ഡല്‍ഹി പൊലിസിന് തിരിച്ചടി; വിദ്യാര്‍ത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച യു.എ.പി.എ കേസില്‍ ഡല്‍ഹി പൊലിസിന് തിരിച്ചടി. യു.എ.പി.എ കേസ് ചുമത്തി ജയിലിലടച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ജാമ്യം നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രിം കോടതി തയ്യാറായില്ല. അടിയന്തരമായി ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി.
അതേസമയം കേസില്‍ കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും സുപ്രിം കോടതി നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു. ഇതില്‍ നാലാഴ്ചക്കകം മറുപടി നല്‍കണം. ഡല്‍ഹി ഹൈക്കോടതി വിധിയെ മറ്റു കേസുകളില്‍ തല്‍ക്കാലം ഉപയോഗിക്കരുതെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ സോളിസിറ്റര്‍ ജനറല്‍ കടുത്ത എതിര്‍പ്പറിയിച്ചിരുന്നു . യു.എ.പി.എയെ കീഴമേല്‍ മറിടച്ച ഉത്തരവെന്ന് ഡല്‍ഹി പൊലിസ് സുപ്രിം കോടതിയില്‍ അറിയിച്ചത്. കേസ് നാലാഴ്ചക്ക് ശേഷം പരിഗണിക്കും.
ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് ഇന്നലെയാണ് തിഹാര്‍ ജയിലില്‍ നിന്ന് മോചിതരായത്. ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കി രണ്ടു ദിവസത്തിനു ശേഷമാണ് ഇവര്‍ ജയില്‍മോചിതരായത്. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂവര്‍ക്കും ജാമ്യം അനുവദിക്കുന്നതിനിടെ പ്രതിഷേധം തീവ്രവാദമല്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."