മരംകൊള്ള നടന്നു സ്ഥിരീകരിച്ച് അഡിഷണല്‍ ചീഫ് സെക്രട്ടറി
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: വിവാദ ഉത്തരവിനെ തുടര്‍ന്ന് മരംകൊള്ള നടന്നതായി സ്ഥിരീകരിച്ച് അഡിഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക്. പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കണമെന്ന് നിര്‍ദേശിച്ച് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ കത്തിലാണ് പരാമര്‍ശം. ഇക്കഴിഞ്ഞ 14നാണ് അര്‍ധ ഔദ്യോഗിക കത്ത് ജയതിലക് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജുവിന് നല്‍കിയത്.
രാജകീയ വൃക്ഷങ്ങള്‍ മുറിച്ചതായി ശ്രദ്ധയില്‍പ്പെട്ടെന്നും നഷ്ടപ്പെട്ട മരങ്ങളുടെ കണക്ക് വിശദീകരിച്ച് ജില്ലാ കലക്ടര്‍മാര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. പട്ടയ ഭൂമിയിലെ വൃക്ഷങ്ങള്‍ സംബന്ധിച്ചും വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ചും കൃത്യമായ വിവരം ശേഖരിക്കണം. നിലവില്‍ വയനാട് ജില്ലാ കലക്ടര്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഒരാഴ്ചക്കകം മറ്റ് ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പറയുന്ന കത്തില്‍ വിവര ശേഖരണത്തിലേക്കായി വില്ലേജ് ഓഫിസുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ടെങ്കില്‍ ആയതിലേക്ക് താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും പറയുന്നു. സര്‍ക്കാരില്‍ നിക്ഷിപ്തമായ മരങ്ങള്‍ മുറിച്ചതായി വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞെന്നാണ് കത്തിലെ പരാമര്‍ശം.
കത്തിലെ സൂചന പ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ഇടപെടലിലുണ്ടായ വീഴ്ചയാണ് മരംമുറി വിവാദത്തിന് ഇടയാക്കിയതെന്ന് വ്യക്തമാണ്. അതിനിടയിലാണ് അവരുടെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ സര്‍ക്കാരിന്റെ ഉത്തരവ് വിശ്വസിച്ച് സ്വന്തം ഭൂമിയിലെ മരം വിറ്റ ആദിവാസികളും സാധാരണക്കാരായ കര്‍ഷകരുമടക്കം മോഷണ കേസുകളിലുള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."