ
കല്‍പ്പറ്റ: മുട്ടില്‍ മരംകൊള്ള വാര്‍ത്ത പുറത്തുവന്നതോടെ പ്രതിസ്ഥാനത്തുള്ളവര്‍ വൈത്തിരി താലൂക്ക് ഓഫിസില്‍ സമര്‍പ്പിച്ച രേഖകള്‍ ഭീഷണിപ്പെടുത്തി തിരികെ വാങ്ങിയതായി സൂചന.
വില്ലേജ്, താലൂക്ക് ഓഫിസുകളില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ മാത്രമേ നിയമപരമായി മുറിച്ചിട്ട മരം കൊണ്ടുപോകാന്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില്‍ നിന്ന് പാസ് (പ്രതിജ്ഞാ പത്രം) ലഭിക്കുകയുള്ളൂ. വില്ലേജ് ഓഫിസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട്, അടിസ്ഥാന ഭൂനികുതി(അടങ്കല്‍), നികുതി ശീട്ട്, ആധാരം എന്നിവയുടെ കോപ്പി, മുറിച്ച മരത്തിന്റെ ലിസ്റ്റ് തുടങ്ങിയവയാണ് താലൂക്ക് ഓഫിസില്‍ സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ സമര്‍പ്പിച്ച രേഖകളാണ് മരംകൊള്ള പുറത്തായതോടെ ഈ സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സംഘം തിരിച്ചുവാങ്ങിയത്. വില്ലേജ് ഓഫിസില്‍ നിന്ന് നല്‍കുന്ന രേഖകള്‍ വിലയിരുത്തിയാണ് താലൂക്ക് ഓഫിസില്‍ നിന്ന് എന്‍.ഒ.സി നല്‍കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ മരം കൊണ്ടുപോകാന്‍ പ്രതിജ്ഞാപത്രം നല്‍കുക. എന്നാല്‍ താലൂക്ക് ഓഫിസില്‍ നിന്ന് എന്‍.ഒ.സി ലഭിക്കുന്നതി ന് മുന്‍പേ ഡി.എഫ്.ഒ ഓഫിസിനെ സ്വാധീനിച്ച് ഫോം 4 തരപ്പെടുത്തി മുറിച്ചിട്ട മരങ്ങള്‍ കൊണ്ടുപോവുകയായിരുന്നു. വൈത്തിരി താലൂക്കിലെ വനം വകുപ്പുമായി ബന്ധപ്പെട്ട സെക്ഷന്‍ കൈകാര്യം ചെയ്യുന്നയാള്‍ ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതായാണ് വിവരം. എന്നാല്‍ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസില്‍ പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് സൂചന.
മുറിച്ചിട്ട മരം കൊണ്ടുപോകാന്‍ വില്ലേജില്‍ അപേക്ഷ നല്‍കിയാല്‍ പരിശോധനള്‍ക്കുശേഷം മരം നില്‍ക്കുന്ന സ്ഥലം മാര്‍ക്ക് ചെയ്ത സ്ഥലത്തിന്റെ സ്‌കെച്ച്, ഭൂമി സംബന്ധിച്ച വിവരങ്ങള്‍ (മരം സര്‍ക്കാര്‍ ഭൂമിയില്‍പെട്ടതാണോ, അന്യാധീനപ്പെട്ട പുറമ്പോക്ക് ഭൂമിയിലാണോ, വനമാണോ, സെക്ഷന്‍ 5 ഭൂമിയാണോ, ആദിവാസി ഭൂമിയാണോ) എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് വില്ലേജ് ഓഫിസര്‍ താലൂക്ക് ഓഫിസില്‍ റിപ്പോര്‍ട്ട് നല്‍കുക. തേക്ക്, വീട്ടി മരങ്ങളാണെങ്കില്‍ അടങ്കല്‍ പഴയതും പുതിയതും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. മുട്ടില്‍ മരം കൊള്ള നടത്തിയവര്‍ക്ക് ഇത്തരം രേഖകള്‍ സമര്‍പ്പിച്ചാണോ വില്ലേജില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചതെന്നറിയാനും കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."