HOME
DETAILS

ഭരണകൂട ഭീകരതയെ പേടിക്കണോ?

  
backup
June 23 2022 | 04:06 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4%e0%b4%af%e0%b5%86-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8b

എ.പി കുഞ്ഞാമു


അടുത്തകാലത്ത് ഇന്ത്യയില്‍ ഏറ്റവും ശക്തമായ ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത് വ്യവസ്ഥാപിത രാഷ്ടീയപ്പാര്‍ട്ടികളില്‍ നിന്നോ അവയുടെ തണലില്‍ വളരുന്ന തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്നോ അല്ല. മറിച്ച് അസംഘടിത സമൂഹങ്ങളില്‍ നിന്നാണ്. നോക്കൂ, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ തന്നെ കര്‍ഷകര്‍ക്ക് സമരത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തിക്കാന്‍ കഴിഞ്ഞു. അതേസമയം ട്രേഡ് യൂനിയനുകള്‍ ശക്തമായിട്ടു പോലും സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, താരതമ്യേന അസംഘടിതരായിട്ടുള്ള യുവാക്കളും സ്ത്രീകളും മുഖ്യധാരാ പ്രക്ഷോഭങ്ങളുടെ കേന്ദ്ര സ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതാണ് കാണുന്നത്. ജാമിഅ നഗരം ഷാഹീന്‍ബാഗും അതിന്റെ ഉദാഹരണമാണ്.
കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി കൈക്കൊണ്ടുപോരുന്ന പല രാഷ്ട്രീയ നയങ്ങള്‍ക്കുമെതിരായി സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചു നടന്ന വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ ലോകത്ത് ഇത്തരത്തില്‍ സംഭവിച്ച പോരാട്ടങ്ങളുടെ പൂര്‍വമാതൃകകളെ അനുസ്മരിപ്പിക്കുന്നുണ്ട്. ഈ പോരാട്ടങ്ങളെ സര്‍ക്കാര്‍ നേരിടുന്നത് സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ചാണു താനും. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പിന്‍ബലവും ഭരണകൂടം പോരാട്ടങ്ങള്‍ അടിച്ചമര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, അലിഗഡ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ തുടങ്ങിയ സര്‍വകലാശാലകളില്‍ നടന്ന പൊലിസ് അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നത് തീവ്ര ഹൈന്ദവതയുടെ ആക്രമണലക്ഷ്യങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളത് അതിന്റെ പ്രതിലോമ ആശയങ്ങള്‍ക്കെതിരായി പൊരുതുന്ന യുവതലമുറയാണെന്നാണ്. ഈ വിദ്യാര്‍ഥികള്‍ ഭരണകൂടഭീകരതയ്‌ക്കെതിരില്‍, ഭരണഘടന അനുശാസിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഉറച്ചുനില്‍ക്കുന്നു. ഈ ഉറച്ച പോരാട്ടം കൂടി അടയാളപ്പെടുത്തുന്നതാണ് സമകാലീന ഇന്ത്യയുടെ മുഖം.


ഈ വകുപ്പില്‍ പെടുത്താവുന്ന ഏറ്റവും ശ്രദ്ധേയമായ എന്‍കൗണ്ടറുകളിലൊന്നാണ് രണ്ടരവര്‍ഷം മുമ്പ് ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ നടന്നത്. 2019 ഡിസംബര്‍ 15നായിരുന്നു ജാമിഅയില്‍ വിദ്യാര്‍ഥികള്‍ക്കെതിരില്‍ പൊലിസിന്റെ ഏറ്റവും കിരാതമായ നരനായാട്ട്. ഒപ്പം ചില ഹിന്ദുത്വവാദികളും ചേര്‍ന്നു. കോളജ് ലൈബ്രറി, കാന്റീന്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലിസ് അഴിഞ്ഞാടി. വിദ്യാര്‍ഥികളെ തലങ്ങും വിലങ്ങും മര്‍ദിച്ചു, അവര്‍ പരുക്കേറ്റ് ആശുപത്രിയിലായി. ഈ അനുഭവത്തെപ്പറ്റി വിവരിക്കുമ്പോള്‍ ഗവേഷകവിദ്യാര്‍ഥിയായ നിഹാല്‍ അഹമ്മദ് പറയുന്നത് 'തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൊന്നാണ് അത്' എന്നാണ്. നതിങ് വില്‍ ബി ഫോര്‍ഗോട്ടന്‍ (Nothing will be forgotten) എന്ന് പേരിട്ട അനുഭവക്കുറിപ്പുകളില്‍ ഒരിക്കലും മറക്കാനാവാത്ത ഈ ഇരുണ്ട ചിത്രങ്ങളാണ് ഗ്രന്ഥകാരന്‍ സമര്‍പ്പിക്കുന്നത്. ലെഫ്റ്റ് വേര്‍ഡാണ് 138 പേജ് വരുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രകാശ് കാരാട്ട് തുടങ്ങിവെച്ച പ്രസാധകസംരംഭമായ ലെഫ്റ്റ് വേര്‍ഡിനെ സംബന്ധിച്ചേടത്തോളം ഭരണകൂടവും മാധ്യമങ്ങളും പൊതുസമൂഹവുമൊക്കെച്ചേര്‍ന്നു ചെയ്ത ഒരു പ്രതിലോമ ദൗത്യത്തെ തുറന്നുകാട്ടുക എന്നത് ഒരു ലക്ഷ്യപൂര്‍ത്തീകരണം കൂടി ആയിരിക്കാം.
ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ ഉല്‍പന്നമായ ജാമിഅ മില്ലിയ്യ വെറുമൊരു സര്‍വകലാശാലയല്ല. അതിന് ജെ.എന്‍.യുവിനെപ്പോലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമോ ധൈഷണികാന്വേഷണങ്ങളുടെ പശ്ചാത്തലമോ ഇല്ല. അലിഗഡിനേപ്പോലെയോ ജെ.എന്‍.യുവിനെപ്പോലെയോ പല കേന്ദ്ര സര്‍വകലാശാലകളെയും പോലെയോ റസിഡന്‍ഷ്യല്‍ സ്വഭാവമില്ലാത്തതിനാല്‍ അത്രയേറെ സജീവമായ കാംപസ് ജീവിതവുമില്ല. വിദ്യാര്‍ഥികള്‍ പഠിക്കുന്നു, തിരിച്ചു വീട്ടില്‍ പോവുന്നു. ഇതാണ് ജാമിഅയുടെ രീതി. എങ്കിലും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പൗരത്വ നിയമം ജാമിഅയുടെ മുസ്്‌ലിം പശ്ചാത്തലത്തില്‍ ഒരു പൊള്ളുന്ന പ്രശ്‌നമായിത്തീര്‍ന്നുവെന്നത് സത്യം. നിയമത്തിനെതിരായി സ്വാഭാവികമായും ഉയര്‍ന്നുവന്ന ഡിസംബര്‍ 13ലെ വിദ്യാര്‍ഥിപ്രക്ഷോഭത്തെ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും മറ്റു അതിക്രമങ്ങളും വഴി അധികൃതര്‍ നേരിട്ടതിന്റെ അനുഭവസാക്ഷ്യങ്ങളാണ് നിഹാല്‍ അഹമ്മദിന്റേത്. ഈ അനുഭവക്കുറിപ്പുകളുടെ സവിശേഷത അവ ഒരിക്കലും അതിവൈകാരികമല്ല എന്നതാണ്. നേരിട്ടു കണ്ട കാര്യങ്ങളെ കണ്ടതെങ്ങനെയോ അങ്ങനെ തന്നെ വിവരിക്കുന്നു. കേവലമായ വിവരണങ്ങള്‍ക്കപ്പുറത്തേക്ക് കടന്ന് ഭരണകൂട അടിച്ചമര്‍ത്തലുകള്‍ മതേതര ഇന്ത്യയുടെ നിലനില്‍പിനു വേണ്ടിയുള്ള യുവജനങ്ങളുടെ ആക്ടിവിസത്തിന്റെ ആവിഷ്‌കാരമായിത്തീരുന്നതിന്റെ രാഷ്ട്രീയം അദ്ദേഹം അപഗ്രഥിക്കുകയും ചെയ്യുന്നു.


ഇന്ത്യയില്‍ കാംപസുകള്‍ തിളച്ചുമറിയാന്‍ തുടങ്ങിയത് 20ാം നൂറ്റാണ്ടിന്റെ എഴുപതുകള്‍ക്കു ശേഷം 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിനു കുറച്ചു മുമ്പാണ്. 2016ല്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യേണ്ടിവന്നത് രാജ്യത്തുടനീളം കോളിളക്കം സൃഷ്ടിച്ചു. ഗ്രന്ഥകാരന്‍ അതിനെ വിശേഷിപ്പിക്കുന്നത് സ്ഥാപനവല്‍കൃത കൊല എന്നാണ്. ഒരുമാസം കഴിഞ്ഞ് ജെ.എന്‍.യു വിദ്യാര്‍ഥി കനയ്യ കുമാറിനും മറ്റുമെതിരില്‍ അധികൃതര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. പിന്നീട് സ്റ്റുഡന്റ്‌സ് യൂനിയന്‍ ഹാളിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിന്റെ പേരില്‍ അലിഗഡിനെതിരില്‍ ശബ്ദമുയര്‍ന്നു. സര്‍വകലാശാലകളെ ദേശവിരുദ്ധ കേന്ദ്രങ്ങളായി ചിത്രീകരിച്ചു രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമങ്ങളാണ് ആസൂത്രിതമായി നടപ്പിലാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ജാമിഅയില്‍ അതിനനുയോജ്യമായ അന്തരീക്ഷമായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ജാമിഅയെ തിരഞ്ഞെടുത്തു എന്നതിന്റെ ഉത്തരം അതിന്റെ ചരിത്രവും പശ്ചാത്തലവും ഉള്‍ക്കൊള്ളുന്ന മുസ്്‌ലിം സ്വഭാവവും ആ സ്വഭാവത്തിന് ദേശീയതയോടുള്ള പാരസ്പര്യവും എന്നാണ്. മുസ്്‌ലിം ദേശീയ-സാംസ്‌കാരിക പശ്ചാത്തലങ്ങളുടെ മേല്‍ ചാര്‍ത്തപ്പെടുന്ന രാജ്യദ്രോഹത്തിന്റെ നിറം മുസ്്‌ലിം സ്വഭാവമുള്ള സര്‍വകലാശാലയുടെ മേലും വാരിപ്പൂശുക എന്ന അജണ്ട അതിനുണ്ടെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും.


ജാമിഅയിലെ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് ഷാഹീന്‍ബാഗിലെ പ്രക്ഷോഭങ്ങളിലേക്ക് കൈനീട്ടിയത് എന്ന് പുസ്തകത്തിലെ ഷാഹീന്‍ബാഗ് എന്ന അധ്യായത്തില്‍ നിഹാല്‍ അഹമ്മദ് വിവരിക്കുന്നു. ഡിസംബര്‍ 14നാണ് ഷാഹീന്‍ബാഗില്‍ സമരമാരംഭിച്ചത്. പ്രസ്തുത സമരം ലോകത്തുടനീളം നടന്ന വനിതകളുടെ സമരചരിത്രത്തിലെ ഒരു സുപ്രധാന ദിവസമാണെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. ഷാഹീന്‍ബാഗ് സമരത്തിന് ജാതിയോ മതമോ ഇല്ലായിരുന്നു. സ്ത്രീകളുടേതല്ലാത്ത ഒരു വിഷയത്തിന്റെ പേരില്‍ സ്ത്രീകള്‍ നയിക്കുകയും സ്ത്രീകള്‍ കൈകാര്യകര്‍തൃത്വം വഹിക്കുകയും ചെയ്ത പ്രക്ഷോഭമായിരുന്നു. സാമാന്യമായി അത് വിയോജിപ്പിന്റെ പ്ലാറ്റ്‌ഫോം ആയി. പ്രതിഷേധത്തിനും ദുഃഖാചരണത്തിനും ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിനുമുള്ള പ്ലാറ്റ്‌ഫോം. പലായനം ചെയ്യേണ്ടിവന്ന കശ്മിരി പണ്ഡിറ്റുമാരോടും പുല്‍വാമയിലെ രക്തസാക്ഷികളോടും മരണമടഞ്ഞ കര്‍ഷകരോടും ആത്മഹത്യ ചെയ്ത രോഹിത് വെമുലയോടും ഷാഹീന്‍ബാഗ് ഐക്യദാര്‍ഢ്യം പുലര്‍ത്തി. ജാമിഅയുടെ നേരെയുള്ള ആക്രമണമാണ് ഷാഹീന്‍ബാഗ് സാധ്യമാക്കിയത്. സ്ത്രീകള്‍ സി.എ.എക്കെതിരിലാരംഭിച്ച പ്രക്ഷോഭം 2020 മാര്‍ച്ച് 24നു കൊവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവെക്കേണ്ടി വരുന്നതുവരെ തുടരുകയുണ്ടായി. മുസ്്‌ലിം സ്ത്രീയുടെ ഗൂംഗട്ട് (മുഖാവരണം) സ്ത്രീത്വത്തിന്റെ സമരവീര്യം പ്രതിഫലിക്കുന്ന മുഖാവരണമായിത്തീരുന്നതിന്റെ രാഷ്ട്രീയം നിഹാല്‍ അഹമ്മദ് വിശകലനം ചെയ്യുന്നു. ഇന്ത്യയിലെ മുസ്്‌ലിം സ്ത്രീകള്‍ ഇതര സമുദായക്കാരില്‍ നിന്ന് വ്യത്യസ്തമായി അടിച്ചമര്‍ത്തപ്പെട്ടവരാണോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അദ്ദേഹം തേടുന്നത്. അങ്ങനെയല്ലെന്ന് ഷാഹീന്‍ബാഗ് തെളിയിച്ചു എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. അസ്‌റാറുല്‍ ഹഖ് മജാസിന്റെ 'നിങ്ങളുടെ മുഖാവരണം ഒരു പതാകയായിരുന്നുവെങ്കില്‍ അതെത്ര നന്നായേനെ (തു ഇസ് ആഞ്ചല്‍ സെ ഏക് പര്‍ചാം ബനാ ലേഗി, തോ അച്ഛാ ഥാ) എന്ന വരി നിഹാല്‍ ഉദ്ധരിക്കുന്നു. ഭരണഘടന നിലനിര്‍ത്താന്‍ ഇന്ത്യന്‍ വനിതകള്‍ നടത്തിയ പോരാട്ടം എന്ന നിലയില്‍ ഷാഹീന്‍ബാഗിനെ കാണുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിശകലനത്തെ ശ്രദ്ധേയമാക്കുന്നത്.
സ്പര്‍ധയെയും ഹിംസയെയും സ്‌നേഹവും സമാധാനവും കൊണ്ട് മറികടക്കുന്നതെങ്ങനെ എന്ന് അടയാളപ്പെടുത്തുന്ന 'കലയിലൂടെ പ്രതിരോധം' എന്ന അധ്യായം ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധാര്‍ഹമായ ഭാഗമാണ്. കവിതയും പെയിന്റിങ്ങും നൃത്തവുമൊക്കെ സ്‌നേഹത്തിന്റെ ആവിഷ്‌കാരത്തിനുള്ള ഉപാധികളാണ്. കലാപരമായ ഈ ആവിഷ്‌കാരങ്ങള്‍ പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ച വിദ്യാര്‍ഥികളില്‍ പ്രത്യാശയും ആത്മവിശ്വാസവും നിറച്ചു. അവരുടെ അരക്ഷിതബോധത്തെയും മതേതരത്വത്തിന്റെ തകര്‍ച്ചയോര്‍ത്തുള്ള വ്യഥകളെയും മായ്ച്ചുകളയുന്ന സര്‍ഗാത്മകതയുടെ പ്രകാശനോപാധിയായിരുന്നു സമരരംഗത്ത് കല. നാം അതിജീവിക്കുമെന്ന സന്ദേശമാണ് കല പ്രസരിപ്പിച്ചത്. ഇന്ത്യയിലെ മുസ്്‌ലിം ന്യൂനപക്ഷം നെഞ്ചാല്‍ താങ്ങുന്ന ഭീതിയുടെയും നിരാശയുടെയും മേല്‍ അതൊരു ശമനലേപനമായി മാറുന്നു. എങ്കിലും ഈ ഭീതിയുടെ സ്പര്‍ശം മൊത്തത്തില്‍ പുസ്തകത്തിന്റെ ഓരോ താളിനു മേലുമുണ്ട്. ഓരോ വാക്കിനും അക്ഷരത്തിനും മേലുണ്ട്. മറക്കുകയില്ലൊന്നും എന്ന പേരു മുതല്‍ ഞാനെന്തിന് ഇത്രയേറെ പേടിക്കണം എന്ന അവസാനവരി വരെ വിലാപസ്വരങ്ങളുടെ ഇടര്‍ച്ചയുണ്ട്.


ഈ പുസ്തകത്തെപ്പറ്റി പറയുമ്പോള്‍ നിയാസ് ഫാറൂഖിയുടെ An Ordinary Man's Guide to Radicalism എന്ന കൃതിയെക്കുറിച്ചും പറയേണ്ടതുണ്ട്. മുസ്്‌ലിം എന്ന നിലയില്‍ ഇന്ത്യയില്‍ ജീവിക്കുന്നതിന്റെ ആത്മസംഘര്‍ഷങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണത്. ബീഹാര്‍ സ്വദേശിയായ നിയാസ് ഫാറൂഖി ഒരുപാട് സ്വപ്‌നങ്ങളുമായി ജാമിഅയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിയായിരുന്നു. സ്വയം ചന്തി കഴുകാന്‍ കഷ്ടിച്ചു ശീലിച്ച പ്രായത്തില്‍ ഡല്‍ഹിയിലെത്തിയയാള്‍ എന്നാണ് നിയാസ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ 2008 സെപ്തംബര്‍ 8നുണ്ടായ ബട്‌ലാ ഹൗസ് വെടിവയ്പിന്റെയും ഏറ്റുമുട്ടലിന്റെയും പശ്ചാത്തലത്തില്‍ നിയാസ് ഫാറൂഖി സ്വയം ഒരു ആത്മവിചാരണയ്ക്ക് വിധേയമാകുന്നു. 2019ലെ പൊലിസ് അതിക്രമങ്ങളെ പോലെ 2008ലേതും ഭരണകൂടം അടിച്ചേല്‍പിച്ച ഒന്നായിരുന്നു. വെടിവയ്പില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍ 17 വയസ് മാത്രമുള്ള കൗമാരക്കാരന്‍. ജാമിഅയില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു അവന്‍. മറ്റേയാള്‍ ജാമിഅ വിദ്യാര്‍ഥി. ഐ.എ.എസുകാരനോ പൈലറ്റോ ഒക്കെ ആകാനായിരുന്നു അവന്റെ ആഗ്രഹം. ഈ ചെറുപ്പക്കാരുടെ മേല്‍ വെച്ചുകെട്ടിയ തീവ്രവാദിപ്പട്ടങ്ങള്‍, നിഹാല്‍ അഹമ്മദിനെപ്പോലെ തന്നെ താന്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമല്ലേ എന്ന് ചിന്തിക്കാന്‍ ഗ്രന്ഥകര്‍ത്താവിനെ പ്രേരിപ്പിക്കുന്നു. ഉല്‍ക്കര്‍ഷേഛുവായ ഒരു സാധാരണ മുസ്്‌ലിമിനെപോലും റാഡിക്കല്‍ ആക്കിമാറ്റുന്ന ഇന്ത്യന്‍ സാമൂഹ്യ സാഹചര്യങ്ങളുടെ നേര്‍ചിത്രമാണ് നിയാസ് ഫാറൂഖിയുടെ 2018ല്‍ പ്രസിദ്ധപ്പെടുത്തിയ ഈ കൃതി. കലയായിരുന്നു നിഹാല്‍ അഹമ്മദിന്റെ കൃതിയില്‍ അതിജീവനോപാധിയെങ്കില്‍ ഭീകരവാദികളായി മുദ്രകുത്തപ്പെട്ട തന്റെ വിദ്യാര്‍ഥികള്‍ക്ക് അന്നത്തെ ജാമിഅ വൈസ് ചാന്‍സലര്‍ മുസ്ഹിറുല്‍ ഹസന്‍ നല്‍കിയ പിന്തുണയായിരുന്നു ഒരേയൊരു കൈത്താങ്ങ് എന്ന് നിയാസ് പറയുന്നു. സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചതിന്റെ പേരില്‍ തങ്ങള്‍ ഒരുകാലത്ത് തന്തയില്ലാത്തവനെന്ന് വിളിച്ചാക്ഷേപിച്ച വൈസ് ചാന്‍സലര്‍. മതമനുസരിച്ച് ജീവിക്കാത്തവന്‍, മദ്യപാനി. പക്ഷേ സ്വന്തം വിദ്യാര്‍ഥികളുടെ ദേശക്കൂറു ചോദ്യംചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ വൈസ് ചാന്‍സലര്‍ അവര്‍ക്കൊപ്പം തെരുവിലിറങ്ങി. തന്റെ വിദ്യാര്‍ഥികളോട് ഒരു സന്ദേഹവുമില്ലാതെ അദ്ദേഹം പറഞ്ഞതിങ്ങനെ: മറ്റേതൊരാളെയും പോലെ രാജ്യസ്‌നേഹികളാണ് നിങ്ങള്‍. ഒരാള്‍ക്കും നിങ്ങളുടെ രാജ്യസ്‌നേഹം ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. ഒരാള്‍ക്കും.


ഈ വാക്കുകള്‍ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് അന്ന് ആത്മവിശ്വാസം നല്‍കിയിരിക്കുമോ? ഒരു പതിറ്റാണ്ടിനു ശേഷം കലയും സാഹിത്യവും ഈ ആത്മവിശ്വാസം നിലനിര്‍ത്താന്‍ അവരെ പ്രാപ്തരാക്കിയിട്ടുണ്ടോ? രണ്ടു പുസ്തകങ്ങളും പരിശോധിക്കുന്നത് ഈ പ്രതിസന്ധിയെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago