തീപടർത്തി 'അഗ്നിപഥ്'
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
'അഗ്നിപഥി'ന്റെ പേരിൽ ഉത്തരേന്ത്യയിലെങ്ങും തീ പടർന്നത് പെട്ടെന്നായിരുന്നു. അക്രമത്തിലേക്കു തിരിഞ്ഞ യുവാക്കൾ തീവണ്ടികൾക്കു തീയിട്ടു. റെയിൽവേ സ്റ്റേഷനുകൾ തകർത്തു. ഗതാഗതം തടഞ്ഞു. ഹിന്ദിമേഖല മുഴുവൻ സമരക്കാരുടെ രോഷത്തിൽ കത്തിയെരിഞ്ഞു.കര, നാവിക, വ്യോമ സേനകളിൽ യുവാക്കൾക്ക് നാലു വർഷത്തേക്ക് ഹ്രസ്വകാല നിയമനം നൽകാനുള്ള 'അഗ്നിപഥ്' പദ്ധതിക്കെതിരേയാണ് പെട്ടെന്നു സമരം പൊട്ടിപ്പുറപ്പെട്ടത്. തുടക്കം ബിഹാറിലായിരുന്നു. യു.പി, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും സമരം പെട്ടെന്നുതന്നെ വ്യാപിച്ചു. സമരക്കാരെ നേരിടാൻ പൊലിസ് ബലപ്രയോഗം നടത്തി. പലേടത്തും ഭീകരാന്തരീക്ഷം ഇപ്പോഴും തുടരുകയാണ്.
മൂന്നു സേനാവിഭാഗങ്ങളിലേയ്ക്കും നിയമനമുണ്ടാവും. വനിതകളെയും നിയമിക്കും. ജവാൻ(കരസേന), എയർ വാര്യർ(വ്യോമസേന), സെയ്‌ലർ (നാവികസേന) എന്നിങ്ങനെ ഓഫിസർ റാങ്കിൽ താഴെയുള്ള തസ്തികകളിലേയ്ക്കുമാണ് നിയമനം. ശാരീരികക്ഷമത പരിശോധിക്കുന്ന റിക്രൂട്ട്‌മെന്റ് റാലികളിലൂടെയാണ് നിയമനം നടത്തുക. ആരോഗ്യവും ശാരീരികശേഷിയുമുള്ള ഒരു സേനയ്ക്കു രൂപംനൽകുക, സേനയുടെ യുവത്വം ഉറപ്പുവരുത്തുക എന്നിവയാണ് സൈനിക നിയമനത്തിലെ ചരിത്രപരമായ ഈ മാറ്റം ലക്ഷ്യമിടുന്നത്.
ദീർഘകാലമായി തുടർന്നുവരുന്ന റിക്രൂട്ട്‌മെന്റ് രീതി അപ്പാടേ അവസാനിപ്പിച്ചാണ് 'അഗ്നിപഥ്' പദ്ധതി നടപ്പാക്കുന്നത്. പക്ഷേ കേന്ദ്ര സർക്കാരിനെ അമ്പരപ്പിച്ചുകൊണ്ട് ഉത്തരേന്ത്യയിലെങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രണ്ടുതവണ സേനാമേധാവികളുടെ യോഗം വിളിച്ചുചേർത്തു. വിശദ പഠനം നടത്തിയശേഷം ഇന്ത്യയുടെ സേനാവിഭാഗങ്ങൾതന്നെയാണ് ഇങ്ങനെയൊരു പദ്ധതിക്കു രൂപം നൽകിയത്. എന്തുവന്നാലും പദ്ധതി നടപ്പാക്കിയേ മതിയാവൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സേനാമേധാവികൾ. 'അഗ്നിപഥ്' പദ്ധതി പ്രകാരമുള്ള നിയമനടപടികൾക്ക് കേന്ദ്രം തുടക്കം കുറിക്കുകയും ചെയ്തു. കത്തിപ്പടരുന്ന സമരത്തെ അവഗണിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം.
വളരുന്ന പെൻഷൻ ഭാരമാണ് ഇന്ത്യൻ സേനകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ലോകരാജ്യങ്ങൾ അവയുടെ സൈന്യത്തെ നിരന്തരം നവീകരിച്ചു മുന്നേറുമ്പോൾ ഇന്ത്യൻ സേന പെൻഷൻ ഭാരത്താൽ വീർപ്പുമുട്ടുകയാണെന്നാണ് സൈന്യങ്ങളുടെ പരാതി. പരമ്പരാഗതമായ ബൂട്ടിട്ട കാലാൾപ്പടയല്ല, ഡ്രോണുകൾ, ബഹിരാകാശ സാങ്കേതികവിദ്യ, സൈബർ യുദ്ധക്രമം എന്നിങ്ങനെ പോർമുഖത്ത് പുതിയ രീതികൾ വന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡിഫൻസ് വിദഗ്ധരുടെയും സൈനിക വിദഗ്ധരുടെയുമെല്ലാം അഭിപ്രായം. അതുകൊണ്ട് കാലാൾപ്പടയുടെ എണ്ണം കുറയ്ക്കുക, അതുവഴി വർധിച്ചുവരുന്ന പെൻഷൻ തുക കുറച്ചു കൊണ്ടുവരിക, സൈന്യത്തിന്റെ യൗവനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നിയമനരീതി പരിഷ്‌കരിക്കുക എന്നതായിരുന്നു പരിഷ്‌കരണവാദികൾ ലക്ഷ്യമിട്ടത്. ആ വഴിയിലേയ്ക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
ഇപ്പോഴത്തെ കണക്കനുസരിച്ച് സേനാവിഭാഗങ്ങളിൽനിന്നു പെൻഷൻ പറ്റിയ ഏതാണ്ട് 32 ലക്ഷം പേരുണ്ട്. രാജ്യത്തൊട്ടാകെ ഇതിനുപുറമേ ഓരോ വർഷവും ഏകദേശം 55,000 പേർ സർവിസിൽനിന്ന് പെൻഷൻ പറ്റുകയും ചെയ്യുന്നു. പ്രതിരോധവകുപ്പിന്റെ ചെലവിന്റെ 26 ശതമാനവും പെൻഷനു നീക്കിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ നിലയ്ക്ക് ഏതെങ്കിലും സൈനിക വിഭാഗത്തിൽ ഉയരുന്ന ഒരാൾ പരമാവധി സേവനമനുഷ്ഠിക്കുന്നത് 15 വർഷമാണ്. സർവിസിൽനിന്നു പിരിഞ്ഞശേഷം പെൻഷൻ വാങ്ങുന്നത് 50 വർഷത്തിലേറെക്കാലം. ഇന്ത്യൻ പ്രതിരോധ സേനകളിൽ 12 ലക്ഷത്തിലേറെ പേരാണ് ഇപ്പോൾ ജോലി നോക്കുന്നത്. ഈ എണ്ണം പരാമവധി കുറയ്ക്കുക എന്നതു തന്നെയാണു ലക്ഷ്യം.
പക്ഷേ അതിരൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുന്ന ഇന്ത്യയിൽ യുവാക്കൾ ഇതിനെ എങ്ങനെ കാണുമെന്ന ചോദ്യം പദ്ധതി വിഭാവന ചെയ്ത വിദഗ്ധർ മുൻകൂട്ടി കണ്ടില്ലെന്നു വേണം മനസ്സിലാക്കാൻ. ബിഹാർ, തെലങ്കാന, ഉത്തർപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ പ്രദേശങ്ങളിൽത്തന്നെയാണ് സമരം ശക്തമായ രീതിയിൽ പൊട്ടിപ്പുറപ്പെട്ടത്. പതിവായി നടത്താറുള്ള ആർമി റിക്രൂട്ട്‌മെന്റ് റാലികൾ ഇവിടെ പതിനായിരക്കണക്കിനു യുവാക്കളുടെ സ്വപ്നം തന്നെ. ഇവർക്ക് കായികക്ഷമത ഉറപ്പുവരുത്താനും മറ്റുമായി പരിശീലനം നൽകുന്ന സ്വകാര്യ ഏജൻസികളും പ്രവർത്തിക്കുന്നു. ഈ പരിശീലന കേന്ദ്രങ്ങളിൽ നിന്നാണ് സമരം പൊട്ടിപ്പുറപ്പെട്ടതെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.
രാഷ്ട്രീയമായി ബി.ജെ.പി നേരിടുന്ന വലിയൊരു വെല്ലുവിളയാണ് ഈ പ്രക്ഷോഭം. കോൺഗ്രസും സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. സമരത്തിന്റെ സിരാകേന്ദ്രമായ ബിഹാറിൽ ഭരണപങ്കാളികളായ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിൽ സംഘർഷം ശക്തമാണ്. സമരത്തിൽ പങ്കെടുക്കുന്നവരെ സൈന്യത്തിൽ നിയമിക്കാൻ പരിഗണിക്കില്ലെന്ന് സൈനിക മേധാവികൾ മുന്നറിയിപ്പു നൽകിയിട്ടും സമരം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
പാർലമെന്റ് പാസാക്കിയ മൂന്നു കാർഷിക ബില്ലുകളുടെ പേരിൽ പഞ്ചാബും ഹരിയാനയും കേന്ദ്രമായി കത്തിപ്പടർന്ന കർഷകസമരം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് മൂന്നു ബില്ലുകളും നിരുപാധികം പിൻവലിക്കേണ്ടി വന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ശക്തമായിത്തന്നെ തുടർന്ന കർഷകസമരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് അതല്ലാതെ വേറേ വഴിയുണ്ടായിരുന്നില്ല. കർഷക സമരത്തിന് കർഷക നേതാക്കൾ തന്നെയാണു നേതൃത്വം നൽകിയത്. അവർ രാഷ്ട്രീയക്കാരെ ആരെയും കൂടെക്കൂട്ടിയില്ല.
രണ്ടാം യു.പി.എ ഭരണകാലത്ത് അഴിമതിക്കെതിരേ അണ്ണാ ഹസാരെ നേതൃത്വം കൊടുത്ത സമരത്തിലൂടെയാണ് ആം ആദ്മി പാർട്ടിയുടെ ജനനവും വളർച്ചയും. അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസിനും ഇന്ദിരാ ഗാന്ധിക്കുമെതിരേ നടന്ന സമരങ്ങൾക്ക് പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര തന്നെ നേതൃത്വം നൽകി. ജയപ്രകാശ് നാരായൺ അവിടെ വലിയൊരു നേതാവായി വളർന്നു. അഗ്നിപഥിനെതിരായ സമരത്തിനു നേതൃത്വം നൽകാൻ കോൺഗ്രസ് മുന്നോട്ടുവന്നിട്ടുണ്ട്. പക്ഷേ അതെത്ര കണ്ട് ഫലപ്രദമാവും എന്ന ചോദ്യം ഉയരുന്നു. പദ്ധതിയുടെ കാര്യത്തിൽ സൈനിക മേധാവികൾ നിലപാടു കടുപ്പിച്ചു കഴിഞ്ഞു. യുവാക്കൾ നടത്തുന്ന സമരത്തിന് ഒരു ഐക്യ നേതൃനിരയില്ല. നേതാവുമില്ല. എന്തായിരിക്കും സമരത്തിന്റെ ഭാവി?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."