'ലൈസന്‍സെടുത്തതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുസരണക്കേടായി': പുറത്താക്കല്‍ നടപടി വത്തിക്കാന്‍ ശരിവെച്ചെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് ലൂസി കളപ്പുര
വയനാട്: എഫ്.സി.സി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളിയതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് വ്യാജമെന്ന് സിസ്റ്റര്‍ ലൂസി. ബലാത്സംഗക്കേസ് ആരോപിക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്.സി.സി സന്യാസി സഭയും ലൂസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരഭിച്ചത്.
കര്‍ത്തവ്യത്തോട് കൂറുകാട്ടിയതിന്റെ പ്രതിഫലമാണ് പുറത്താക്കല്‍ നടപടി. സഭ അധികാരിയുടെ അനുമതിയില്ലാതെ ഡ്രൈവിങ് ലൈസന്‍സെടുത്തു,കാര്‍ വാങ്ങി, പുസ്തകം പ്രസിദ്ധീകരിച്ചു എന്നിവയാണ് ലൂസി കളപ്പുര ചട്ടം ലംഘിച്ചെന്ന് സഭ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍. വിശ്വാസങ്ങള്‍ക്കതീതമായാണ് സിസ്റ്ററുടെ പ്രവൃത്തിയെന്നാണ് സഭയുടെ വിശദീകരണം.
അധ്യാപകവൃത്തിയിലേര്‍പ്പെട്ട ശേഷം 2021 മാര്‍ച്ചില്‍ വിരമിച്ച ലൂസി തന്റെ ആത്മകഥ പ്രസിദ്ധീകരണത്തിലൂടെ കന്യാസ്ത്രീ സമൂഹത്തിലെ ചരിത്രത്തെ തന്നെ പൊളിച്ചെഴുതിയതും സഭയ്ക്ക് അനുസരണക്കേടായി. പുരോഹിതന്മാര്‍, കന്യാസ്ത്രീകളും പുരോഹിതന്മാരും തമ്മിലുള്ള ബന്ധം, സഭയ്ക്കുള്ളിലെ സ്വവര്‍ഗരതി, പുരോഹിതന്മാര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതെല്ലാം ആത്മകഥയിലെ അധ്യായങ്ങളായി. പുറത്താക്കാനുള്ള മറ്റൊരു കാരണവും.
കേരളത്തിലെ കോണ്‍വെന്റുകളില്‍ നാലു പതിറ്റാണ്ടോളം താമസിച്ച അവര്‍ പതിനേഴാമത്തെ വയസ്സില്‍ കന്യാസ്ത്രീയാകാന്‍ റോമന്‍ കത്തോലിക്കാ പള്ളിയില്‍ എത്തിയതിന് ശേഷം തുടര്‍ന്നിങ്ങോട്ട് സഭയ്ക്ക് വേണ്ടി ജീവിച്ചുവെന്ന് ലൂസി തന്നെ പറയുന്നു.
'വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ എന്റെ കുടുംബത്തെ ഉപേക്ഷിച്ച് സഭയ്ക്കായി എന്നെത്തന്നെ സമര്‍പ്പിച്ചു. എനിക്ക് പോകാന്‍ മറ്റൊരിടമില്ല,''ഞാന്‍ പഠിപ്പിച്ച സ്‌കൂളില്‍ നിന്നുള്ള ശമ്പളം ഉള്‍പ്പെടെ എന്റെ സമ്പാദ്യമെല്ലാം ഞാന്‍ സഭയ്ക്ക് നല്‍കിയിരുന്നു.' ലൂസി കൂട്ടിച്ചേര്‍ത്തു.
2014 മുതല്‍ 2016 വരെ പഞ്ചാബിലെ അന്നത്തെ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച ഒരു കന്യാസ്ത്രീയുടെ കൂടെയാണ് ലൂസി നിലകൊണ്ടത്. കേരളത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചുരുക്കം കന്യാസ്ത്രീകളില്‍ ലൂസി കളപ്പുരയ്ക്കലും പങ്കെടുത്തതോടെ സഭയുടെ കണ്ണിലെ കരടായി.
2018 സെപ്റ്റംബറിലാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ കോട്ടയം കോടതിയില്‍ വിചാരണ നടന്നിട്ടും 2020 ഡിസംബറില്‍ കേരളത്തിലെ സിറോ-മലബാര്‍ പള്ളിയിലെ തൃശൂര്‍ അതിരൂപത അദ്ദേഹത്തിന്റെ ഫോട്ടോ 2021 കലണ്ടറില്‍ ഉള്‍പ്പെടുത്തിയത് മറ്റൊരു വിചിത്ര നടപടി. ഫ്രാങ്കോ മുളക്കലിനെ പിന്തുണക്കുന്നതിന്റെ പ്രത്യക്ഷ ചിത്രം.
ബിഷപ്പിനെതിരെ നിലപാടെടുത്തതിനാണ് ലൂസിയെ പുറത്താക്കിയതെന്നത് വാസ്തവമാണ്. കോണ്‍വെന്റില്‍ നിന്ന് ലൂസിയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്നിരുന്നതായി അവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ മനന്തവാടിയിലെ സബ് കോടതിയില്‍ നിന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ആ നിര്‍ദേശം ഇപ്പോഴും സാധുവാണ്.
അതേ സമയം സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയെന്ന റിപ്പോര്‍ട്ടുകള്‍ ഒരു വര്‍ഷം മുന്‍പുള്ളതാണെന്ന് ലൂസി.
അപേക്ഷ തള്ളിയെന്ന് പറഞ്ഞുകൊണ്ട് വത്തീക്കാന്റെ ഓഫീസിലെ സുപ്രീം ട്രൈബ്യൂണലില്‍ നിന്നുള്ള കത്താണ് ഒരുവര്‍ഷം കഴിഞ്ഞ് ലഭിക്കുന്നത്. കത്തിലെ സ്റ്റാമ്പുകള്‍ എല്ലാം വലിച്ചു പറിച്ച് കളഞ്ഞിട്ട് വേറെ സ്റ്റാമ്പുകള്‍ ഒട്ടിച്ചിട്ടൊക്കെയാണ് വന്നിരിക്കുന്നത്. ഈ കത്തില്‍ ഒരു വരി മാത്രമാണ് ഇംഗ്ലീഷിലുള്ളത്. 'നിങ്ങളുടെ അപേക്ഷ നിരസിച്ചിരിക്കുകയാണ്'. ബാക്കിയുള്ളതെല്ലാം ലാറ്റിനിലായതുകൊണ്ട് കത്ത് വായിച്ച ശേഷം സുപ്പീരിയര്‍ ജനറല്‍ ഉടന്‍ തന്നെ പുറത്തു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ലൂസി പ്രതികരിച്ചു. ഇറങ്ങിയില്ലെങ്കില്‍ കോടതി വഴി നിയമനടപടികള്‍ സ്വീകരിക്കുമെന്നും താക്കീത്.
കഴിഞ്ഞ മാര്‍ച്ചിലാണ് വത്തിക്കാനെ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അഡ്വക്കേറ്റ് വഴി കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോയത്. പക്ഷേ അഡ്വക്കേറ്റ് ഇതുവരെ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും എനിക്ക് കൈമാറിയിട്ടില്ല.അതു പറയാതെ ഒരു വര്‍ഷം മുന്‍പത്തെ ലെറ്റര്‍ ഇപ്പോള്‍ പ്രൊഡ്യൂസ് ചെയ്ത്, സുപ്രീം ട്രൈബ്യൂണലിന്റെ വിധി പ്രകാരമാണ് പുറത്താക്കിയിരിക്കുന്നതെന്ന് എഫ്.സി.സി ഇപ്പോള്‍ ഒരു വ്യാജ പ്രചരണം അഴിച്ചു വിട്ടിരിക്കുകയാണെന്നും ലൂസി കൂട്ടിച്ചേര്‍ത്തു. എഫ്.സി.സിയാണ് ഈ വാര്‍ത്ത ചാനലുകാര്‍ക്കും കൊടുത്തതെന്നും ലൂസി കളപ്പുര വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."