സിൽവർലൈൻ; വിദേശ വായ്പക്ക് കേന്ദ്രം ശുപാർശ നൽകി: മുഖ്യമന്ത്രി
തിരുവനന്തപുരം
സിൽവർലൈൻ പദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്‌തെന്ന് മുഖ്യമന്ത്രി. നിതി ആയോഗും കേന്ദ്ര റെയിൽവേ മന്ത്രാലയവും ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെൻഡിച്ചർ വകുപ്പുകളും ആണ് പദ്ധതിക്ക് വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന് ശുപാർശ നൽകിയത്. പദ്ധതിയുടെ ഡി.പി. ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സാധ്യതാ പഠന റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചം. റെയിൽ മന്ത്രാലയം പദ്ധതിയുടെ പ്രീ ഇൻവെസ്റ്റ് ആക്‌ടിവിറ്റീസ് ഉൾപ്പെടെ നടപടി തുടങ്ങാൻ തത്വത്തിൽ അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന്റെ കത്തിൽ നിക്ഷേപ പൂർവ പ്രവർത്തനങ്ങളുടെ കാര്യം പറയുന്നുണ്ട്. അതിന്റെ ഭാഗമായി സർവേ, ഭൂമി ഏറ്റെടുക്കൽ, ഭൂമി ഏറ്റെടുക്കുന്നതിനുളള ധനവിന്യാസം എന്നിവയാണ് തുടങ്ങിയത്. ഈ ജോലികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മറുപടിയിൽ പറയുന്നു. സാമൂഹികാഘാത പഠനം പൂർത്തിയായ ശേഷമേ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം ലഭിക്കൂ.
സിൽവർലൈൻ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടിയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 19,691 കല്ലുകൾ വാങ്ങി. 6,744 കല്ലുകൾ സ്ഥാപിച്ചെന്നും രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി. കേന്ദ്രാനുമതിയില്ലാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. അനുകൂല നിലപാട് കേന്ദ്രം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."