ചൈനയുടെ ബഹിരാകാശ നിലയത്തില്‍ ആദ്യ സഞ്ചാരികളെത്തി
ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ പൂവണിയിച്ച് പുതുതായി നിര്‍മിച്ച ബഹിരാകാശ നിലയത്തില്‍ മൂന്നു ബഹിരാകാശ യാത്രികരെത്തി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ബദലായി ചൈന ഈയിടെ നിര്‍മിച്ച ടിയാങ്കോങ് ബഹിരാകാശ നിലയത്തിന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിലാണ് ചൈനീസ് ബഹിരാകാശ സഞ്ചാരികളെത്തിയത്. ഭൂമിയില്‍ നിന്ന് 380 കി.മി ഉയരത്തില്‍ ചൈനയുടെ മനുഷ്യ ബഹിരാകാശ ദൗത്യം ഭൂമിയെ ഭ്രമണംചെയ്യാന്‍ തുടങ്ങി. നീ ഹായ്ഷെങ് (56), ലിയു ബോമിങ് (54), താങ് ഹോങ്ബോ (45) എന്നീ ഗഗന സഞ്ചാരികളാണ് ലോങ്മാര്‍ച്ച് 2 എഫ് റോക്കറ്റില്‍ ഷെന്സൊ-12 എന്ന പേടകത്തില്‍ പ്രാദേശിക സമയം രാവിലെ 9.22ന് ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ബഹിരാകാശത്തേക്ക് തിരിച്ചത്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലാണ് ഈ വിക്ഷേപണ കേന്ദ്രം. മുന്‍ പൈലറ്റായിരുന്ന നീ ഹായ്ഷെങ് ആണ് നിലയത്തിലെ മുതിര്‍ന്ന അംഗം. അദ്ദേഹമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുക. അഞ്ചു വര്‍ഷത്തോളം നിലയത്തില്‍ താമസിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ചൈന തയാറാക്കിയത്. താമസിക്കാന്‍ പ്രത്യേക മുറി ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളും നിലയത്തിലുണ്ട്. ഭൂമിയില്‍ നിന്ന് യാത്ര തുടങ്ങി ഏഴു മണിക്കൂറിനുള്ളില്‍ സഞ്ചാരികളെയും വഹിച്ചുള്ള പേടകം നിലയത്തിലെത്തി. നിലയത്തിലെ ടിയാന്‍ഹെ മൊഡ്യൂളിലാണ് താമസ സൗകര്യമുള്ളത്. ഇവിടെയാണ് ഇപ്പോള്‍ സഞ്ചാരികളുള്ളത്. ഇപ്പോള്‍ ചൈനീസ് യാത്രികരാണ് നിലയത്തിലുള്ളതെങ്കിലും ഭാവിയില്‍ വിദേശികളെയും എത്തിക്കാന്‍ പദ്ധതിയുണ്ട്. നേരത്തെ അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏഷ്യയില്‍ നിന്നുള്ളവരെ എത്തിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."