കോഴ ; സുരേന്ദ്രനും ജാനുവിനുമെതിരേ കേസെടുത്തു
സുല്‍ത്താന്‍ ബത്തേരി: കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്.പി) സംസ്ഥാന അധ്യക്ഷ സി.കെ ജാനു എന്നിവര്‍ക്കെതിരേ സുല്‍ത്താന്‍ ബത്തേരി പൊലിസ് കേസെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാനുവിനെ എന്‍.ഡി.എയ്ക്കൊപ്പം നിര്‍ത്താന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമവിരുദ്ധമായി പാരിതോഷികം നല്‍കുകയും അത് സ്വീകരിക്കുകയും ചെയ്ത കുറ്റങ്ങള്‍ ചുമത്തി ഐ.പി.സി 171 ഇ, എഫ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് സുല്‍ത്താന്‍ ബത്തേരി പൊലിസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ പറഞ്ഞു.
ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണകളായി 50 ലക്ഷം രൂപ കോഴ നല്കി എന്ന ആരോപണത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നല്കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ജാനുവിന് സുരേന്ദ്രന് പണം നല്കി എന്നതിനു തെളിവായി ജെ.ആര്.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോട് സുരേന്ദ്രനുമായി സംസാരിക്കുന്ന ഫോണ്‍ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു.
ഈ ശബ്ദസന്ദേശങ്ങളും പണം കൈമാറിയെന്നു പറയപ്പെടുന്ന ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി അഭിഭാഷകനായ പി.ഇ സജല്‍ മുഖാന്തിരം നല്കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."