ദുബൈക്രിക്കില്‍ ഇനി ഡ്രൈവറില്ലാ അബ്രകളും
ദുബൈക്രിക്കില്‍ ഇനി ഡ്രൈവറില്ലാ അബ്രകളും
ദുബൈ: ദുബൈ ക്രീക്കിലെ കൊതുമ്പു വള്ളങ്ങളായ അബ്രകള്‍ ലോക പ്രസിദ്ധമാണ്. രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി യാത്രക്കാരും വിനോദ സഞ്ചാരികളും ക്രീക്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഇതില്‍ യാത്ര ചെയ്യാറുണ്ട്. ഇപ്പോഴിതാ സാങ്കേതിക മികവിന്റെ സഹായത്താല്‍ ഡ്രൈവറില്ലാത്ത അബ്രകള്‍ പുറത്തിറക്കിയിരിക്കുന്നു. ദുബൈയിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ആദ്യ സെല്‍ഫ് ഡ്രൈവിംഗ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണ ഓപ്പറേഷന്‍ ആരംഭിച്ചു കഴിഞ്ഞു.
ആര്‍.ടി.എയുടെ അല്‍ ഗര്‍ഹൂദ് മറൈന്‍ മെയിന്റനന്‍സ് സെന്ററില്‍ പ്രാദേശികമായി നിര്‍മിക്കുന്ന അബ്രയില്‍ എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും.ഏഴ് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഇവ സ്വയം നിയന്ത്രണ സംവിധാനമുള്ളവയാണ്. നാല് ലിഥിയം ബാറ്ററികളും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. പരമാവധി ഏഴ് നോട്ടിക് വേഗതയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഇതിലുണ്ട്.ഫൈബര്‍ഗ്ലാസ് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സീറോ കാര്‍ബണ്‍ എമിഷന്‍, 30 ശതമാനം കുറഞ്ഞ പ്രവര്‍ത്തന ചിലവ്, അറ്റകുറ്റപ്പണി കുറവ്, ഡീസല്‍ ഇന്ധനത്തെ അപേക്ഷിച്ച് ശബ്ദം ഒഴിവാക്കിയുള്ള സഞ്ചാരം എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണെന്ന് ആര്‍.ടി.എയുടെ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ മതാര്‍ അല്‍ താഹിര്‍ പറഞ്ഞു.
ക്രീക്കിലെ അല്‍ ജദ്ദാഫ് സ്റ്റേഷനും ഫെസ്റ്റിവല്‍ സിറ്റി സ്റ്റേഷനും ഇടയിലാണ് ആദ്യ ട്രയല്‍ റണ്ണ് നടത്തിയത്. ഇത് ഏറെ വിജയകരമായിരുന്നു.2030 ഓടെ ദുബൈയിലെ മൊബിലിറ്റി യാത്രകളുടെ 25 ശതമാനവും സ്വയം ഡ്രൈവിംഗ് യാത്രകളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."