ക്ലാസ് ആരംഭിക്കുമ്പോഴേക്കും ലഭിക്കുന്നത് ഇന്റര്‍നെറ്റ് തീര്‍ന്നുവെന്ന സന്ദേശം മൊബൈല്‍ സേവനദാതാക്കളുടെ തട്ടിപ്പ്; വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം താറുമാറാകുന്നു
സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി രക്ഷിതാക്കള്‍
മുഹമ്മദ് ലദീദ്
തിരുവനന്തപുരം: ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യതക്കുറവും ഓണ്‍ലൈന്‍ പഠനത്തെ ബാധിക്കുന്നതിനിടെ കൊള്ളലാഭത്തിനായി കുട്ടികളെ പഴിഞ്ഞ് സേവനദാതാക്കള്‍.
ക്ലാസ് ആരംഭിക്കുമ്പോഴേക്കും ഇന്റര്‍നെറ്റ് ഡാറ്റ കഴിഞ്ഞെന്ന് പറഞ്ഞാണ് കമ്പ നികള്‍ കുട്ടികളെയും രക്ഷിതാക്കളെയും കൊള്ളയടിക്കുന്നത്. പ്രതിദിനം ഒന്നര ജി.ബി ഇന്റര്‍നെറ്റ് ലഭിക്കുന്ന പ്രതിമാസ പ്ലാനില്‍ ചേര്‍ന്നവര്‍ക്കുപോലും രണ്ടുമണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് കഴിയുമ്പോഴേക്കും ഡാറ്റ കഴിഞ്ഞതായി അറിയിപ്പ് ലഭിക്കുന്നു. പ്രതിമാസ പ്ലാനില്‍ പ്രതിദിന ഡാറ്റ കഴിഞ്ഞാലും വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് ലഭിക്കും. പക്ഷേ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇത് പര്യാപ്തമല്ല. ഈ സാഹചര്യം മുതലെടുത്താണ് സേവനദാതാക്കള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
രണ്ടുമണിക്കൂര്‍ ഗൂഗില്‍ ക്ലാസില്‍ പങ്കെടുത്താല്‍ സാധാരണ 300 എം.ബി ഡാറ്റ മാത്രമേ ചെലവാകൂ. പ്രതിദിനം ഒന്നര ജി.ബി ലഭിക്കുന്ന ഡാറ്റ പ്ലാനെടുത്ത ഒരാള്‍ക്ക് പത്തുമണിക്കൂര്‍ ഗൂഗില്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് കമ്പനികളുടെ വാഗ്ദാനവും.
ഓണ്‍ലൈന്‍ പഠനത്തിന് കുറഞ്ഞനിരക്കില്‍ വേഗതയേറിയ ഇന്റര്‍നെറ്റ് ലഭിക്കുമെന്ന് പറഞ്ഞ് കമ്പനികള്‍ തങ്ങളെ വഞ്ചിക്കുകയാണെന്നും പൂര്‍ണമായും ഉപയോഗിക്കാതെ തന്നെ ഡാറ്റ തീരുന്ന അവസ്ഥയാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
കൊവിഡ് കാലമായതിനാല്‍ കുട്ടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിക്കുന്നതിനിടെയാണ് ഡാറ്റ തീര്‍ന്നു, ഉടന്‍ റീചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍വിസ് പ്രൊവൈഡര്‍മാര്‍ അറിയിപ്പ് നല്‍കുന്നത്. നിശ്ചിത രൂപയ്ക്ക് ടോപ്അപ്പ് ചെയ്താല്‍ അധിക ഡാറ്റ ലഭിക്കുമെന്ന സന്ദേശം പിന്നാലെ വരും.
കുട്ടികളുടെ പഠനകാര്യമായതിനാല്‍ ഭൂരിഭാഗം രക്ഷിതാക്കളും ഉടന്‍ ഫോണ്‍ വഴിയോ മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചോ റീചാര്‍ജ് ചെയ്യും. എന്നാല്‍, പാവപ്പെട്ട കുട്ടികള്‍ വീണ്ടും റീചാര്‍ജ് ചെയ്യാന്‍ പണമില്ലാത്തതിനാല്‍ അന്നത്തെ പഠനം വേണ്ടെന്നു വയ്ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. സേവനദാതാക്കളുടെ ഇത്തരം നടപടികള്‍ക്കെതിരേ സര്‍ക്കാരിനെ സമീ പിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."