മരുമക്കള്‍ ഐ.എസ് ബന്ധം ഉപേക്ഷിച്ച് വന്നാല്‍ സ്വീകരിക്കാന്‍ തയാറെന്ന് എല്‍സി
ജംഷീര്‍ പള്ളിക്കുളം
പാലക്കാട്: ഐ.എസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട തന്റെ മക്കളുടെ ഭാര്യമാര്‍ തെറ്റുതിരുത്തി തിരിച്ചെത്താനുളള സാഹചര്യം ഉണ്ടായാല്‍ തങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബെസ്റ്റിന് വിന്‍സന്റ്, ബെക്സന്‍ വിന്‍സന്റ് എന്നിവരുടെ മാതാവ് എല്‍സി സുപ്രഭാതത്തോട് വ്യക്തമാക്കി.
ബെസ്റ്റിനും ബെക്സ നും ഇസ്ലാം മതം സ്വീകരിച്ചതിന് ഞങ്ങള്‍ക്ക് അന്നും ഇന്നും എതിര്‍പ്പില്ല. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ ഐ.എസില്‍ ചേര്‍ന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് അവര്‍ ചെയ്തതെന്നും എല്‍സി പറഞ്ഞു.ഇന്ത്യന്‍ സര്‍ക്കാര്‍ അവരെ ഏതു രീതിയിലാണ് കൈകാര്യം ചെയ്യുകയെന്ന് അറിയില്ല.
നിയമത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്. എന്നാല്‍ അവര്‍ക്കുവേണ്ടി നിയമപോരാട്ടങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അപകടത്തില്‍പെട്ട് ചികിത്സയിലായ തന്റെ ഭര്‍ത്താവിനെ പരിചരിക്കാന്‍ മറ്റാരും കൂടെയില്ല. നിമിഷയുടെ മാതാവ് അഫ്ഗാനിലുള്ള മകളുടെ മോചനത്തിനുവേണ്ടി ശ്രമിക്കുന്നുണ്ട്. അവരുടെ മോചനം സാധ്യമായാല്‍ നിയമ നടപടികള്‍ക്കു ശേഷം കൂടെ താമസിപ്പിക്കാന്‍ സന്തോഷത്തോടുകൂടി അവരെ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
അഫ്ഗാനില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."