ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കും എതിരേ വിദ്വേഷ ആക്രമണം; അവധിക്ക് ശേഷം ഇടപെടുമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി
രാജ്യത്ത് ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കും എതിരേ വർധിച്ചുവരുന്ന വിദ്വേഷ ആക്രമണവുമായി ബന്ധപ്പെട്ട ഹരജി സുപ്രിംകോടതിയിൽ. വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിന് തെഹ്‌സീൻ പൂനാവാലയുടെ വിധി പ്രകാരമുള്ള മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
ഹരജി അവധിക്ക് ശേഷം കോടതി തുറക്കുന്ന ദിവസം തന്നെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പർദിവാല എന്നിവർ പരിഗണിക്കും. അപ്രതീക്ഷിതമായി നടക്കുന്നതല്ല ഇത്തരം ആക്രമണങ്ങളെന്നും അതാണ് വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ തന്നെ ഹരജി പരിഗണിക്കാൻ ലിസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു.
രാജ്യത്ത് പ്രതിമാസം 45 മുതൽ 50 വിദ്വേഷ ആക്രമണങ്ങൾ ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കും നേരെ നടക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കൊളിൻ ഗോൺസാൽവസ് പറഞ്ഞു.
ഈ വർഷം മെയ് മാസത്തിൽ തന്നെ ഇത്തരത്തിൽ 57 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ 11ന് കേസ് പരിഗണിക്കാൻ ലിസ്റ്റ് ചെയ്യണമെന്ന് രജിസ്ട്രിക്ക് സുപ്രിംകോടതി നിർദേശം നൽകി.
2018ൽ സുപ്രിംകോടതി ഇത്തരം വിദ്വേഷ ആക്രമണങ്ങൾ തടയുന്നതിന് കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
അതിവേഗ വിചാരണ, ഇരകൾക്ക് നഷ്ടപരിഹാരം, നടപടിയെടുക്കാത്ത നിയമപാലകർക്ക് എതിരേ അച്ചടക്ക നടപടി, കുറ്റക്കാർക്ക് കടുത്ത ശിക്ഷ തുടങ്ങിയവയാണ് കോടതി നിർദേശിച്ചത്. വിദ്വേഷ കുറ്റകൃത്യം, പശുവിന്റെ പേരിലുള്ള ആക്രമണം, ആൾക്കൂട്ട കൊല തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.
ഓരോ ജില്ലയിലും എസ്.പി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി വിദ്വേഷ കുറ്റകൃത്യം കൈകാര്യം ചെയ്യാൻ സംവിധാനം വേണമെന്നും ഈ ഓഫിസർമാർ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ദൗത്യസംഘം രൂപീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു. ആൾക്കൂട്ടക്കൊല, ആൾക്കൂട്ട ആക്രമണങ്ങൾ തുടങ്ങിയവ നിയന്ത്രിക്കാൻ ഇവർ മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."