പൗരത്വഭേദഗതി ലീഗിന്റെ ഹരജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍
കേസ് ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലെ അമുസ്‌ലിം അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള നീക്കത്തിനെതിരേ സുപ്രിംകോടതി മുന്‍പാകെയുള്ള കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍, വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിംലീഗിന്റെ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടു.
മുന്‍പ് അഞ്ചുതവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും കഴിഞ്ഞമാസം പുറപ്പെടുവിച്ച വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമ(സി.എ.എ)വുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. മുസ്‌ലിംലീഗിന്റെ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമല്ല വിജ്ഞാപനം. നിയമപരമായി ഇന്ത്യയില്‍ എത്തിയവര്‍ക്കും ഇന്ത്യന്‍ വിസയുള്ളവര്‍ക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. പൗരത്വത്തിനുള്ള അപേക്ഷകളില്‍ തീരുമാനം എടുക്കാനുള്ള അധികാരം കലക്ടര്‍മാര്‍ക്ക് നല്‍കുന്നതാണ് മെയ് 29ലെ വിജ്ഞാപനത്തിന്റെ ലക്ഷ്യം. ഇത് അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വേഗത്തിലാക്കാന്‍ കഴിയും. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഈ വിജ്ഞാപനപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷകളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഹിന്ദു, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ഗുജറാത്ത്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ 13 ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയാണ് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. 1995ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ തയാറാക്കിയ ചട്ടങ്ങള്‍ പ്രകാരമായിരുന്നു നടപടി.
എന്നാല്‍ ഈ നിയമപ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ലീഗ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."